കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വിലപേശി പൊതു മൈതാനത്ത് ഉപേക്ഷിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിൻ്റെ മൊബൈൽ ഫോണ്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് കുട്ടിയുടെ പിതാവായ റെജി. ഇയാളുടെ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുകയാണ്. റെജി താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിലും ആശുപത്രിയിലും പോലീസ് പരിശോധന നടത്തി.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രവർത്തനങ്ങളും പൊലീസ് പരിശോധിക്കുകയാണ്. നഴ്സിങ് പരീക്ഷയുടെ മറവിൽ നടക്കുന്ന കോടികളുടെ ഇടപാടും ഇതിനിടയിലെ കുടിപ്പകകളും ഇതോടെ വ്യക്തമായിട്ടുണ്ട്.
നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് പണം വാങ്ങിയതുമായി ബന്ധപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നേതൃത്വത്തിനെതിരേ നേരത്തെ ആരോപണമുയര്‍ന്നിരുന്നു. റെജിക്ക് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. ഇതാണോ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് അന്വേഷണം. ഇതുസംബന്ധിച്ച് വ്യക്തതവരുത്താന്‍ റെജിയെ സിറ്റി പോലീസ് കമ്മിഷണര്‍ അന്വേഷണത്തിനായി വിളിപ്പിച്ചെങ്കിലും ചോദ്യംചെയ്യലിന് ഹാജരായില്ല.
കുട്ടിയെ കണ്ടെത്തിയശേഷം തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണം കണ്ടെത്തുന്നതില്‍ താത്പര്യക്കുറവ് കാട്ടുന്നതും ഇടപാടുകൾ സംബന്ധിച്ച വലിയ കേസ് ഉയർത്തുന്നുണ്ട്. കുട്ടിയുടെ രക്ഷിതാക്കളോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടോയെന്ന വിവരമാണ് കഴിഞ്ഞദിവസങ്ങളില്‍ പോലീസ് പ്രധാനമായും തേടിയത്. ഇതിനായി അവരുടെ സഹപ്രവര്‍ത്തകരെ പോലീസ് കണ്ടു.
അന്വേഷണം കുട്ടിയുടെ പിതാവ് റെജിയില്‍മാത്രം ഒതുക്കിത്തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാനേതൃത്വം രംഗത്തെത്തിയതും ശ്രദ്ധേയമായി. കുട്ടിയെ കാണാതായദിവസം പൂയപ്പള്ളി പോലീസ് സ്റ്റേഷനില്‍ നടന്ന മൊഴിയെടുപ്പ് റെജിക്ക് കടുത്ത മാനസികസമ്മര്‍ദമുണ്ടാക്കി എന്ന് സംഘടന ആരോപിച്ചിരുന്നു. കുഞ്ഞിന്റെ സമീപത്തുനിന്ന് മാറ്റിനിര്‍ത്തി ചോദ്യംചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്ന് പോലീസിനോട് സംഘടന ആവശ്യപ്പെട്ടതും വിചിത്രമായി തീർന്നു.
കോടികൾ മറിയുന്ന പരീക്ഷ, ജയിപ്പിക്കാൻ ചോദ്യ പേപ്പർ ചോർത്തൽ
ലോകമെമ്പാടും നടക്കുന്ന പരീക്ഷയാണ് ഒ.ഇ.ടി. ഇത് നഴ്സിങ് റിക്രൂട്ട്മെൻ്റിന് നിർബന്ധമാണ്. സ്പീക്കിംഗ്, റൈറ്റിംഗ്, ലിസണിംഗ്, റീഡിംഗ് എന്നീ നാല് ഘടകങ്ങളാണ് (മൊഡ്യൂളുകൾ) ഉള്ളത്. ഒ.ഇ.ടി മെഡിക്കൽ പ്രൊഫണലുകൾക്ക് വേണ്ടി മാത്രമുള്ളതാണ്. യു.കെ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ജോലി ആഗ്രഹിക്കുന്ന മെഡിക്കൽ പ്രൊഫണലുകൾക്ക് ഒ.ഇ.ടി നിർബന്ധമാണ്.
ഒ.ഇ.ടി എന്ന വെല്ലുവിളിയെ നേരിടുന്ന വ്യക്തിക്ക് ഇംഗ്ലീഷ് മാത്രം അറിഞ്ഞാൽ പോരാ. ഇവിടെ പ്രവർത്തിപരിചയവും പ്രധാനമായി വരും. രോഗിയോടും രോഗിയുടെ സഹായിയോടും അവരുടെ ആവശ്യങ്ങൾ അനുസരിച്ചും രോഗാവസ്ഥ തിരിച്ചറിഞ്ഞും ഒരു നഴ്‌സോ ഡോക്ടറോ എങ്ങനെയായിരിക്കണം പ്രതികരിക്കേണ്ടതെന്നും ഉദ്യോഗാർത്ഥിയിലൂടെ എക്‌സാമിനർ വിലയിരുത്തുകയാണ് ചെയ്യുന്നത്. സന്ദർഭത്തിനനുസരിച്ചുള്ള ഉദ്യോഗാർത്ഥിയുടെ ഇംഗ്ലീഷ് ഭാഷാ ശൈലിയും ഒ.ഇ.ടി പരീക്ഷയിൽ നിർണായകമാണ്
കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള, വിദേശ രാജ്യങ്ങളിൽ ജോലി നേടാനോ പഠിക്കാനോ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കുമായി ഒ.ഇ.ടികോഴ്സ് നടത്തുന്നുണ്ട്. കോഴ്സ് കാലാവധി 80 മണിക്കൂറാണ്,ഫീസ് 7740 രൂപ. ഓൺലൈൻ മോഡിലാണ് ക്ലാസുകൾ നടത്തുന്നത്. പക്ഷെ തട്ടിപ്പു സംഘങ്ങളുടെ പരിശീലനത്തിനാണ് പ്രിയം ഏറെ.
നാട്ടിലും വിദേശത്തും പലദിവസങ്ങളിൽ പരീക്ഷ, ഒരേ ചോദ്യ പേപ്പർ
പല രാജ്യത്തും പല സമയത്താണ് ഒ ഇ ടി പരീക്ഷ നടക്കുന്നത്. ഗൾഫിൽ നടക്കുന്ന പരീക്ഷകഴിഞ്ഞ് മൂന്നുമണിക്കൂറിനുശേഷം ഇതേ ചോദ്യപേപ്പറിലാണ് കേരളത്തിലും പരീക്ഷ നടക്കുന്നത്. ഗൾഫിലെ പരീക്ഷയുടെ ചോദ്യപേപ്പർ സംഘടിപ്പിച്ച് കേരളത്തിൽ പരീക്ഷയെഴുതുന്നവർക്കു കൈമാറുന്ന സംഘങ്ങൾ വൻ റാക്കററായാണ് പ്രവർത്തിക്കുന്നത്. ഉത്തരസൂചികയ്ക്കുവേണ്ടി മൂന്നും നാലും ലക്ഷം രൂപയാണ് ഓരോ ഉദ്യോഗാർഥികളിൽനിന്നും തട്ടിപ്പുസംഘം ഈടാക്കുന്നത്.
ഇത്തരം രണ്ടു തട്ടിപ്പുസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിലേക്കാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. സംസ്ഥാനത്ത് സമീപകാലത്ത് മൂന്നോ നാലോ തട്ടിക്കൊണ്ടുപോകൽ നഴ്‌സിങ് മേഖലയുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ട് പോയതിൽ ഇത്തരത്തിൽ പ്രൊഫഷണൽ പരിചയം ഉള്ള ടീം ആണെന്ന് പൊലീസ് നേരത്തെ നിഗമനത്തിൽ എത്തിയിരുന്നു.
വ്യാജ നമ്പർ പ്ലേറ്റ് നിർമ്മാണവും കണ്ടെത്തി മുന്നോട്ട്
അതിനിടെ വ്യാജ നമ്പർ പ്ലേറ്റുകളും വ്യാജ സ്റ്റിക്കറുകളുമായി വാഹനങ്ങൾ വാടകയ്ക്കു നൽകുന്നയാളെ പോലീസ് പിടികൂടി. പരവൂർ സ്വദേശി വിനോദിനെയാണ് പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. ഡി.ഐ.ജി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനങ്ങളെപ്പറ്റി നിർണായക വിവരങ്ങൾ ഇയാളിൽനിന്നു കിട്ടുമെന്നാണ് പോലീസും കരുതുന്നത്.
കാർ ഡ്രൈവറും
ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിൽ ഒരാൾ കസ്റ്റഡിയിൽ. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കാർ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. നിലവിൽ ഇയാളിപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. കസ്റ്റഡിയിലുള്ളയാളുടെ വിശദ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. ഇന്ന് വീണ്ടും കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും.
ഓടിട്ട ആളൊഴിഞ്ഞ വീട്
കേസുമായി ബന്ധപ്പെട്ട് മൂന്ന് രേഖാചിത്രങ്ങൾ കൂടെ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഒരാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രെെവറെന്ന് സംശയിക്കുന്നയാളാണ്. രണ്ടാമത്തെ ആള്‍ കുട്ടിയെ പരിചരിച്ച സ്ത്രീയാണ്. മൂന്നാമത്തെ ആള്‍ കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവിട്ട യുവതിയാണ്. ഇവരുടെ ചിത്രം തലയില്‍ വെള്ള ഷാളിട്ട നിലയിലാണ്. നേരത്തെ ഇതേ വിഷയത്തില്‍ രണ്ട് രേഖാചിത്രങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു.
കുട്ടിയുടെ കൂടുതല്‍ മൊഴികളും നിലവില്‍ പുറത്തുവന്നിട്ടുണ്ട്. ഓടിട്ട ആളൊഴിഞ്ഞ വീട്ടിലായിരുന്നു തട്ടിക്കൊണ്ട് പോയ ദിവസം താമസിച്ചിരുന്നതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. ആളുകള്‍ കൂടുന്ന സ്ഥലത്ത് തല താഴ്ത്തിപ്പിടിച്ചിരുന്നു. ഭക്ഷണം വാങ്ങി നല്‍കിയിരുന്നു. കാര്‍ട്ടൂണ്‍ കാണിച്ച് തന്നു. പിറ്റേന്ന് രാവിലെ കാരിലും ഓട്ടോയിലുമായിട്ടാണ് സഞ്ചരിച്ചത്. ശേഷം, പപ്പയിപ്പോള്‍ വിളിക്കാന്‍ വരുമെന്ന് പറഞ്ഞ് യുവതി സ്ഥലംവിടുകയായിരുന്നുവെന്നും കുട്ടി വ്യക്തമാക്കി.