താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അവധി ദിവസങ്ങളിലാണ് നിയന്ത്രണം.
വൈകിട്ട് 3 മുതല്‍ രാത്രി 9 വരെ വലിയ വാഹനങ്ങള്‍ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ചുരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം.
ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിനങ്ങള്‍, രണ്ടാം ശനിയോട് ചേര്‍ന്ന് വരുന്ന വെള്ളിയാഴ്ചകള്‍ എന്നീ ദിവസങ്ങളില്‍ വൈകുന്നേരം 3 മണിക്കും 9 മണിക്കും ഇടയിലാണ് ഗതാഗത നിയന്ത്രണം.
ഈ ദിവസങ്ങളില്‍ 6 വീലില്‍ കൂടുതലുള്ള ടിപ്പറുകള്‍, 10 വീലില്‍ കൂടുതലുള്ള ചരക്ക് വാഹനങ്ങള്‍, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍, ട്രക്കുകള്‍ തുടങ്ങി വലിയ വാഹനങ്ങള്‍ ചുരത്തിലൂടെ കടന്ന് പോകാന്‍ അനുവദിക്കില്ല.
തിങ്കളാഴ്ച രാവിലെ 6 മുതല്‍ 9 മണി വരെയും ഈ നിരോധനം പ്രാബല്യത്തില്‍ ഉണ്ടാകും. ദുരന്തനിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉപയോഗിച്ചാണ് ജില്ലാതല ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവ്.
പൊലീസ് എമർജൻസി വിങ്ങ്
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ചുരത്തില്‍ ഉണ്ടാകുന്ന അപകടങ്ങള്‍, വാഹന തകരാറുകള്‍ മൂലമുണ്ടാവുന്ന തടസ്സങ്ങൾ എന്നിവ അടിയന്തിരമായി പരിഹരിച്ച് ഗതാഗതം പുനസ്ഥാപിക്കുന്നതിനായി ഒരു എമര്‍ജന്‍സി സംവിധാനം ഏര്‍പ്പെടുത്താന്‍ താമരശ്ശേരി പോലീസിന് കളക്ടർ നിര്‍ദ്ദേശം നല്കി.