മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ നടൻ സുരേഷ് ഗോപിക്കെതിരേ പോലീസ് കേസെടുത്തു. 354 എ വകുപ്പ് പ്രകാരം നടക്കാവ് പോലീസാണ് കേസെടുത്തത്. പരാതി പ്രകാരം വനിതാ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വിവാദങ്ങൾക്ക് ഇടയാക്കിയ സംഭവം. ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി ആവർത്തിച്ച് കൈ വെച്ചതാണ് കേസിന് ഇടയാക്കിയത്.
തോളില്‍ കൈവെച്ച നടപടി ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവര്‍ത്തക എടുത്ത് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ചോദ്യം നേരിടുന്നതിന് പകരം സ്പർശത്താൽ നേരിടുന്ന സമീപനമായിരുന്നു. സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തക വ്യക്തമാക്കിയിരുന്നു. പത്ര പ്രവർത്തക യൂണിയനും ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി.
ജാമ്യമില്ലാ വകുപ്പ്
ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. . രണ്ട് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
ഇതിന് പിന്നാലെ സംഭവത്തില്‍ സുരേഷ് ഗോപി മാപ്പുപറഞ്ഞിരുന്നു. തന്റെ പെരുമാറ്റം ഏതെങ്കിലും രീതിയില്‍ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. എന്നാൽ ഇത് തോന്നൽ എന്ന നിലയ്ക്ക് ചെറുതാക്കാൻ പറ്റില്ലെന്ന് ദൃശ്യങ്ങൾ സഹിതം പരാതിക്കാരി വ്യക്തമാക്കി.