പാർലമെന്‍റിൽ പ്രതിഷേധ ശബ്ദം ഉയർത്തിയ പ്രതിപക്ഷ എം പിമാർക്കെതിരെ കൂട്ട നടപടി തുടരുന്നു. പാർലമെന്‍റിലെ സുരക്ഷാ വീഴ്ചയ്ക്ക് എതിരായി പ്രതിഷേധിച്ച 78 പേരെ ഇന്ന് സസ്പെൻ്റ് ചെയ്തു. പാർലമെൻ്റിനെ ബിജെപി ഹെഡ് ഓഫീസായി കരുതിയാണ് സർക്കാർ നീക്കമെന്ന് എം പിമാർ പ്രതികരിച്ചു.
പാര്‍ലമെന്‍റ് ചരിത്രത്തിലാദ്യമായാണ് 78 എം പിമാര്‍ക്കാണ് ഒരു ദിവസം കൂട്ട സസ്പെന്‍ഷന്‍ നൽകിയിരിക്കുന്നത്. ഇന്ന് ആദ്യം ലോക് സഭയില്‍ 33 എംപിമാരെ ആദ്യം സസ്പെന്‍ഡ് ചെയ്യ്തു. പിന്നാലെ രാജ്യസഭയില്‍ 45 എം പിമാരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ ഈ സമ്മേളന കാലയളവിൽ സസ്പെൻഷനിലായ പ്രതിപക്ഷ എം പിമാരുടെ എണ്ണം 92 ആയി.
കോൺഗ്രസിന്‍റെ ലോക്സഭയിലെ കക്ഷി നേതാവായ അധീർ രഞ്ജൻ ചൗധരി, കെ സി വേണുഗോപാൽ, ജയറാം രമേശ്, ബിനോയ് വിശ്വം എന്നിവരടക്കമുള്ള 78 എം പിമാരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. പതിനൊന്ന് പേര്‍ക്ക് മൂന്ന് മാസവും മറ്റുള്ളവര്‍ക്ക് സഭ സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച വരെയുമാണ് സസ്പെന്‍ഷന്‍. മൂന്ന് മാസത്തേക്ക് സസ്പെന്‍ഷനിലായവര്‍ക്കെതിരായ തുടര്‍നടപടി എത്തിക്സ് കമ്മിറ്റി തീരുമാനിക്കും.
കേരളത്തിൽ നിന്നുള്ള നിരവധി എം പിമാർക്കും ഇന്ന് സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്. കെ മുരളീധരൻ, ആന്‍റോ ആന്‍റണി, എൻ കെ പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഇ ടി മുഹമ്മദ് ബഷീർ, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ മാണി, ജെബി മേത്തർ, ബിനോയ് വിശ്വം, സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസൻ എന്നിവരാണ് ഇന്ന് സസ്പെൻഷൻ ലഭിച്ച കേരളത്തിൽ നിന്നുള്ള എം പിമാർ.
സഭയില്‍ മറുപടി നല്‍കാതെ പ്രധാനമന്ത്രിയും അമിത്ഷായും ഇംഗ്ലിഷ് ചാനലിനോടും, ഹിന്ദി ദിനപത്രത്തോടും സംസാരിക്കുകയായിരുന്നു. ഇതോടെ പ്രതിപക്ഷം പ്രതിഷേധം കൂടുതല്‍ ശക്തമാക്കി. സുരക്ഷ വീഴ്ചയില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് സഭാധ്യക്ഷന്മാര്‍ അവകാശപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക് സഭ നാല് തവണയും രാജ്യസഭ മൂന്ന് തവണയുമാണ് ഇന്ന് പിരിയേണ്ടി വന്നു. സി ആര്‍ പി സി, ഐ പി സി, എവിഡന്‍സ് ആക്ട് എന്നിവയില്‍ നിര്‍ണ്ണായകമാറ്റങ്ങള്‍ കൊണ്ടുവരുന്ന മൂന്ന് ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുമ്പോഴാണ് എം പിമാര്‍ പ്രതിഷേധം തുടര്‍ന്നത്. പ്രതിപക്ഷത്തെ കൂട്ടത്തോടെ പുറത്താക്കുമ്പോള്‍ ഏകപക്ഷീയമായി ബില്ലുകള്‍ പാസാക്കിയെടുക്കാനുള്ള അവസരം കൂടി സര്‍ക്കാരിന് കൈവരികയാണ് എന്ന അവസരം മുതലെടുത്തു.
മോദി സർക്കാർ പാർലമെന്റിനെയും ജനാധിപത്യത്തെയും ആക്രമിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അഭിപ്രായപ്പെട്ടു. എല്ലാ ജനാധിപത്യ മര്യാദകളും ചവറ്റുകൊട്ടയിലേക്ക് എറിയുന്ന ഏകാധിപത്യ സർക്കാരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ചാനലിനും പത്രത്തിനും അഭിമുഖം നല്‍കുന്ന പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ജനങ്ങളെ പ്രതിനിധീകരിക്കുന്ന പാർലമന്‍റിനോട് ഉത്തരവാദിത്വമില്ലെന്നും ഖാർഗെ ചൂണ്ടികാട്ടി.
ജനാധിപത്യത്തിന്മേലുള്ള ഗുരുതരമായ ആക്രമണമെന്നാണ് എം പിമാർക്കെതിരായ കൂട്ട സസ്പെൻഷൻ നടപടിയെക്കുറിച്ച് സി പി എം പ്രതികരിച്ചത്. പ്രാതിനിധ്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന തത്വങ്ങളെ ഇല്ലാതാക്കുന്ന നടപടിയാണ് ഇതെന്നും എല്ലാ പ്രതിപക്ഷ എം പിമാരുടെയും സസ്പെന്‍ഷൻ ഉടൻ പിന്‍വലിക്കണമെന്നും സി പി എം ആവശ്യപ്പെട്ടു. കൂട്ട സസ്പെന്‍ഷൻ നടത്തി ബി ജെ പിയും അമിത് ഷായും പാർലമെന്‍റ് സുരക്ഷിത കേന്ദ്രമാക്കിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിച്ചത്. അമിത് ഷായുടേത് വിയോജിപ്പുകളെ നിശബ്ദമാക്കുന്ന മാസ്റ്റർ സ്ട്രോക്കാണെന്നും, ഇനി അലോസരമില്ലാതെ അമിത് ഷായ്ക്ക് പ്രസ്താവന നടത്തി കളിക്കാമെന്നും ടി എം സി പരിഹസിച്ചു.