സര്‍ക്കാര്‍ ബ്രാന്‍ഡ് മദ്യമായ ജവാൻ റമ്മിൽ അളവിൽ കൃത്രിമത്വം കണ്ടെത്തി. ഒരു ലിറ്റര്‍ കുപ്പിയില്‍ അളവില്‍ കുറവുണ്ടെന്നാണ് കണ്ടെത്തല്‍. നിര്‍മാതാക്കളായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനെതിരേ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു.
ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്. ഇന്ന് തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകും . രേഖാമൂലം പരാതി ലഭിച്ചതിന് തുടർന്നാണ് ലീഗൽ മെട്രോളജി വിഭാഗം തിരുവല്ല പുളിക്കഴിയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ മിന്നൽ പരിശോധനയ്ക്ക് എത്തിയത്. രാത്രി വൈകിയും പരിശോധന നീണ്ടു. ഒരു ലിറ്റർ ജവാൻ ബോട്ടിലിൽ അളവിൽ കുറവുണ്ടെന്നാണ് കണ്ടെത്തൽ. എറണാകുളത്തുനിന്നുള്ള ഉദ്യോഗസ്ഥ സംഘം ഇന്നലെയാണ് പരിശോധന നടത്തിയത്.
തൊഴിലാളികള്‍ മദ്യം നേരിട്ട് നിറയ്ക്കുമ്പോഴുണ്ടായേക്കാവുന്ന സ്വാഭാവിക കുറവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.
മാർക്കറ്റിൽ പ്രിയം നേടിയ ബ്രാൻ്റ്, ഏറ്റവും മോശം നിലയിൽ വിപണനം
ജവാൻ റം ബോട്ടിലിങ് മെച്ചപ്പെടുത്തും എന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. പ്രീമിയം ഇറക്കുന്നു എന്നും പ്രഖ്യാപിച്ചിരുന്നു. മോശം ബോട്ടിലുകൾ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിലെ മാനദണ്ഡം പോലും പാലിക്കാതെ പുറത്തിറക്കുന്നു. അടപ്പ് പോലും മുറുകി നിൽക്കാത്ത നിലയിലാണ് എന്നിങ്ങനെ പരാതികൾ ഏറെയായിരുന്നു. സർക്കാരനും കമ്പനിക്കും ഏറ്റവും ലാഭകരമായ ബ്രാൻ്റ് ആയിട്ടും ഇതിന് മിനിമം മാർക്കറ്റ് നിലവാരം സൂക്ഷിക്കുന്നതിൽ വിമുഖത കാണിക്കുന്നു എന്നും പരാതിയുണ്ടായി. എന്നാൽ പ്രീമിയം ലെവൽ പരിഷ്കാരങ്ങൾ എല്ലാം അജ്ഞാത കാരണങ്ങളിൽ ഉടക്കി.
ഇതിനിടെ ജവാൻ മദ്യം പ്രതിദിനം 16,000 കെയ്സ് ഉത്പാദിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെവ്കോ എം.ഡി ശ്യാംസുന്ദർ സർക്കാരിന് ശുപാർശ നൽകിയിരുന്നു. നിലവിലെ നാല് ഉത്പാദക ലൈനുകൾ കൂടാതെ ആറെണ്ണത്തിൽ കൂടി വേണെന്നാണ് ശുപാർശ ഉണ്ടായിരുന്നത്.
എന്നാൽ ആവശ്യക്കാർ വർദ്ധിച്ചെങ്കിലും ഉത്പാദനം കൂട്ടാനാകാത്ത അവസ്ഥയിലാണ് കമ്പനി. മദ്യ നിർമ്മാണത്തിനായി ഒരു ലൈൻ സ്ഥാപിക്കാൻ 30 ലക്ഷം രൂപയാണ് കമ്പനി കണക്കാക്കുന്ന ചെലവ്. കൂടാതെ മേൽനോട്ടക്കാരെയടക്കം കൂടുതൽ ജീവനക്കാരെയും നിയമിക്കേണ്ടിവരും. മലബാർ മേഖലയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ചിറ്റൂർ കോ – ഓപ്പറേറ്റീവ് ഷുഗർ മിൽ തുറക്കണമെന്ന ശുപാർശയും സർക്കാരിന് സമർപ്പിച്ചെന്നും ബെവ്കോ എം.ഡി ശ്യാംസുന്ദർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ സർക്കർ പിൻവാങ്ങി നിൽക്കുന്നതിന് താത്പര്യമുള്ള ലോബിയുടെ സ്വാധീനം ഇതിനെതിരായ നീക്കത്തിൽ ആരോപിക്കപ്പെടുന്നു. ഏറ്റവും ജനപ്രിയമായ നിലവാരത്തിൽ ഒരു പ്രോഡക്ട്റ്റ് എത്തിയിട്ടും സർക്കാരിന് ഇത് വരുമാനമാക്കി മാറ്റാൻ കഴിഞ്ഞില്ല. പുതിയമദ്യ നയം പ്രഖ്യാപിച്ചതോടെ ഈ പൊതുമേഖലാ സ്ഥാപനം പുതിയ രംഗത്തേക്ക് വളരും എന്ന പ്രതീക്ഷയും ഉണ്ടായിരുന്നു.
സ്പിരിറ്റ് തിരിമറിക്ക് ശേഷം ഉല്പാദനം നിലച്ചു, വീണ്ടും തുടങ്ങയിപ്പോഴും ബോട്ടിലിങ് പിഴവ്
സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറി. ഇവിടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്പിരിറ്റ് തട്ടിപ്പില്‍ പ്രതികളായതിനെ തുടര്‍ന്ന് 2021 ൽ ഉൽപാദനം നിർത്തിവെച്ചിരുന്നു. ഒരു ദിവസം 8000 കെയ്സ് ജവാൻ റം ആണ് ഉൽപാദിപ്പിക്കുന്നത്. ഒരു കെയ്സിൽ ഒരു ലിറ്ററിന്‍റെ ഒമ്പത് കുപ്പികളുണ്ടാകും. ജവാൻ നിലയ്ക്കുമ്പോൾ ഈ വില്പനയെല്ലാം സ്വകാര്യ മേഖലിയിലേക്ക് പോകും.
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തല്‍ നടത്തിയത്. 20,000 ലിറ്റര്‍ സ്പിരിറ്റ് മറിച്ചുവിറ്റെന്നാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോർട്ട് ചെയ്തിരുന്നത്. ഫാക്ടറിയിലേക്ക് സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ സ്വകാര്യ എജന്‍സിക്കാണ് നല്‍കിയത്. അറ് മാസത്തേക്കായിരുന്നു കരാര്‍.
എറണാകുളത്തെ കേറ്റ് എഞ്ചിനിയറിംഗ് എന്ന സ്ഥാപനാണ് ഇ കരാര്‍ ഏറ്റെടുത്തത്. ആറ് മാസത്തിനുള്ളില്‍ 36 ലക്ഷം ലിറ്റര്‍ സ്പിരിറ്റ് എത്തിക്കുന്നതിനായിരുന്നു കരാര്‍. എന്നാല്‍ ഈ കാലയളവിലാണ് ഉദ്യോഗസ്ഥര്‍ വന്‍ ക്രമക്കേട് നടത്തിയത്. നാല് തവണയായി രണ്ട് ലോറികളിലെ എട്ട് ലോഡ് സ്പിരിറ്റില്‍ നിന്ന് വില്‍പ്പന നടത്തുകയായിരുന്നു. കേരളത്തില്‍ എത്തും മുമ്പ് 50 രൂപ നിരക്കിലാണ് സ്പിരിറ്റ് വിറ്റതെന്നാണ് കണ്ടെത്തിയത്.