പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ കുട്ടിക്ക് നൽകിയത് പേവിഷബാധയ്ക്കുള്ള മരുന്ന്. സംഭവത്തിൽ അങ്കമാലി താലൂക്ക് ആശുപത്രിയിൽ നഴ്സിന് എതിരെ നടപടി. സുപ്രണ്ട് ഡി.എം.ഒയ്ക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഴ്സിനെ ആശുപത്രിയിൽ നിന്ന് മാറ്റി.
കുട്ടിയുടെ കൂടെ ആളില്ലാത്ത സമയത്ത് ആയിരുന്നു കുത്തിവെപ്പ് എടുത്തത്. ചീട്ട് പരിശോധിക്കാതെ കുത്തി വെപ്പ് നടത്തുകയായിരുന്നു. വീഴ്ചകൾ സംഭവിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു.
പനി വിട്ടുമാറാത്തതിനെ തുടർന്ന് രക്തപരിശോധനയ്ക്ക് വേണ്ടി അമ്മയ്ക്ക് ഒപ്പം ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. അമ്മ ഒപി ടിക്കറ്റെടുക്കാൻ പോയപ്പോഴാണ് നഴ്സ് കുട്ടിയ്ക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയത്. കോതകുങ്ങര സ്വദേശിയായ കുട്ടിക്കാണ് കുത്തിവയ്പ്പ് മാറി നൽകിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.
നഴ്സിനെതിരേ കുടുംബം പരാതി നൽകിയിട്ടില്ല. നിലവിൽ കുട്ടിക്ക് മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല. ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക കുടുംബത്തിനുണ്ട്. കുട്ടിക്ക് ചികിത്സ തുടരുകയാണ്.