നിപ ഗവേഷണത്തിനായുള്ള ഏകാരോഗ്യകേന്ദ്രം (കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് ) വ്യാഴാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവർത്തനമാരംഭിക്കും.
ആവർത്തിച്ചുവരുന്ന നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ വൈറസിന് വകഭേദംവന്ന് മഹാമാരിയായി മാറിയേക്കാമെന്ന ആശങ്ക ചെറുതല്ല.
കേരളത്തിൽ ആറുവർഷത്തിനിടെ നാലുതവണ രോഗം പ്രത്യക്ഷപ്പെട്ടു. ആദ്യം രോഗം സ്ഥിരീകരിച്ച 2018-ൽ 17 പേർ മരിച്ചു. 2019 ലും 21-ലും ഓരോ കേസുകൾവീതം റിപ്പോർട്ടുചെയ്തു. ഒരു രോഗി മരിച്ചു. ഈ വർഷം ആറുപേർക്ക് രോഗബാധയുണ്ടായി. രണ്ടുപേർ മരിച്ചു. ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലും നിപ ആവർത്തിച്ചുണ്ടാവുന്നു.
കോവിഡ് പോലെ പടരില്ല, പക്ഷെ
നിലവിൽ മനുഷ്യർക്കിടയിൽ രോഗം പകരുന്നത് രോഗിയുമായോ രോഗിയുടെ ശരീരസ്രവങ്ങളുമായോ നേരിട്ട് സമ്പർക്കമുണ്ടാവുമ്പോഴാണ്. അതുകൊണ്ട് കോവിഡ് പോലെ മഹാമാരിയായി നിപ പടരില്ല.
എന്നാൽ, ജനിതകവ്യതിയാനം സംഭവിക്കുന്ന ആർ.എൻ.എ. വിഭാഗം വൈറസാണ് നിപയുടേതും. കാര്യമായ വ്യതിയാനം സംഭവിച്ചാൽ വേഗത്തിൽ പടരാൻ കഴിവുള്ള വകഭേദങ്ങളുണ്ടായി കോവിഡ്പോലെ ലോകം മുഴുവൻ പടർന്നുപിടിക്കുന്ന മഹാമാരിയായി നിപ മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മഹാമാരിയാവാൻ സാധ്യതയുള്ള രോഗങ്ങളുടെ പട്ടികയിലാണ് നിപയെ ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ രോഗബാധയുണ്ടാക്കിയത് ബംഗ്ലാദേശിൽ 2001-ൽ രോഗമുണ്ടാക്കിയ വൈറസിന്റെ വകഭേദമാണ്. രണ്ടായിരം കിലോമീറ്റർ വ്യത്യാസത്തിലാണിത്.
പലകാരണങ്ങൾകൊണ്ട് മസ്തിഷ്കജ്വരമുണ്ടാവാം. അതുകൊണ്ട് നിപ രോഗബാധ തിരിച്ചറിയാൻ സമയം എടുക്കാൻ ഇതിടയാക്കുന്നു.
വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് വവ്വാലുകളും മറ്റും കടിച്ച പഴങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. നേരത്തേ നിപ പടർന്നുപിടിച്ച കോഴിക്കോട് ജില്ലയിൽ ഐ.സി.എം.ആർ. നടത്തിയ പരിശോധനയിൽ ചിലയിടങ്ങളിൽ വവ്വാലുകളിൽ നിപ വൈറസിനെതിരായ ആന്റിബോഡി കണ്ടെത്തിയിരുന്നു. വൈറസ് സാന്നിധ്യമുള്ളതിനാലാണ് ജീവികളുടെ ശരീരം അതിനെ ചെറുക്കുന്നതിനായി ആന്റിബോഡി ഉത്‌പാദിപ്പിക്കുന്നത്.
നിപസാന്നിധ്യം കണക്കിലെടുത്ത് ആരോഗ്യപ്രവർത്തകർക്ക് പ്രത്യേകം പരിശീലനം നൽകും. ഗുരുതര ശ്വാസകോശരോഗങ്ങളുമായി ചികിത്സതേടുന്നവരെ പ്രത്യേക പരിശോധനകൾക്ക് വിധേയമാക്കും. കോഴിക്കോട് നിപ ബാധയുടെ ഇൻകുബേഷൻ സമയപരിധിയായ 42 ദിവസം വ്യാഴാഴ്ച പൂർത്തിയാകും. രോഗബാധിതരായ ആറുപേരിൽ രണ്ടുപേർ മരിച്ചു. 90 ശതമാനംവരെ മരണനിരക്കുള്ള വൈറസിന്റെ പ്രഹരശേഷി 33 ശതമാനത്തിൽ പിടിച്ചുനിർത്താനായത് നേട്ടമാണെന്നും മന്ത്രി പറഞ്ഞു.