പ്രാർഥനയ്ക്ക് എത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കപ്പ്യാര്‍ അറസ്റ്റില്‍. ആറന്മുള ഇടയാറന്മുള സ്വദേശി തോമസാണ് (63) എട്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ മാതാവ് നല്‍കിയ പരാതി പ്രകാരം പടിയിലായത്. ഇതിനിടെ കേസ് പുറത്തറിയിക്കാതെ ഒതുക്കി തീർത്താൻ ശ്രമിച്ചത് വിവാദമായി.
കഴിഞ്ഞ ചൊവ്വാഴ്ച കൂട്ടുകാര്‍ക്കൊപ്പം സ്‌കൂളിനോട് ചേര്‍ന്ന പ്രാര്‍ഥനാലയത്തില്‍ എത്തിയതായിരുന്നു എട്ടാംക്ലാസുകാരി ബാലിക. പള്ളിയും സ്കൂളും ഒരേ വളപ്പിലാണ്. രാവിലെ ഒന്‍പതരയോടെയാണ് പെണ്‍കുട്ടി കൂട്ടുകാര്‍ക്കൊപ്പം പ്രാര്‍ഥനയ്‌ക്കെത്തിയത്. ഇതിനിടെ കപ്പ്യാര്‍ പെണ്‍കുട്ടിക്ക് നേരേ അതിക്രമം കാട്ടി. കുട്ടികളിൽ ഇത് ഭയവും അമ്പരപ്പും ഉണ്ടാക്കിയതോടെ പെണ്‍കുട്ടിയുടെ സഹപാഠി അധ്യാപികയെ അറിയിച്ചു. തുടർന്ന് കുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ചു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസില്‍ പരാതി നൽകാതിരിക്കാതിരിക്കാനുള്ള ശ്രമങ്ങളുണ്ടായത് വിവാദമായി. പള്ളിയിലെ വികാരിയും സ്‌കൂളിലെ പ്രഥമാധ്യാപികയും ചേര്‍ന്ന് പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആക്ഷേപം. കുട്ടിയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചിട്ടില്ല.