കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതതായുള്ള കേസിൽ അഞ്ച് വനിതാജീവനക്കാര്‍ക്ക് സ്ഥലമാറ്റം. ഇവരുടെ സസ്പെൻഷൻ പിൻവലിച്ച് സംരക്ഷിക്കാനുള്ള ശ്രമം വിവാദത്തിലായിരുന്നു.
നിലവില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഷൈമ, ഷലൂജ, പ്രസീത, ഷൈനി, ആസ്യ എന്നീ ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. മൂന്നുപേരെ തൃശ്ശൂരിലേക്കും രണ്ടുപേരെ കോട്ടയത്തേക്കുമാണ് സ്ഥലം മാറ്റിയത്. അച്ചടക്കനടപടി പ്രകാരമാണ് മാറ്റം. ഷൈമ, ഷലൂജ, പ്രസീത എന്നിവരെ തൃശ്ശൂരിലേക്കും ഷൈനി, ആസ്യ എന്നിവരെ കോട്ടയത്തേക്കുമാണ് മാറ്റിയത്.
അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ജീവനക്കാരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് സസ്‌പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുത്തു. ഇത് വിവാദമായി. വിമര്‍ശനം ശക്തമായതോടെ തിരിച്ചെടുക്കല്‍ നടപടി റദ്ദാക്കി. ആസ്യയുടെ ഒരു ഇന്‍ക്രിമെന്റ് ആറ് മാസത്തേക്ക് തടഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ മന്ത്രി തന്നെ ഇടപെട്ടാണ് നടപടി ഉറപ്പാക്കിയത്. സസ്പെൻഷൻ പിൻവലിച്ച നടപടിയിൽ വനിതാ കമ്മീഷൻ വരെ ഇടപെടേണ്ടി വന്നിരുന്നു. ഇവരെ കുറ്റവിമുക്തരാക്കി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ റിപ്പോർട്ട് തയാറാക്കിയിരുന്നു.