Monday, August 18, 2025

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസിൻ്റെ കണ്ടെത്തലിലെ യുക്തി ചോദ്യം ചെയ്ത് കെ ബി ഗണേഷ് കുമാർ

അഞ്ച് കോടിയുടെ കടം തീർക്കാൻ ഒരു സാധാരണക്കാരൻ്റെ ആറുവയസ്സായ മകളെ തട്ടിക്കൊണ്ട് പോകുമോ. അങ്ങിനെ തട്ടിക്കൊണ്ട് പോയാലും 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഇത്രയും വലിയ കേസിൽ അകപ്പെടുമോ. അതിൽ ഭാര്യയേയും മകളെയും കൂടെ കൂട്ടുമോ. പലിശ അടയ്ക്കാൻ പോലും തികയാത്ത ഈ തുകയ്ക്ക് എന്തിനാണ് ഇത്രയും വലിയ കുറ്റ കൃത്യം നടത്തിയത്. കെ ബി ഗണേഷ് കുമാർ എം എൽ എ ഈ കേസിൽ പൊലീസ് നിഗമനത്തിന് എതിരെ പറയാതെ പറയുന്നത് കേസിലെ കടുത്ത വൈരുദ്ധ്യങ്ങളാണ്. നഴ്സിങ് പരീക്ഷാ തട്ടിപ്പ് സംഘങ്ങളുടെ കോടികളുടെ ഇടപാട് ഈ കേസുമായി ബന്ധപ്പെട്ട് തുടക്കത്തിൽ പുറത്ത് വന്നിരുന്നു.
പരീക്ഷാ പേപ്പർ ചോർത്തി നൽകുന്ന റിക്രൂട്ട്മെൻ്റ് ഏജൻസികളുടെ കൂട്ടായ്മകളെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് ഇതോടെ പുറത്തായി. ഇവയെ ഒന്നും തൊടാതെയാണ് കേസ് രൂപപ്പെട്ട് വന്നിട്ടുള്ളത്. എങ്കിൽ പോലും സാധാരണ യുക്തിയിൽ ദഹിക്കാൻ പറ്റാത്തതാണ് പൊലീസ് വിശദീകരണം എന്നാണ് ഗണേഷ് കുമാർ എം എൽ എയുടെ തുറന്നു പറച്ചിലിലെ ഉള്ളടക്കം.

വാർത്ത

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതി പദ്മകുമാറിന്റെ മൊഴിയില്‍ വിശ്വാസമില്ലെന്ന് കെ.ബി ഗണേശ് കുമാര്‍ എം.എല്‍.എ. കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രതിയുടെ മൊഴിയില്‍ എനിക്ക് വിശ്വാസമില്ല. അഞ്ചുകോടിയുടെ കടം തീര്‍ക്കാന്‍ സാധാരണക്കാരനായ ഒരാളുടെ മകളെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് വിശ്വസനീയമല്ല. 10 ലക്ഷം കൊണ്ട് പ്രതിയ്ക്ക് പലിശ അടയ്ക്കാന്‍ കൂടി സാധിക്കില്ല. മീഡിയയിലൂടെ ഈ സംഭവം പുറത്തുവന്നില്ലായിരുന്നുവെങ്കില്‍ കുടുംബം ഭയന്ന് ആ കാശ് കൊടുത്തേനേ. മീഡിയയും പോലീസും നാട്ടുകാരും കൈകോര്‍ത്തതോടെ അവരുടെ പദ്ധതിയെല്ലാം പൊളിഞ്ഞു. പക്ഷേ അവര്‍ നാടിനെ മൊത്തം മുള്‍മുനയില്‍ നിര്‍ത്തിക്കളഞ്ഞു.’- ഗണേശ് കുമാര്‍ തുടരുന്നു

പ്രതിയും കൂട്ടരും ആസൂത്രണം ചെയ്ത പ്ലാന്‍ ശുദ്ധമണ്ടത്തരമാണെന്നും കേരളാ പോലീസ് ഏതുകേസും പെട്ടെന്ന് തന്നെ തെളിയിക്കുമെന്നും ഗണേശ് കുമാർ ആവശ്യപ്പെട്ടു. ‘പ്രതി ആസൂത്രണം ചെയ്തതാണ് ഈ പ്ലാന്‍ എന്നത് ശുദ്ധ മണ്ടത്തരമാണ്. പ്രതി എന്‍ജിനിയറിങ് ബിരുദധാരിയാണ്. എന്നിട്ടും ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വലിയ മണ്ടത്തരമാണ്. പ്രതിയുടെ ഭാര്യയാണ് പദ്ധതി തയ്യാറാക്കിയതെന്ന് പറയപ്പെടുന്നു. ആലുവയിലെ പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയ്ക്ക് തൂക്കുകയര്‍ ശിക്ഷ ലഭിച്ചവിവരമൊന്നും ഇവരറിഞ്ഞില്ലേ? ‘ എന്നും ഗണേശ് കുമാര്‍ പൊലീസ് നിഗമനത്തെ പരിഹസിച്ചു.

സ്വന്തമായി ആവശ്യത്തിന് സ്വത്തുള്ള വ്യക്തിയാണ്. എന്നിട്ടും എന്തിനാണ് പ്രതി ഇത്തരം ക്രിമിനല്‍ പ്രവൃത്തികള്‍ നടത്തുന്നതെന്ന് വിശദീകരിക്കേണ്ടതുണ്ട്. ഗണേശ് കുമാര്‍ ചൂണ്ടി കാണിച്ചു. ‘കടബാധ്യത തീര്‍ക്കാന്‍ പ്രതിയ്ക്ക് വീടുവിറ്റാല്‍ മതി. വേറെയും ആസ്തികളുണ്ടെന്ന് കേള്‍ക്കുന്നുമുണ്ട്. അതെല്ലാം വിറ്റ് കടം വീട്ടിയാല്‍പ്പോരേ? എന്തിനാണ് കുഞ്ഞിനോട് ക്രൂരത കാണിക്കുന്നത്? ഇനി എങ്ങനെ അവര്‍ക്ക് ജീവിക്കാനാകും? കല്യാണപ്രായമായ ഒരു മകളുണ്ട് പ്രതിയ്ക്ക്. മകള്‍ക്ക് നല്ലൊരു ജീവിതം ഇനി കിട്ടുമോ? ആ കുട്ടിയുടെ ഭാവി അവര്‍ നശിപ്പിക്കുമായിരുന്നോ.

നമ്മുടെ നാട്ടില്‍ എന്ത് കുറ്റകൃത്യം ചെയ്താലും പിടിക്കപ്പെട്ടും. അതില്‍ സംശയം വേണ്ട. 20 വര്‍ഷം വരെ പഴക്കമുള്ള കേസ് കേരള പോലീസ് തെളിയിച്ചിട്ടുണ്ട്. പണം സമ്പാദിക്കാനോ കടം തീര്‍ക്കാനോ എളുപ്പവഴികളില്ല. പണം ഇരട്ടിപ്പിക്കുന്നതിനായി ഓടുന്ന നിരവധി മണ്ടന്മാരുടെ നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. അധ്വാനിക്കാതെ പണം നേടാനാവില്ല.’ ഗണേശ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

എഡിജിപി പറഞ്ഞത് 

അനുപമ പദ്മൻ എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ മാസം 3.8 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെ പദ്മകുമാറിൻ്റെ മകൾ അനുപമയ്ക്ക് വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലായില്‍ അനുപമയുടെ ചാനലിന് പണം ലഭിക്കുന്നത് നിന്നു. ചാനല്‍ വീണ്ടും മൊണെറ്റൈസ് ചെയ്യാന്‍ മൂന്ന് മാസം കഴിയുമെന്ന സാഹചര്യം വന്നു. അനുപമ ആദ്യം പദ്ധതി എതിര്‍ത്തുവെങ്കിലും വരുമാനം നിലച്ച സാഹചര്യത്തില്‍ കൃത്യം നടത്താമെന്ന് സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നരമാസമായി അനുപമയും കൃത്യത്തിനായുള്ള ആസൂത്രണത്തില്‍ സജീവമായിരുന്നു.

കോവിഡിനു ശേഷം കുടുംബത്തിന് കടുത്ത സാമ്പത്തികപ്രതിസന്ധിയുണ്ടായി. കടങ്ങള്‍ വര്‍ദ്ധിച്ചു. സാമ്പത്തികപ്രതിസന്ധിയെ എങ്ങനെ മറികടക്കാമെന്ന് ഒരു വര്‍ഷമായുള്ള ആസൂത്രണത്തിനൊടുവിലാണ് പദ്ധതി തയ്യാറാക്കുന്നത്. അഞ്ചുകോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നാണ് പദ്മകുമാര്‍ അവകാശപ്പെടുന്നത്. ആറു കോടിയുടെ ആസ്തിയുള്ളതില്‍ മുഴുവന് പണയത്തിലാണ്. പെട്ടെന്ന് ബാധ്യത തീര്‍ക്കാന്‍ പത്തുലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നു. പലരേയും പണം ചോദിച്ച് സമീപിച്ചിരുന്നു. അത് ലഭിക്കാതിരുന്നപ്പോഴാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തത്. പദ്മകുമാറും കുടുംബവും ചേര്‍ന്ന് ഒരു വര്‍ഷമായി പ്ലാന്‍ ചെയ്ത കൃത്യം.

പോലീസിന്റെ നീക്കങ്ങളെയും ഏതൊക്കെ രീതിയില്‍ കേസ് തെളിയിക്കാമെന്നും മനസ്സിലാക്കി. അതെല്ലാം ഒഴിവാക്കി കൃത്യമായ ആസൂത്രണത്തോടെയാണ് കുറ്റകൃത്യം നടത്തിയത്. ശ്രദ്ധയില്‍പ്പെടാന്‍ സാധ്യതയില്ലാത്ത പ്രദേശങ്ങളില്‍ ഒറ്റയ്ക്ക് പോകുന്ന കുട്ടികളെയായിരുന്നു ഇവർ ലക്ഷ്യം വെച്ചത്.

പൊലീസ് വിശദീകരണം, മറ്റൊരു ഭാഷ്യം

ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ബുദ്ധികേന്ദ്രം പദ്മകുമാറിന്റെ ഭാര്യ അനിതാകുമാരിയാണെന്ന് സംശയിക്കുന്നതായി എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍. ഒരുവര്‍ഷമായി പ്രതികള്‍ ഇത്തരത്തിലുള്ള പദ്ധതി തയ്യാറാക്കിയിരുന്നതായും ഒന്നരമാസം മുന്‍പാണ് ഈ പദ്ധതി എത്രയുംവേഗം നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും എ.ഡി.ജി.പി. പൂയപ്പള്ളി പോലീസ് സ്‌റ്റേഷനില്‍വച്ച്‌ മാധ്യമങ്ങളോട് പറഞ്ഞു.

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതുവരെയുള്ള അന്വേഷണത്തില്‍ ഇവര്‍ മൂന്നുപേര്‍ക്കും മാത്രമേ കേസില്‍ പങ്കുള്ളൂവെന്നാണ് കണ്ടെത്തല്‍.

സംഭവത്തിന് പിന്നില്‍ ‘ഒരുപെണ്‍ബുദ്ധി’ ആണെന്നായിരുന്നു എ.ഡി.ജി.പി. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അനിതാകുമാരിയാണ് ഇതിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് പോലീസ് സംശയിക്കുന്നത്. ഒരുവര്‍ഷം മുന്‍പേ പ്രതികള്‍ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും പദ്മകുമാറിന്റെ അമ്മയും മകള്‍ അനുപമയും ഇതിനെ എതിര്‍ത്തിരുന്നു. ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യാന്‍പാടില്ലെന്ന് പറഞ്ഞാണ് അമ്മ എതിര്‍ത്തത്. എന്നാല്‍ ജൂണ്‍ 28-ന് അമ്മ മരിച്ചു. മകള്‍ അനുപമയ്ക്ക് യൂട്യൂബില്‍നിന്ന് 3.8 ലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപവരെ മാസവരുമാനമുണ്ടായിരുന്നു. ജൂലായ് മാസത്തില്‍ അനുപമയുടെ യൂട്യൂബ് ചാനല്‍ ഡീമോണിറ്റൈസ്ഡ് ആയി. വരുമാനം നിലച്ചു. വരുമാനം നിലച്ചതോടെ അനുപമയും കടുത്ത നിരാശയിലായി. ഇതോടെയാണ് ഈ പെണ്‍കുട്ടിയും പദ്ധതിയില്‍ പങ്കാളികളായതെന്നും എ.ഡി.ജി.പി. പറഞ്ഞു.

അനുപമ ബി.എസ്.എസി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് ചേര്‍ന്നിരുന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. എല്‍.എല്‍.ബി.ക്ക് ചേര്‍ന്ന് പഠിക്കണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആഗ്രഹം. അസ്സലായി ഇംഗ്ലീഷ് കൈകാര്യംചെയ്യുന്നയാളാണ് ഈ പെണ്‍കുട്ടി. ഇതിനിടെയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. യൂട്യൂബില്‍നിന്ന് വരുമാനം വന്നപ്പോള്‍ പൂര്‍ണമായും അതിലേക്ക് പോയെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിന് ശേഷം പദ്കുമാറിനുണ്ടായ വലിയ സാമ്പത്തികപ്രശ്‌നങ്ങളാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കാന്‍ കാരണമായതെന്നാണ് പ്രതികളുടെ മൊഴി. അഞ്ചുകോടിയുടെ ബാധ്യതയുണ്ടെന്നാണ് പദ്മകുമാര്‍ പോലീസിനോട് പറഞ്ഞത്. ആറുകോടിയുടെ ആസ്തികളുണ്ടെങ്കിലും ഇതെല്ലാം പണയത്തിലാണ്. പലയിടങ്ങളില്‍നിന്നായി ഇയാള്‍ വായ്പയെടുത്തിരുന്നു. ഇതിന്റെ പെട്ടെന്നുള്ള ചില തിരിച്ചടവുകള്‍ തീര്‍ക്കാനാണ് പത്തുലക്ഷം രൂപ ആവശ്യമായി വന്നത്. ഈ തുക പലരോടും ചോദിച്ചിരുന്നു. തുടര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം കൈക്കലാക്കാമെന്ന പദ്ധതിയിട്ടതെന്നും എ.ഡി.ജി.പി. പറഞ്ഞു.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....