ഇന്ത്യയുടെ ലോകകപ്പ് തോല്‍വിയുടെ അലയൊലി രാഷ്ട്രീയ വേദികളിലും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സാന്നിധ്യം കനത്ത പരിഹാസമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ ലോകകപ്പ് നേടേണ്ടതായിരുന്നു, എന്നാല്‍ ദുശ്ശകുനം സ്റ്റേഡിയത്തില്‍ എത്തിയതോടെ പരാജയപ്പെട്ടുവെന്നാണ് രാഹുൽ പരിഹസിച്ചത്. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ഇത് കൈയ്യടിയും ചിരിയും നിറച്ചു. ടി വി ചാനലുകൾക്ക് ഇതറിയാം പക്ഷെ അവർ പറഞ്ഞില്ല, എങ്കിലും ജനങ്ങൾക്ക് അത് എളുപ്പം മനസിലാവും എന്നും രാഹുൽ പറഞ്ഞു.
‘ഇന്ത്യന്‍ ക്രിക്കറ്റ് ടീം നന്നായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ലോകകപ്പ് നേടേണ്ടതായിരുന്നു. ഇതിനിടയിലാണ് ദുശ്ശകുനം സ്‌റ്റേഡിയത്തിലെത്തിയത്. ഇതോടെ എല്ലാം ഇന്ത്യക്ക് എതിരായി. ദുശ്ശകുനം ടീമിന്റെ പരാജയത്തിലേക്ക് നയിച്ചു’. രാഹുലിൻ്റെ പരിഹാസം നിറഞ്ഞ ഈ വാക്കുകൾ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിൽ പങ്കുവച്ചിട്ടുണ്ട്.
Panauti എന്ന പദമാണ് ഉപയോഗിച്ചത്. ഇതിനെതിരെ മന്ത്രി രവിശങ്കർ പ്രസാദ് രംഗത്ത് എത്തി. രാഹുൽ മാപ്പ് പറയണം എന്നാവശ്യപ്പെട്ടു. അപലപനീയവും പരാജയ ഭീതിയിൽ നിന്നു ഉണ്ടായതുമായ പ്രയോഗമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രി രാജീവ് ചന്ദ്രശേഖറും എക്സിൽ പ്രതിഷേധവുമായി എത്തി.
നവംബര്‍ 19-ന് അഹമ്മദാബാദില്‍ ആയിരുന്നു ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ. ഇതിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് ദയനീയമായി പരാജയപ്പെട്ടിരുന്നു. അതുവരെ ഒറ്റ തേൽവിയും ഏറ്റുവാങ്ങാതെയാണ് ടീം ജയിച്ച് കയറിയത്. ഫൈനലിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്രമന്ത്രി അമിത് ഷായും എത്തിയിരുന്നു.
ഇന്ത്യൻ ടീമിനെ ആശ്വസിപ്പിക്കാനെത്തിയ മോഡിയുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളിൽ വെെറലായ വീഡിയോകളെ മുൻകൂട്ടി തയ്യാറാക്കിയ സാന്ത്വനമെന്ന് ജയറാം രമേശ് തുറന്നു കാട്ടി. പ്രധാനമന്ത്രിയെ ‘മാസ്റ്റർ ഓഫ് ഡ്രാമ ഇൻ ഇന്ത്യ’ എന്നും തന്റെ എക്സ് പോസ്റ്റിൽ അദ്ദേഹം പരിഹസിച്ചു.