പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ജില്ലയില്‍ നിപ സംശയം നിലനില്‍ക്കുന്നതിനാല്‍ കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിര്‍ബന്ധമായും ധരിക്കാൻ നിർദ്ദേശം നൽകി. ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.
എല്ലാ ആശുപത്രികളിലും പകര്‍ച്ച വ്യാധി നിയന്ത്രണ പെരുമാറ്റ ചട്ടം നിലവിൽ വന്നു. നിലവില്‍ നാലുപേര്‍ കോഴിക്കോട് അസ്വഭാവിക പനിയെ തുടര്‍ന്ന് ചികിത്സയിലുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മരിച്ച വ്യക്തിയുടെ ഭാര്യ നിരീക്ഷണത്തിലാണെന്നും 75 പേരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക തയ്യാറാക്കിയതായും മന്ത്രി പറഞ്ഞു. പൂനെയിലെ എന്‍ഐവിയിലേക്ക് അയച്ച സാമ്പിളിന്റെ പരിശോധനാ റിപ്പോര്‍ട്ട് വൈകുന്നേരം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 16 അംഗ കോര്‍കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. ഹൈ റിസ്‌ക് ഉള്ളവരെ ഇവിടെ ഐസോലേറ്റ് ചെയ്യും. ഇന്നലെ മരിച്ച വ്യക്തി വടകരയിലെ സ്വകാര്യ ആശുപതിയിലും പോയിട്ടുണ്ട്. ഇന്നലെ മരിച്ചയാളുടെ സംസ്‌കാരം പരിശോധനാ ഫലം വന്ന ശേഷം നടക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.