കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയാണ് അപകടമുണ്ടായത്. തിരക്കിൽ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്. മരിച്ചവരിൽ രണ്ട് പേർ ആൺ കുട്ടികളും രണ്ട് പെൺകുട്ടികളുമാണ്. ഇതിൽ ഒരാൾ കേരളത്തിന് പുറത്ത് നിന്നുള്ള വിദ്യാർഥിയാണ്. സുഹൃക്കുക്കൾക്ക് ഒപ്പം കുസാറ്റിലേക്ക് പരിപാടി കാണാൻ എത്തിയതാണ്. അപകടത്തിൽ 50-ൽ അധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

പ്രശസ്ത പ്ലേ ബാക് സിംഗർ നികിത ഗാന്ധിയുടെ പരിപാടിയായിരുന്നു സമാപന ചടങ്ങിൽ. ഓഡിറ്റോറിയത്തിന് അകത്തായിരുന്നു സംഗീത നിശ. എന്നാൽ അകത്ത് ഉൾകൊള്ളാൻ പറ്റുന്നതിലും ഇരട്ടിയിൽ അധികം പേർ എത്തി. ശ്രോതാക്കൾക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ല.

മഴ ശക്തമായി പെയ്തതോടെ പുറത്ത് നിന്ന് പരിപാടി കണ്ടവർ അകത്തേക്ക് കയറാൻ ശ്രമിച്ചു. ഇതിനിടെ പടവുകളിൽ നിന്നവർ അവർക്ക് നേരെ വീണു. പിന്നിൽ നിന്നും കൂടുതൽ പേർ എത്തിയതോടെ നിയന്ത്രണം വിട്ട് പലരും ചവിട്ടടികൾക്ക് താഴെ വീണു. ഇതാണ് മരണകാരണമായതെന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർഥികൾ കേരള പോസ്റ്റിനോട് പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നതിന് നിയന്ത്രണം ഉണ്ടായിരുന്നില്ല. ഓഡിറ്റോറിയത്തിന് അകത്തേക്ക് പ്രവേശിക്കാനും പുറത്ത് കടക്കാനും ഒരു വഴിമാത്രമായിരുന്നു ഉണ്ടായിരുന്നത്

തൻ്റെ പരിപാടി ആരംഭിക്കുന്നതിന് മുൻപായിരുന്നു ദുരന്തമെന്ന് നികത ഗാന്ധി പറഞ്ഞു.
വെള്ളിയാഴ്ചയാണ് ക്യാമ്പസിൽ ടെക് ഫെസ്റ്റ് ആരംഭിച്ചത്. ടെക്ക് ഫെസ്റ്റിന്റെ സമാപന ദിനമായ ശനിയാഴ്ച വൈകീട്ട് നടന്ന ഗാനമേളയ്ക്കിടെയായിരുന്നു അപകടം. ടെക്ക് ഫെസ്റ്റ് ആയതിനാൽ നിരവധി ക്യാമ്പസുകളിൽ നിന്നും വിദ്യാർഥികൾ ക്യാമ്പസിലേക്കെത്തിയിരുന്നു.
രണ്ടായിരത്തിലേറെ പേർ പങ്കെടുത്ത പരിപാടിയുടെ മുഖ്യ ആകർഷണം ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയായിരുന്നു. ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടന്നത്. ഈ സ്ഥലത്ത് സ്റ്റെപ്പുകളിൽ നിന്നാണ് വിദ്യാർത്ഥികൾ പരിപാടി ആസ്വദിച്ചിരുന്നത്.
അപകട സ്ഥലം പൊലീസ് നിയന്ത്രണത്തിലാണ്. വിദ്യാർത്ഥികളെ ഇവിടെ നിന്ന് ഒഴിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാൾ ആശുപത്രിയിലെത്തും മുൻപ് മരിച്ചിരുന്നു. മറ്റ് മൂന്ന് പേർ ആശുപത്രിയിലെത്തിയ ഉടനെ മരണമടഞ്ഞു. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരിൽ രണ്ട് പേർ ആൺകുട്ടികളും രണ്ട് പേർ പെൺകുട്ടികളുമാണ്. നാല് പേരുടെ നില ഗുരുതരമാണ്. ഒരു സ്വകാര്യ ആശുപത്രിയിൽ 18 പേർ ചികിത്സയിലാണ്. ഇവരിൽ ഒരാൾക്ക് തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ആരോഗ്യപ്രവർത്തകരുടെയും ആംബുലൻസുകളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും, സ്ഥലം എംഎൽഎ കൂടിയായ വ്യവസായ മന്ത്രി പി രാജീവും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. 64 പേർക്കാണ് പരിക്കേറ്റതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതൽ പേർക്ക് പരിക്കേറ്റിരിക്കാൻ സാധ്യതയുണ്ട്.
വർഷങ്ങളായി മുടങ്ങിയ പരിപാടി
ടെക് ഫെസ്റ്റില്‍ പങ്കെടുക്കാനായി എത്രപേര്‍ വന്നിട്ടുണ്ടെന്ന് അറിയില്ലെന്നും പ്രദേശവാസികളും പങ്കെടുത്തിരുന്നുവെന്നും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍. സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങിന്റെ ടെക്‌നിക്കല്‍ ഫെസ്റ്റാണിത്. കോവിഡ് കാരണം കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ പരിപാടി നടന്നിരുന്നില്ല. ഈ വര്‍ഷം വീണ്ടും തുടങ്ങിയ പരിപാടിയില്‍ എക്‌സ്ബിഷന്‍, ഇന്നൊവേറ്റീവ് പരിപാടികള്‍ എന്നിവയും നടന്നിരുന്നു. പരിപാടി നടക്കുന്ന വിവരം പോലീസിനെ അറിയിച്ചിരുന്നു.
സാധാരണ കുസാറ്റില്‍ നടക്കുന്ന പരിപാടികള്‍ക്ക് സമീപത്തു താമസിക്കുന്ന ആളുകളും വരാറുണ്ട്. അങ്ങനെ ഇന്ന് എത്രപേര്‍ ഇവിടെ വന്നിട്ടുണ്ടെന്ന് അറിയില്ല. യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മാത്രം 25,000 പേര്‍ വരും. ഇതുകൂടാതെ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. പുറത്തേക്ക് പോകാനുള്ള തിരക്കിലല്ല താഴെവീണത്. സ്‌റ്റെപ്പില്‍ കുറച്ചു ആളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നു. പുറത്തുനിന്നുള്ളവര്‍ അകത്തേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ആ സ്‌റ്റെപ്പിലുണ്ടായിരുന്നവര്‍ വീഴുകയായിരുന്നു’, വിസി പറഞ്ഞു.
നേരത്തെ തന്നെ തിക്കും തിരക്കും എന്ന് വാർഡ് മെമ്പർ
പരിപാടിക്കിടെ അകത്ത് നിന്ന കുട്ടികള്‍ക്കുപോലും ശ്വാസം മുട്ടിയിരുന്നുവെന്ന് കളമശ്ശേരി വാര്‍ഡ് കൗണ്‍സിലര്‍ പ്രമോദ് പറഞ്ഞു.
‘രണ്ടു മൂന്നു ദിവസമായി കുസാറ്റില്‍ പരിപാടി നടക്കുന്നുണ്ട്. ആ സമയത്ത് നിയന്ത്രണാതീതമായ തിരക്കായിരുന്നു ഉണ്ടായിരുന്നത്. ഹാളിലേക്ക് എന്‍ട്രിയും എക്‌സിറ്റും ഒരേ സ്ഥലത്തു തന്നെയാണ് ഉണ്ടായിരുന്നത്. ഇത്രയും വലിയ ഹാളിന്റെ പ്രവേശന കവാടവും വളരെ ചെറുതായിരുന്നു. വിദ്യാര്‍ഥികള്‍ തന്നെയായിരുന്നു വളണ്ടിയേഴ്‌സായി നിന്നിരുന്നത്.
മഴ വന്നപ്പോള്‍ എല്ലാവരും ഒരുമിച്ച് ഇതിനകത്തേക്ക് തള്ളികയറുകയും വളണ്ടിയേഴ്‌സിന് നിയന്ത്രിക്കാന്‍ പറ്റാത്ത തിരക്കായി മാറുകയും കുത്തനെയുള്ള സ്റ്റെപ്പിലൂടെ കുട്ടികള്‍ വീഴുകയുമായിരുന്നു. പുറത്തുനിന്നും വന്നവര്‍ ഇതിനു മുകളിലേക്ക് വീണു പുറകില്‍ നിന്നവര്‍ക്ക് അപകടം മനസിലാക്കാനും സാധിച്ചില്ല. നിയന്ത്രണാതീതമായി വീണ്ടും കുട്ടികള്‍ വന്നതോടെയാണ് അപകടം വലുതായത്’, പ്രമോദ് പറഞ്ഞു