
Manipur Imphal Town
മണിപ്പുരില്‍ രണ്ടു യുവതികളെ അക്രമികള്‍ ചേര്‍ന്ന് നഗ്‌നരാക്കി റോഡിലൂടെ പ്രകടനമായി നടത്തിക്കുന്ന വീഡിയോ കലാപത്തിൻ്റെ രൂക്ഷത മറനീക്കി. സാമൂഹികമാധ്യമങ്ങളിലൂടെ മാത്രമാണ് ക്രൂരതയുടെ ദൃശ്യം പുറത്തു വന്നത്.
സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിനുപിന്നാലെ മേയ് നാലിന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തായത്. സ്ത്രീകള്‍ പാടത്തുവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായെന്നും അതിനുശേഷമാണ് നഗ്‌നരാക്കി നടത്തിച്ചതെന്നും കുക്കി ഗോത്രസംഘടനയായ ഐ.ടി.എല്‍.എഫ്. വെളിപ്പെടുത്തി. കുക്കി-സോ വിഭാഗക്കാരാണ് ഇരകളായ സ്ത്രീകൾ. മൈത്തേകൾ ഈ ഭാഗത്ത് കൂട്ടായ ആക്രമണം അഴിച്ചു വിട്ടിരുന്നു.
ഭരണകൂടവും പൊലീസും ഒന്നിച്ച കലാപം

സ്ത്രീകള്‍ രക്ഷിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ചിട്ടും അക്രമികള്‍ അവരെ ഉപദ്രവിക്കുന്നത് വീഡിയോയില്‍ കാണാം. ദേശീയ വനിതാകമ്മിഷനും ദേശീയ പട്ടികവര്‍ഗ കമ്മിഷനും അക്രമികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. കലാപത്തിൽ മണിപ്പൂരി പൊലീസിൻ്റെ പങ്കും വെളിപ്പെടുത്തപ്പെട്ടിരുന്നു. പൊലീസിന്റെ ആയുധപ്പുരയിൽനിന്ന് കാണാതായ ആറുലക്ഷം വെടിയുണ്ടകളും നാലായിരത്തോളം ആയുധങ്ങളും കലാപകാരികൾ കൈക്കലാക്കിയിരുന്നു. ഇതിൽ 2900 ആയുധങ്ങൾ മാരകശേഷിയുള്ളതാണ്. പൊലീസ് സഹായത്തോടെയാണ് തുടക്കത്തിൽ കലാപം കത്തിയത് എന്ന ആരോപണം ശരിവെക്കുന്നതായിരുന്നു സംഭവം.
സംഭവത്തില്‍ പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് മണിപ്പുര്‍ പോലീസ് അറിയിച്ചു. തട്ടിക്കൊണ്ട് പോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.
ഹൃദയം നുറുക്കുന്ന പീഡനവാര്‍ത്തകളാണ് മണിപ്പുരില്‍നിന്നെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് കലാപത്തിന്റെ ഏറ്റവും വലിയ ഇരകളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മേയ് മൂന്നുമുതല്‍ മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാണ്. 200-ലേറെപ്പേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്.
ഈസ്റ്റ് ഇംഫാലിലെ മണിപ്പുർ പോലീസ് ക്യാമ്പ്, ഇംഫാലിലെ മണിപ്പുർ റൈഫിൾസിന്റെ ക്യാമ്പ് എന്നിവയിൽനിന്ന് മേയിലാണ് ആയുധങ്ങൾ കാണാതായത്. ഇംഫാൽ താഴ്‍വരയിലുള്ള മൈത്തെയി കലാപകാരികളുടെ പക്കലാണ് ഇതിൽ ഭൂരിഭാഗം ആയുധങ്ങളും. മലനിരകളിൽനിന്ന് ആക്രമണം നടത്തുന്ന കുക്കികളുടെ കൈയിൽ ഇതിൽ 5.31 ശതമാനം ആയുധങ്ങൾമാത്രമാണ് ഉള്ളതെന്ന് പോലീസ് അറിയിച്ചു.
മേഖലയിൽ നിരോധിത സംഘടനകളായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യു.എൻ.എൽ.എഫ്.), പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ.), കങ്‍ലേയ് യവോൾ കൻബാ ലുപ് (കെ.വൈ.കെ.എൽ.), പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കങ്‍ലേയ്‌പാക് (പി.ആർ.ഇ.പി.എ.കെ.) എന്നിവ വീണ്ടും സജീവമാകുകയാണ്. മൈത്തേകൾക്ക് ഇടയിലെ ഈ അണ്ടർ ഗ്രൌണ്ട് സംഘങ്ങൾക്ക് നഷ്ടപ്പെട്ട പിന്തുണ തിരിച്ചു ലഭിക്കുന്ന സാഹചര്യമാണ്. നേരത്തെ 15 വർഷത്തോളം കോൺഗ്രസ് ഭരണത്തിലിരുന്നു ഘട്ടത്തിൽ ഇവരുടെ ജനപിന്തുണ നഷ്ടമാവുകയും പൊതുവെ സമാധാന അന്തരീക്ഷം കൈവരികയും ചെയ്തിരുന്നു.
ഇംഫാൽ താഴ്‍വരയിൽ ആക്രമണം നടത്തുന്ന കലാപകാരികൾക്ക് പിന്തുണയുമായി നിരോധിച്ച മറ്റ് ഏഴ് പ്രധാന സംഘടനകൾകൂടി രംഗത്തെത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാന പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടു
മറ്റു ജനവിഭാഗങ്ങൾ താമസിക്കുന്ന ഗ്രാമപ്രദേശങ്ങളിൽ സൈന്യം, സി.ആർ.പി.എഫ്., അസം റൈഫിൾസ് എന്നീ സേനകളെ വിന്യസിക്കണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും അധികൃതർ അവഗണിക്കായിരുന്നു. സൈന്യത്തിന്റെയും അസം റൈഫിൾസിന്റെയും 35-40 പേരടങ്ങുന്ന 165 സംഘങ്ങളാണ് കലാപഭൂമിയിലുള്ളത്. 100 അംഗങ്ങൾ വീതമുള്ള സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ (സി.ആർ.പി.എഫ്.) 57 കമ്പനിയും അതിർത്തിരക്ഷാസേനയുടെ 48 കമ്പനിയും ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (െഎ.ടി.ബി.പി.) നാല് കമ്പനികളും മണിപ്പുരിലുണ്ട്.
എന്നാൽ ഇവർക്കെല്ലാം കലാപകാരികൾക്ക് ഇടയിലേക്ക് ഇറങ്ങുന്നതിന് പരിമിതിയുണ്ട്. രാഷ്ട്രീയമായി ഇതിന് പരിഹാരം കണ്ടെത്താൻ കഴിയാത്ത സാഹചര്യവുമാണ്. ഭരണ മുന്നണി തന്നെ ഒരു പക്ഷത്ത് ചേർന്ന സാഹചര്യം പരിഹാര ശ്രമങ്ങൾ പോലും അസാധ്യമാക്കി. കേന്ദ്ര സർക്കാരിൻ്റെ മൌനവും നിസ്സംഗതയും ഈ സാഹചര്യത്തെ പെരുപ്പിച്ചു.
