
ഉമ്മൻ ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് കുടുംബം. ഉമ്മൻചാണ്ടിയുടെ ആഗ്രഹപ്രകാരം എന്ന ആവശ്യത്തിൽ സാധാരണ പോലെ മൃതദേഹം സംസ്കരിക്കാനാണ് കുടുംബത്തിൻ്റെ നിലപാട്. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക ബഹുമതികൾ നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. കുടുംബവുമായി സംസാരിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ ഒരുക്കുന്നത് പ്രത്യേക കല്ലറയാണ്. ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ നേതൃത്വം നൽകും. ‘കരോട്ട് വള്ളകാലിൽ’ കുടുംബ കല്ലറ നിലനിൽക്കേയാണ് ഉമ്മൻചാണ്ടിക്കായി പ്രത്യേക കല്ലറ ഒരുങ്ങുന്നത്. വൈദികരുടെ കല്ലറയോട് ചേർന്നാണ് പ്രത്യേക കല്ലറ.
ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ കോണ്‍ഗ്രസ്‌നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഡല്‍ഹിയിലുള്ള രാഹുല്‍ വ്യാഴാഴ്ച്ച പുതുപ്പള്ളിയില്‍ എത്തുമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു.
അപ്പയുടെ അഭിലാഷമെന്ന് മകൻ
ഔദ്യോഗിക ബഹുമതി വേണ്ടെന്ന ആഗ്രഹം ഉമ്മന്‍ ചാണ്ടി പ്രകടിപ്പിച്ചതായി അദ്ദേഹത്തിന്റെ ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍, ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ബഹുമതി നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായപ്പെട്ടത്. വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നുവന്നതോടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് അന്തിമതീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തുകയായിരുന്നു.
തുടർന്ന് ചീഫ് സെക്രട്ടറി കുടുംബവുമായി സംസാരിക്കുകയും ഉമ്മന്‍ ചാണ്ടിയുടെ അന്ത്യാഭിലാഷം അനുസരിച്ച് ഔദ്യോഗിക ബഹുമതി ഒഴിവാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
മരണത്തിലും സാധാരണക്കാരനാകാന്‍ ആഗ്രഹിച്ചയാളാണ് അപ്പ. അതുകൊണ്ടാണ് സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതികള്‍ വേണ്ട എന്ന് പറഞ്ഞതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ മന്ത്രിസഭാ യോഗം അനുശോചനം രേഖപ്പെടുത്തി. വഹിച്ച സ്ഥാനങ്ങള്‍ കൊണ്ട് അളക്കാന്‍ കഴിയാത്ത നിലയില്‍ ഉയര്‍ന്ന വ്യക്തിത്വങ്ങളുണ്ട്. അവര്‍ക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സ്ഥാനമെന്ന് അനുശോചന കുറിപ്പില്‍ പറയുന്നു. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം നടക്കുക.