മോഹൻലാലിന്റെ സമീപകാല സിനിമാതിരഞ്ഞെടുപ്പുകൾ എല്ലാം ‘മോശ’മായിരുന്നു എന്ന് ഒരു വിഭാഗം ആളുകൾ പഴിചാരുമ്പോൾ മോഹൻലാലിന് അതിനെ കുറിച്ച് പറയാനുള്ളത് എന്താണ്.
ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ നിന്നും വരുന്ന ഏറ്റവും പുതിയ ചിത്രം ‘നേര്’ റിലീസിനൊരുങ്ങുകയാണ്. അതിന്റെ പശ്ചാത്തലത്തിൽ സമകാലിക സിനിമാജീവിതത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയാണ് മോഹൻലാൽ.

“തീർച്ചയായും അങ്ങനെ സംഭവിക്കാം. ഞാൻ ചെയ്തതെല്ലാം ശരിയാണെന്നു ഞാൻ പറയുന്നില്ല. ഞാൻ 370ൽ ഏറെ സിനിമകൾ ചെയ്തു. എത്രയോ സിനിമകൾ എന്റേത് മോശമായിട്ടുണ്ട്. സിനിമകളുടെ വിജയപരാജയങ്ങൾ നമുക്കു പറയാൻ പറ്റില്ല. ഓരോ സിനിമയും എടുക്കേണ്ട രീതികളുണ്ട്, അതിനൊരു ഭാഗ്യമുണ്ട്, അതിനൊരു ജാതകമുണ്ട് എന്നൊക്കെ വിശ്വസിക്കുന്ന ആളാണ് ഞാൻ. അല്ലെങ്കിൽ എല്ലാ സിനിമകളും വിജയിക്കേണ്ടേ? അതിന് എന്തോ ഒരു മാജിക്കൽ റെസിപ്പി ഉണ്ട്. അതിൽ വരുന്ന സിനിമകളാണ് വിജയിക്കുന്നത്. ഒരു നടൻ എന്ന രീതിയിൽ എന്റെ ജോലി എനിക്കു വരുന്ന സിനിമകൾ ചെയ്യുക അല്ലെങ്കിൽ ചെയ്യാതിരിക്കുക എന്നതാണ്. വർഷത്തിൽ ഒരു സിനിമയൊക്കെ ചെയ്യുകയുമാവാം. പക്ഷേ അതല്ല, നമ്മുടെ കൂടെ ഒരുപാട് പേരു ജോലി ചെയ്യുന്നുണ്ട്. അവരെയൊക്കെ സഹായിക്കാനായി ധാരാളം സിനിമകൾ ചെയ്യേണ്ടി വരും. അതിനായി മോശം സിനിമകൾ ചെയ്യുക എന്നല്ല ഞാൻ പറയുന്നത്. അങ്ങനെ ചെയ്തു പോവുമ്പോൾ അതിൽ മോശം സിനിമയും ഉണ്ടാകാം എന്നാണ്,” മോഹൻലാൽ പറഞ്ഞു.

“പക്ഷേ അത്തരം തിരഞ്ഞെടുപ്പുകൾ കൊണ്ട് മോഹൻലാൽ എന്ന നടന് സോഷ്യൽ മീഡിയയിൽ പഴി കേൾക്കേണ്ടി വരുന്നില്ലേ?”
“അതിലൊന്നും എനിക്ക് പരാതിയില്ല. ഞാൻ കഴിഞ്ഞ 46 വർഷമായി മലയാളസിനിമയ്ക്ക് വേണ്ടി എന്തൊക്കെ ചെയ്തു എന്നതും അതിനു പിറകിലുണ്ടല്ലോ. ഒരു സിനിമ കൊണ്ടല്ലല്ലോ ഒരാളെ ജഡ്ജ് ചെയ്യേണ്ടത്. അടുത്ത ഒന്നോ രണ്ടോ സിനിമ വിജയിച്ചാൽ ഇതെല്ലാം മാറും.
ഒരു സിനിമ മോശമായെങ്കിൽ അതിനു ഒരുപാട് കാരണങ്ങളുണ്ടാവും. കഥ, തിരക്കഥ… അല്ലാതെ അതിൽ ഞാൻ മാത്രമല്ലല്ലോ കാരണം. സിനിമ മോശമായി പോയി എന്നു പഴികേട്ടതുകൊണ്ട് മാത്രം സിനിമ ചെയ്യാതിരിക്കാനും കരഞ്ഞുകൊണ്ടിരിക്കാനൊന്നും പറ്റില്ലല്ലോ. ആ സമയമൊക്കെ കഴിഞ്ഞു. നമുക്ക് ഒന്നുകിൽ സിനിമ ചെയ്യാതിരിക്കാം. അല്ലെങ്കിൽ ചെയ്തുകൊണ്ടിരിക്കാം. ഈ രണ്ടു ഓപ്ഷനെയുള്ളൂ,”
