കോഴിക്കോട് മെഡിക്കല്‍ കോളിജ് ഐ.സി.യു.വിൽ രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയ്‌ക്കൊപ്പംനിന്ന സീനിയര്‍ നഴ്‌സിങ് ഓഫീസറെ സ്ഥലം മാറ്റിയ ഉത്തരവിന് സ്റ്റേ. രാഷ്ട്രീയ പിൻബലത്തിൽ നടത്തിയ പ്രതികാര നടപടിയിലാണ് കോടതി ഇടപെടൽ.
അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലാണ് സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി.ബി. അനിതയുടെ സ്ഥലംമാറ്റം തടഞ്ഞു. സ്ഥലമാറ്റം രണ്ടു മാസത്തേക്ക് നടപ്പാക്കരുതെന്നും അനിതയുടെ ഭാഗം കേള്‍ക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.
കോടതി ഉത്തരവുമായി വന്നിട്ടും ജോലിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറകാതിരുന്നത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. അനിത പ്രിന്‍സിപ്പാളിന്റെ ഓഫിസിന് മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇടുക്കി മെഡിക്കല്‍ കോളജിലേക്കാണ് അനിതയെ സ്ഥലം മാറ്റിയത്.
കഴിഞ്ഞ മാര്‍ച്ച് 18-ന് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കല്‍ കോളേജ് ഐ.സി.യു.വില്‍ പാതിമയക്കത്തില്‍ കിടക്കവെ യുവതിയെ ആശുപത്രി അറ്റന്‍ഡര്‍ എം.എം. ശശീന്ദ്രന്‍ പീഡിപ്പിച്ചത്. ആശുപത്രിജീവനക്കാര്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചകാര്യം അതിജീവിത അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ നഴ്സിങ് ഓഫീസര്‍ അനിതയോട് പറയുകയും അവര്‍ സൂപ്രണ്ടിനെ അറിയിക്കുകയും ചെയ്തിരുന്നു. അന്വേഷണകമ്മിറ്റിക്ക് മുമ്പാകെ അതിജീവിതയ്ക്ക് അനുകൂലമായി അനിത മൊഴിനല്‍കുകയും ചെയ്തു.
തുടര്‍ന്ന് ഇക്കാര്യത്തില്‍ ഭരണാനുകൂലസംഘടനാ നേതാവ് അനിതയെ ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായി. ഇതുസംബന്ധിച്ച് അനിത പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പ്രന്‍സിപ്പല്‍ നിയോഗിച്ച സമിതി അന്വേഷണം നടത്തിയിരുന്നെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടില്ല. യൂണിയൻ മസിൽ പവറിൽ നടന്ന സ്ഥലം മാറ്റത്തിലാണ് ഇപ്പോൾ കോടതിയുടെ സ്റ്റേ.