കേരളത്തിലേത് ദുർഭരണമെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങൾ. യൂത്ത് ലീഗ് യൂത്ത് മാർച്ചിന്റെ സമാപന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അഭ്യാസ മേഖലയായി തീർന്നു. ആരോഗ്യ മേഖലയെ രോഗ ഗ്രസ്തമായി മാറ്റിയിരിക്കുന്നു. ഈ ദുർഭരണത്തിൽ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
മന്ത്രിമാർ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നു
മന്ത്രിമാരുടെ ബസ് യാത്ര ദുരന്തമായി മാറിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഭരിക്കുന്നവർ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ബസിൽ യാത്ര ചെയ്ത മന്ത്രിമാർ പോയിടത്തൊക്കെ കലാപം ഉണ്ടാവുന്നു. അവരാണ് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നത്. ഉമ്മൻചാണ്ടിയുടെ കാലത്ത് പ്രതിഷേധിക്കുന്നവർക്ക് പോലും തലോടലായിരുന്നുവെങ്കില്‍ പ്രതിഷേധിക്കുന്നവരെ ഇപ്പോൾ പോലീസും പാർട്ടിക്കാരും തല്ലുകയാണ്. പ്രതിഷേധിക്കുന്നവർ ഒടുവില്‍ സ്വന്തം നിലക്ക് രക്ഷതേടാൻ തുടങ്ങിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗവർണരും ഭരണക്കാരും ചേർന്ന് ജനങ്ങളുടെ ഉറക്കം കെടുത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി. ദുർഭരണക്കാരെ ജനം വലിച്ചെറിയുമെന്നും യുഡിഎഫിനെ ജനങ്ങൾ അധികാരത്തിൽ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.