വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള വിജ്ഞാപനം നവംബര്‍ 30-ന് പുറത്തിറക്കാൻ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് വിജ്ഞാപനം ഡിസംബറിലും പുറത്തിറക്കും. നവംബര്‍ 13-ന് ചേര്‍ന്ന പി.എസ്.സി യോഗത്തിലാണ് തീരുമാനം.
പ്രിലിമിനറി പരീക്ഷ പ്രായോഗിത തലത്തിൽ പരാജയമെന്നാണ് കണ്ടെത്തൽ. അതിനാൽ നേരിട്ട് ഒറ്റപരീക്ഷ വഴി തന്നെ മുൻകാല മാതൃകയിലാവും പരീക്ഷ. ജില്ലാ തലങ്ങളിൽ വിവിധ ഘട്ടങ്ങളായി നടത്തും. ബിരുദതലപരീക്ഷകള്‍ക്ക് പ്രഥമിക പരീക്ഷ ഒഴിവാക്കേണ്ടതുണ്ടോ എന്ന് .എസ്.സി അന്തിമ തീരുമാനം എടുത്തിട്ടില്ല.
2020ലാണ് പ്രാഥമിക പരീക്ഷ ഏർപ്പെടുത്തി രണ്ടുഘട്ട പരീക്ഷാ സമ്പ്രദായത്തിലേക്ക് പി.എസ്.സി. കടന്നത്. അടിസ്ഥാന യോഗ്യതകള്‍ മൂന്നായി തിരിച്ച് ( പത്ത്, പന്ത്രണ്ട്,ബിരുദം) അതിനുള്ളില്‍ വരുന്ന തസ്തികകള്‍ക്ക് ആദ്യഘട്ട പൊതുയോഗ്യതാപരീക്ഷയും ഇതില്‍ യോഗ്യത നേടുന്നവര്‍ക്ക് തസ്തികയ്ക്ക് അനുസരിച്ച് മുഖ്യപരീക്ഷയും നടത്തി. അതിന്റെ മാര്‍ക്കും അഭിമുഖമുണ്ടെങ്കില്‍ ആ മാര്‍ക്കും ചേര്‍ത്ത് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നതാണ് നിലവിലുള്ള രീതി. എന്നാല്‍ എല്‍.ഡി.സി, എല്‍.ജി.എസ് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ എഴുതുന്ന പരീക്ഷയില്‍ ഇത് പ്രായോഗിക പ്രതിസന്ധി സൃഷ്ടിച്ചു.
പ്രാഥമികപരീക്ഷയുടെ ഘട്ടങ്ങളില്‍ ചിലതിൽ ലളിതമായ ചോദ്യങ്ങളും മറ്റുള്ളവയ്ക്ക് കഠിനമായ ചോദ്യങ്ങളും വന്നത് അസംതുലിതത്വം സൃഷ്ടിച്ചിരുന്നു. എളുപ്പമുള്ള ഘട്ടത്തില്‍ പരീക്ഷയെഴുതിയവര്‍ കൂട്ടത്തോടെ മുഖ്യപരീക്ഷയ്ക്ക് അര്‍ഹത നേടി. മറ്റ് ഘട്ടങ്ങളില്‍ വിജയശതമാനം കുറയുകയും ചെയ്തു. മാര്‍ക്ക് സമീകരണത്തിൽ ഈ പ്രശ്നം യുക്തിസഹമായി പരിഹരിക്കാന്‍ പി.എസ്.സിക്കായില്ല. ഇതോടെയാണ് പ്രാഥമിക പരീക്ഷ പരീക്ഷണ ഘട്ടത്തോടെ പിൻവലിക്കുന്നത്. എന്നാൽ പരീക്ഷയുടെ മാതൃകയോ നിലവാരമോ മാറ്റി മറിക്കാൻ കഴിഞ്ഞില്ല. ഇപ്പോഴും ഓർമ്മ ശക്തി പരീക്ഷണമായി തന്നെ തുടരുന്ന സാഹചര്യമാണ്.