മിസോറമില്‍ ഭരണകക്ഷിയായ എം.എന്‍.എഫിന് വന്‍തിരിച്ചടി നല്‍കി പുതിയ പാര്‍ട്ടിയായ സെഡ്.പി.എം (Zoram People’s Movement) മുന്നേറുന്നു. 40 സീറ്റുകളില്‍ 27 ഇടത്തും സെഡ്.പി.എമ്മാണ് നിലവില്‍ മുന്നില്‍. ഭരണകക്ഷിയായ എം.എന്‍.എഫ്. ഒമ്പതിടത്ത് മാത്രമാണ് മുന്നിലുള്ളത്.
2017-ല്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടി വന്‍ ലീഡോടെയാണ് മുന്നേറുന്നത്. കോണ്‍ഗ്രസ് രണ്ടും ബി.ജെ.പി. ഒന്നും സീറ്റുകളില്‍ മാത്രമാണ് ലീഡ് നേടിയത്. എന്നാൽ അതിനിടെ മിസോറമില്‍ അടുത്ത സര്‍ക്കാരിന്റെ ഭാഗമായിരിക്കും ബി.ജെ.പിയെന്ന് സംസ്ഥാന പ്രസിഡന്റ് വാന്‍ലാല്‍മുക പ്രഖ്യാപിച്ചു.
മിസോറമില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുമെന്ന് വോട്ടെണ്ണലിന് മുന്‍പുതന്നെ സെഡ്.പി.എം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ലാല്‍ഡുഹോമ പ്രഖ്യാപിച്ചിരുന്നു. സേര്‍ഛിപില്‍നിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്.

മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്ന ലാല്‍ഡുഹോമയാണ് സെഡ്.പി.എമ്മിന്റെ സ്ഥാപകന്‍. ആറ് പ്രാദേശികപ്പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്താണ് സെഡ്.പി.എം. സ്ഥാപിച്ചത്. 2017-ല്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടി, 2018 മിസോറം തിരഞ്ഞെടുപ്പില്‍ എട്ടു സീറ്റുകള്‍ നേടി കോണ്‍ഗ്രസിനെക്കാള്‍ മുന്നിലെത്തി. 2019-ലാണ് രാഷ്ട്രീയപ്പാര്‍ട്ടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. 1987 ൽ സംസ്ഥാന പദവി നേടയ മുതൽ കോൺഗ്രസും എംഎൻഎഫുമാണ് ഇവിടെ അധികരാം കയ്യാളിയിരുന്നത്.