സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിനായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമായി നവകേരള ബസ് യാത്ര പുറപ്പെട്ടു. കാസർഗോഡ് ഗസ്റ്റ് ഹൗസില്‍ നിന്നും ഉദ്ഘാടന വേദിയായ മഞ്ചേശ്വരം പൈവളിഗയിലേക്കാണ് ബസിന്‍റെ ആദ്യ റൂട്ട്. നവകേരള സദസിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. റവന്യു മന്ത്രി കെ. രാജന്‍ ചടങ്ങില്‍ അധ്യക്ഷനായി.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറമെ ചീഫ് സെക്രട്ടറിയും ബസിലുണ്ട്. ബസില്‍ പ്രത്യേകം തയ്യാറാക്കിയ ഒന്നാമത്തെ സീറ്റിലാണ് മുഖ്യമന്ത്രി ഇരിക്കുക. വിന്‍ഡോ സീറ്റില്‍ പുറത്തുള്ള ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യാന്‍ പാകത്തിനാണ് മുഖ്യമന്ത്രിയുടെ ഇരിപ്പിടം.
140 മണ്ഡലങ്ങളും താണ്ടി,ഡിസംബര്‍ 23-ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സമാപനം . അതേസമയം ധൂര്‍ത്താണ് സര്‍ക്കാരിന്‍റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സദസ് ബഹിഷ്കരിക്കുകയാണ്. ഇതിനെതിരെ ബസില്‍നിന്നുള്ള വീഡിയോകള്‍ മന്ത്രിമാര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിനായി ഓരോ മണ്ഡലങ്ങളിലും നവകേരള സദസുകളില്‍ പ്രത്യേക കൗണ്ടർ സൗകര്യമുണ്ടാകും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒപ്പം ഏകദേശം 120 ഉദ്യോഗസ്ഥരെങ്കിലും സ്ഥിരമായി യാത്രചെയ്യും.
മന്ത്രിസഭായോഗം നടക്കുന്നതൊഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മണിക്ക് ഓരോ മണ്ഡലത്തിലെയും പ്രത്യേക ക്ഷണിതാക്കളുമായി കൂടിക്കാഴ്ച നടക്കും. തുടര്‍ന്ന് വിവിധ മണ്ഡലങ്ങളിലെ സദസുകളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര തിരിക്കും. ജനങ്ങളില്‍നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും സംവിധാനമുണ്ടാവും. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് മുതല്‍ പരാതികള്‍ സ്വീകരിച്ചു തുടങ്ങും. മുഴുവന്‍ പരാതികളും സ്വീകരിക്കുന്നതു വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
പരാതികള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൗണ്ടറുകളില്‍ പ്രദര്‍ശിപ്പിക്കും. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കും. ലഭിക്കുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള സംവിധാനമാണ് നിശ്ചയിച്ചിട്ടുള്ളത്. എല്ലാ പരാതികള്‍ക്കും കൈപ്പറ്റ് രസീത് നല്‍കും. പരാതി തീര്‍പ്പാകുന്ന മുറയ്ക്ക് തപാലില്‍ അറിയിക്കുകയും ചെയ്യും. പരാതികളുടെ സ്ഥിതി www.navakeralasadas.kerala.gov.inല്‍ നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്‍കിയാല്‍ മതി.
കാസര്‍ഗോട്ടെ നാലു മണ്ഡലങ്ങളില്‍ ഞായറാഴ്ച മണ്ഡലസദസ് നടക്കും. കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഞായറാഴ്ച പര്യടനം. നവകേരള സദസ്സ് നടക്കുന്ന ദിവസം അതത് മണ്ഡലങ്ങളിലെ പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. തുടര്‍ന്നാണ് ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

സുരക്ഷ കണക്കിലെടുത്ത് സദസ്സ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രത്യേകം പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.