പാര്‍ലമെൻ്റ് ഹാളിലേക്ക് അതിക്രമിച്ചു കയറി പ്രതിഷേധം പ്രകടിപ്പിച്ച യുവ സംഘത്തിലെ മുഖ്യൻ ലളിത് ഝാ കീഴടങ്ങി. കേസില്‍ ആറാം പ്രതിയായ ബീഹാര്‍ സ്വദേശി ലളിത് മോഹന്‍ ഝാ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്ന് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. കര്‍ത്തവ്യപഥ് പോലീസിന് മുന്നില്‍ കീഴടങ്ങിയ ഇയാളെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിന് കൈമാറി.
പാര്‍ലമെന്റിനു പുറത്ത് നീലവും അമോലും മഞ്ഞയും ചുവപ്പും സ്പ്രേ അടിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത് ലളിതായിരുന്നു. സംഭവത്തിൽ അറസ്റ്റിലായവർ എല്ലാം സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സ്വന്തം നിലയ്ക്ക് സജീവമായി നിലകൊള്ളുന്നവരാണ്. സമരങ്ങളിലും പ്രക്ഷോഭഗങ്ങളിലും എല്ലാം ഇവർ ജനാധിപത്യപരമായി പങ്കാളികളായിട്ടുണ്ട്.
സാഗര്‍ ശര്‍മ, ഡി. മനോരഞ്ജന്‍ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലോക്‌സഭയുടെ ശൂന്യവേളയില്‍ ചേംബറില്‍ ചാടിയിറങ്ങി പ്രതിഷേധം അറിയിച്ച്ത്. സാഗര്‍, സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളായ അമോല്‍, നീലംദേവി എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്. കേസിലെ അഞ്ചാം പ്രതിയായ വിശാല്‍ ശര്‍മയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സുരക്ഷ സ്പീക്കറുടെ കീഴിൽ, വീഴ്ച പറ്റിയെന്ന് സമ്മതിച്ചും അമിത് ഷാ
‘ഇത് ഗൗരവമേറിയ സംഭവമാണ്. പ്രതിപക്ഷം അതിനുമുകളില്‍ രാഷ്ട്രീയം കളിക്കുകയാണ്. വീഴ്ചയുണ്ടായെന്നത് സത്യമാണ്. പാര്‍ലമെന്റിന്റെ സുരക്ഷ സ്പീക്കര്‍ക്ക് കീഴില്‍ വരുന്ന കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. സംഭവത്തില്‍ സ്പീക്കര്‍ ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. അന്വേഷണത്തിന് മന്ത്രാലയം സമിതിയെ നിയോഗിച്ചു. സ്പീക്കര്‍ക്ക് ഉടന്‍തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും’, അമിത് ഷാ പറഞ്ഞു.
അന്വേഷണത്തിന് നിയോഗിച്ച സമിതി സംഭവത്തിലെ വീഴ്ചകള്‍ പരിശോധിക്കുന്നതിനൊപ്പം ലോക്‌സഭയുടെ സുരക്ഷ വര്‍ധിപ്പിക്കാനാവശ്യമായ നിര്‍ദേശങ്ങളും നല്‍കും.