പാർലമെൻ്റിന് അകത്ത് കയറി പ്രതിഷേധിക്കയും പുകപരത്തുന്ന വസ്തുക്കൾ ഉപയോഗിച്ച് അതിക്രമം കാണിക്കയും ചെയ്ത യുവാക്കളിലൂടെ പുറത്തായത് പുതുതലമുറയുടെ അമർഷം. ജനാധപത്യത്തിൻ്റെ പരമോന്നത വേദിയിൽ തന്നെ കയറി അതിക്രമം നടത്തിയവർ മർദ്ദനം ഏല്ക്കുമ്പോൾ വിളിച്ചു പറഞ്ഞത് ഞങ്ങൾ രാജ്യസ്നേഹികൾ എന്നായിരുന്നു.
കഴിഞ്ഞദിവസം ലോക്‌സഭയില്‍ ശൂന്യവേളയ്ക്കിടെ നടന്ന അപ്രതീക്ഷിത സംഭവത്തില്‍ മൈസൂരു സ്വദേശി ഡി. മനോരഞ്ജന്‍ (34), ലഖ്നൗ സ്വദേശി സാഗര്‍ ശര്‍മ(27), ഹരിയാണ സ്വദേശി നീലം ദേവി(35), മഹാരാഷ്ട്ര ലാത്തൂര്‍ സ്വദേശി അമോല്‍ ഷിന്ദേ(25), വിശാല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാൾക്ക് മാരകമായി മർദ്ദനമേറ്റിരുന്നു.
പ്രതികൾക്കെതിരേ യു.എ.പി.എ. അടക്കമുള്ള വകുപ്പുകൾ ചുമത്തി. കുറ്റകരമായ ഗൂഢാലോചന, അതിക്രമിച്ചു കയറൽ, മനപ്പൂർവ്വമായി പ്രകോപനം ഉണ്ടാക്കി കലാപത്തിന് ശ്രമിക്കൽ, പോലീസ് നടപടികൾ തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചേർത്തത്. ലളിത് ഝാ എന്ന വ്യക്തിയാണ് ആക്രമണത്തിന്റെ ആസൂത്രണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇയാളെ പിടികൂടിയിട്ടില്ല.
പ്രതിഷേധം ഉയർത്തിയത് യുവാക്കൾ, തിരഞ്ഞെടുത്ത മാർഗ്ഗം സാഹസിക അതിക്രമമായി
കാത്തിരിക്കുന്നത് വിജയമാണെങ്കിലും പരാജയമാണെങ്കിലും പരിശ്രമിക്കുന്നതില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകരുതെന്നായിരുന്നു അക്രമത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതികളിലൊരാളായ സാഗര്‍ ശര്‍മ പങ്കുവെച്ച കുറിപ്പ്. സ്വപ്‌നങ്ങളാണ് ജീവിതത്തെ അര്‍ഥപൂര്‍ണമാക്കുന്നതെന്നും സ്വപ്‌നങ്ങള്‍ക്കായി പ്രയത്‌നിച്ചില്ലെങ്കില്‍ ജീവിതം വ്യര്‍ഥമാണെന്നുമായിരുന്നു മറ്റൊരു കുറിപ്പ്.

വനിതാ സംവരണം ആവശ്യപ്പെട്ട് നീലം ആസാദ്
അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവതി നീലം ആസാദ് നവംബര്‍ 11-നു വരെയാണ് സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്നത്. എക്‌സില്‍ പങ്കുവെച്ച അവസാന പോസ്റ്റ് നിയമസഭയിലെയും പാര്‍ലമെന്റിലെയും സ്ത്രീ പ്രാതിനിധ്യത്തിന്റെ കുറവിനെ വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു. പാര്‍ലമെന്റിലും നിയമസഭയിലും എന്തുകൊണ്ട് സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുന്നില്ല? ഹരിയാനയില്‍ ഗ്രാമപഞ്ചായത്തുകളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമുണ്ട്. എന്തുകൊണ്ട് പാര്‍ലമെന്റിലും നിയമസഭയിലുമതില്ല എന്നായിരുന്നു നീലത്തിന്റെ കുറിപ്പ്.
ദലിത് പീഡനങ്ങൾക്ക് എതിരെ നിലകൊണ്ട്
ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനു നേരെ ആക്രമണമുണ്ടായ ദിവസമാണ് നീലം ഇതിനു മുമ്പ് ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ട് കുറിപ്പു പങ്കുവെച്ചത്. ദളിതർക്കും അരികുവത്കരിക്കപ്പെട്ടവർക്കും വേണ്ടി ശബ്ദമുർത്തുന്നവരെ നിശബ്ദരാക്കാൻ അവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പ്രവണതയാണ് ആക്രമത്തിലൂടെ വ്യക്തമാകുന്നതെന്നും ജനാധിപത്യം കൊല്ലപ്പെട്ടിരിക്കുന്നുവെന്നുമായിരുന്നു പോസ്റ്റ്.

ഹരിയാണ സ്വദേശി നീലംദേവി നടത്തിയത് സര്‍ക്കാരിനെതിരായ പ്രതിഷേധമാണ്. രാഷ്ട്രീയപാര്‍ട്ടികളുമായി മകള്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. തൊഴിലില്ലായ്മയ്‌ക്കെതിരായാണ് പ്രതിഷേധം നടത്തിയതെന്നുമാണ് നീലത്തിന്റെ സഹോദരനും അമ്മയും പ്രതികരിച്ചിട്ടുള്ളത്.
ഗ്രാമത്തില്‍ ലൈബ്രറി നിര്‍മ്മിച്ചിട്ടുണ്ട് നീലം. ഗ്രാമീണരുടെ മക്കള്‍ക്കായി വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി പ്രവര്‍ത്തിച്ചുവരികയുമായിരുന്നു. കര്‍ഷകസമരം, തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരായ പ്രക്ഷോഭം തുടങ്ങിയവയടക്കം കേന്ദ്രസര്‍ക്കാരിനെതിരായ നിരവധി സമരങ്ങളില്‍ നീലം നേരത്തെയും പങ്കെടുത്തിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കുന്നു.
അവകാശപ്പെട്ട സുരക്ഷകൾ പാളി, ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകി
പാർലമെന്റ് അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ ഏഴ് ലോക്സഭാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ലോക്സഭാ സെക്രട്ടേറിയറ്റാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം ലോക്സഭയിൽ നടന്ന അതിക്രമത്തിൽ വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
അക്രമികളായ രണ്ടുപേരും പാർലമെന്റിനകത്തേക്ക് പ്രവേശിക്കുമ്പോൾ കൃത്യമായ രീതിയിൽ പരിശോധിക്കാതെ സുരക്ഷാ വീഴ്ച വരുത്തിയെന്നു കാട്ടിയാണ് ഏഴുപേരെ ലോക്സഭാ സെക്രട്ടേറിയറ്റ് സസ്പെൻഡ് ചെയ്തത്.