Sunday, November 10, 2024

ഓര്‍മ്മകളുടെ കുന്ദേര; മറവികളുടെയും

പ്രവീൺ പ്രിൻസ്

എത്രയൊക്കെ സ്വാഭാവികമെന്ന് കരുതിയാലോ, അസ്വസ്ഥതകള്‍ ഹ്രസ്വ നേരത്തേക്കെന്ന് വിചാരിച്ചാലോ അരിച്ചു വരുന്ന ശൂന്യതയെ തടുത്തു നിര്‍ത്താന്‍ കഴിയാതെ വരുന്ന അവസ്ഥ ചില നേരമെങ്കിലും കടന്നു വരാറുണ്ട്. അങ്ങനെയൊന്നാണ് വായനക്കാര്‍ക്ക് മിലന്‍ കുന്ദേരയുടെ വിയോഗം. കനപ്പെട്ട മനുഷ്യാവസ്ഥകളുടെ നിറ നിബിഢവും മങ്ങിയതുമായ തുരുത്തുകളെ സാര്‍വലൗകിക ഭാവത്തോടെ കുന്ദേര പകര്‍ത്തിയപ്പോള്‍ ആ മനുഷ്യന്‍ ഒപ്പം കൂട്ടിയത് വായനയുടെ സ്നേഹത്തില്‍ കലര്‍ന്നു പോയ വലിയ സമൂഹത്തെയാണ്.

ബര്‍ണോ നഗരത്തിന്‍റെ അനിശ്ചിതത്വങ്ങളിലേക്ക് കുന്ദേര പിറന്നു വീണപ്പോള്‍ തൊണ്ണൂറ് ആണ്ടുകള്‍ക്കിപ്പുറം ലോകത്തിന്‍റെ വിവിധ മുനമ്പുകളിലിരുന്ന് ഏകാകികളും ഉന്മാദികളുമായ മനുഷ്യര്‍ അയാളെ ഓര്‍ത്ത് വ്യസനിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ…

കുന്ദേരയെ മാംസം തുളച്ചു കയറുന്ന മൂര്‍ച്ഛയുള്ള ഒരായുധമായി കരുതാം. എന്നാല്‍ ചില നേരങ്ങളില്‍ മഞ്ഞിനെക്കാള്‍ നേര്‍ത്തും പുകപടലമായുമൊക്കെ അയാള്‍ പരിണമിക്കും.

അസംഖ്യം വൈകാരികതകളുടെ പാപഭാരം പേറി പോരാട്ടത്തിന്‍റെയും വിമോചനത്തിന്‍റെയും വിളികളെ തിരയുന്ന ഒരുപിടി കഥാപാത്രങ്ങള്‍ വഴി കുന്ദേര വരച്ചിട്ടത് കാലദേശാന്തരങ്ങളെ മറികടക്കുന്ന എഴുത്തു സമസ്യകളാണ്…

ക്ലാസ്സിക് കൃതികള്‍ ജനിക്കുന്നതും എഴുത്തുകാര്‍ വിശ്വ വിഖ്യാതരാകുന്നതും ലോകത്തെ മനുഷ്യരോടൊന്നാകെ ഒരേ വിധം അത് സംവദിക്കുമ്പോഴാണ്. ലോകത്ത് എവിടെയായിരുന്നാലും മനുഷ്യന്‍ അനുഭവിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളുടെ പൊതുസ്വഭാവം ഒന്നാണെന്നിരിക്കെ അവ സാഹിത്യത്തിന്‍റെ വിശാല കവചങ്ങള്‍ ഉപയോഗിച്ച് ലോകമധ്യത്തിലെത്തുമ്പോള്‍ പതിറ്റാണ്ടുകളൊ നൂറ്റാണ്ടുകളൊ ബാധകമാകാതെ അവ സമൂഹത്തിന്‍റെ രൂപീകരണത്തില്‍ ഇടപെടുന്നു.അത്തരത്തില്‍ കാലത്തിന്‍റെ ഇരുള്‍ മറകളില്‍ കുടിയേറാതെ കുന്ദേരയുടെ സൃഷ്ടികള്‍ ലോക ഭാവനയുടെ ഭാഗമാകുന്നു.

മിലന്‍ കുന്ദേര എന്ന പേര് പുസ്തകങ്ങളെയും സാഹിത്യത്തെയും സ്നേഹിക്കുന്നവര്‍ക്ക് വെറുമൊരു പേരല്ല, മറിച്ച് ഒരു പാട് വൈകാരികതകള്‍ പേറുന്ന ഒരു സത്തയാണ്.

ലഭിച്ച ബഹുമതികളോ ഒപ്പം ചേര്‍ക്കാവുന്ന അക്കങ്ങളോ അല്ല വായനക്കാരില്‍ കുന്ദേരയെ അടയാളപ്പെടുത്താന്‍ പോകുന്നത്; മറിച്ച് ഒരു കടല്‍ക്ഷോഭം പോലെ ആര്‍ത്തിരമ്പി വന്ന കുന്ദേരയുടെ സാഹിത്യ ഭാവനകളും തീവ്രാനുഭവങ്ങളുമാണ്.

കുന്ദേരയുടെ പേന മിടിക്കുന്നത് ചെക്കിന്‍റെ പോരാട്ടങ്ങളെയും പ്രാഗിന്‍റെ വസന്തത്തെയും കുറിക്കാനാണെന്നിരിക്കിലും പരിഭാഷകളിലൂടെയും തുടര്‍വായനകളിലൂടെയും നമ്മളും പോരാട്ടങ്ങളെയും വസന്തങ്ങളെയും ഭാവനാ ലോകത്ത് വിഹരിക്കും.

ഭാവുകത്വ നിര്‍ണ്ണയത്തിന്‍റെ സമസ്യാ പരിഹരണങ്ങള്‍ക്കോ സാമൂഹികതയുടെ ഭാവതലങ്ങളെ കുറുപ്പും വെളുപ്പുമല്ലാതെ വേര്‍തിരിക്കാനോ അസ്തിത്വത്തിന്‍റെ അനേകമായ അനിശ്ചിതത്വത്തെ നിര്‍ണ്ണയിക്കാനോ കുന്ദേരയെ നമുക്ക് ഉപയോഗിക്കാം. പക്ഷെ നമ്മുടെ സ്വത്വത്തിന്‍റെ നിഴല്‍ വീഴാത്ത ഇരുണ്ട പ്രവിശ്യകളില്‍ ഉയിരടയാളങ്ങള്‍ നല്‍കിപ്പോയ കുന്ദേരയെ ഏതു സ്മരണാ വ്യൂഹത്തിന്‍റെ ഉള്ളിലാണ് നാം ഇനി അന്വേഷിച്ചു ചെല്ലുക..?

പ്രിയപ്പെട്ട മിലന്‍ കുന്ദേര, നിങ്ങളുടെ മരണം ഒരുവേള നിശബ്ദമാക്കിക്കളഞ്ഞ ഞങ്ങളുടെ മറവികളിലേക്ക് നിങ്ങള്‍ എഴുതിയതിന്‍റെ ആത്മാവും പേറി ഞങ്ങള്‍ നടത്തുന്ന ഓര്‍മ്മയുടെ സമരത്തെ സാഹിത്യത്തിന്‍റെ ഏതെങ്കിലും ഭാവുകത്വമായി കരുതിക്കൊള്ളുക…

എഴുതിയവ ബാക്കിവെച്ച് മരണമുഖം കടന്ന് ഉള്‍വലിഞ്ഞാലും പ്രതിധ്വനി പോലെ നിങ്ങള്‍ ഞങ്ങളിലുണ്ടാവും.


Milan Kundera
Born: 1 April 1929, Brno, Czechia
Died: 11 July 2023, Paris, France

Share post:

spot_imgspot_img

Popular

More like this
Related

കെയുഡബ്ള്യു ജെ സംസ്‌ഥാന സമ്മേളനത്തിന് തുടക്കമായി

കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ സംസ്‌ഥാന സമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി. പാലാരിവട്ടം...

ഇന്ദിരാഗാന്ധിയുടെ വസതിയിലെത്തി കുറ്റപത്രം വായിച്ച വിദ്യാർഥി നേതാവ്

1977 സെപ്റ്റംബർ അഞ്ചിനായിരുന്നു സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള ആ വിദ്യാർഥി മുന്നേറ്റം....

ഗൾഫ് യാത്രികരെ പിഴിഞ്ഞ് വിമാനക്കമ്പനികൾ

തിരുവനന്തപുരം> ഗൾഫ് നാടുകളിലേക്ക് വിമാന ടിക്കറ്റ് നിരക്കിൽ അഞ്ച് ഇരട്ടിവരെ വർധനവ്....

വന്യമൃഗങ്ങൾ നാട് കയ്യേറുന്നു, ചേനയും ചേമ്പും കാച്ചിലും തൊടികളിൽ നിന്നും അപ്രത്യക്ഷമായി

ചേനയും ചേമ്പും കാച്ചിലും ഒന്നും ഇപ്പോൾ കേരളത്തിൽ കൃഷി ചെയ്യാൻ കഴിയില്ല....