കലാപം രൂക്ഷമായി ബാധിച്ച മണിപ്പുര്‍ സന്ദര്‍ശിക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം കാണാനായി അഹമ്മദാബാദിലേക്ക് പോയതിനെ കടുത്ത ഭാഷയിൽ പരിഹസിച്ച് പ്രിയങ്ക ഗാന്ധി. മത്സരത്തില്‍ ഇന്ത്യ വിജയം നേടിയിരുന്നെങ്കില്‍ അതിന്റെ ക്രെഡിറ്റ് എടുക്കാമെന്ന് കരുതിയാണ് മോദി ക്രിക്കറ്റ് കാണാന്‍ പോയതെന്ന് പ്രിയങ്ക തുറന്നടിച്ചു. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവർ
”മണിപ്പുര്‍ ഏഴ് മാസത്തോളമായി വംശീയ കലാപത്തില്‍ മുങ്ങിയിരിക്കുകയാണ്. പക്ഷേ പ്രധാനമന്ത്രി അവിടേക്ക് തിരിഞ്ഞുനോക്കിയില്ല. പക്ഷെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നത് കാണാന്‍ അദ്ദേഹം അഹമ്മദാബാദിലേക്ക് പോയി. ലോകകപ്പില്‍ നമ്മുടെ ടീം കഠിനാധ്വാനത്തിലൂടെ ഫൈനലിലെത്തി. ഫൈനല്‍ കാണാന്‍ മോദി ജി അഹമ്മദാബാദില്‍ എത്തിയത് ടീം വിജയിക്കുകയാണെങ്കില്‍ അതിന്റെ ക്രെഡിറ്റ് എടുക്കാനാണ്”, പ്രിയങ്ക പറഞ്ഞു.
”താനൊരു ‘ഫക്കീര്‍’ (സന്ന്യാസി) ആണെന്നാണ് നരേന്ദ്രമോദി സ്വയം അവകാശപ്പെടുന്നത്. അങ്ങിനെയാണെങ്കിൽ പിന്നെ എങ്ങിനെയാണ് മോഡി ഭരണത്തിന് കീഴില്‍ ബി.ജെ.പി. ഇന്ത്യയിലെ ഏറ്റവും സാമ്പത്തികശേഷിയുള്ള രാഷ്ട്രീയപാര്‍ട്ടിയായി മാറിയത്? മോഡിയും കേന്ദ്രസര്‍ക്കാരും വന്‍വ്യവസായികളുടെ വായ്പകള്‍ എഴുതിത്തള്ളി. എന്നാല്‍ പാവപ്പെട്ടവരെ അവഗണിച്ചു.
കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി. സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത് സമ്പന്നര്‍ക്ക് വേണ്ടിയാണെന്നും പ്രിയങ്ക പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ ഇന്ദ്രജ് ഗുര്‍ജറിനും മനീഷ് യാദവിനും വേണ്ടി പ്രചരണത്തിനെത്തിയതായിരുന്നു പ്രിയങ്ക. നവംബര്‍ 25-നാണ് രാജസ്ഥാന്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്