കേരള നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ബില്ലുകളില്‍ തീരുമാനം വൈകിപ്പിച്ചതിന് കൃത്യമായ കാരണം വിശദീകരിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിഞ്ഞില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.
രണ്ടുവർഷത്തോളം ബില്ലുകളിൽ എന്തെടുക്കുകയായിരുന്നു എന്നും കോടതി
രണ്ട് വര്‍ഷത്തോളം ബില്ലുകളില്‍ എന്തെടുക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. നിയമസഭ പാസ്സാക്കിയ ധനബില്ലില്‍ ഉടന്‍ തീരുമാനം എടുക്കാനും ഗവര്‍ണറോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ചട്ടങ്ങള്‍ പാലിക്കാതെയാണ് ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചതെന്ന് കേരളത്തിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ. കെ. വേണുഗോപാല്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയതും കോടതി പരിഗണിച്ചു. ഗവര്‍ണറുടെ പരിഗണനയിലുണ്ടായിരുന്ന എട്ട് ബില്ലുകളില്‍ ഏഴെണ്ണം രാഷ്ട്രപതിക്ക് അയച്ചതായി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി സുപ്രീം കോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നു. ഒരെണ്ണത്തിന് അനുമതി നല്‍കിയതായും വ്യക്തമാക്കി. എന്നാൽ ബില്ലുകൾക്ക് മുകളിലെ നടപടിയിൽ കോടതി രൂക്ഷമായ എതിർ അഭിപ്രായം പ്രകടമാക്കി.
ഓർഡിനൻസിൽ ഒപ്പു വെച്ചു ബില്ലായപ്പോൾ തടസ്സവാദം
രാഷ്ട്രപതിക്ക് അയച്ച ബില്ലുകളില്‍ മൂന്നെണ്ണം നേരത്തെ ഓര്‍ഡിനന്‍സായി ഇറക്കിയപ്പോള്‍ ഗവര്‍ണര്‍ ഒപ്പുവച്ചതാണ്. ഓര്‍ഡിനന്‍സുകളില്‍ പ്രശ്‌നം ഒന്നും കാണാതിരുന്ന ഗവര്‍ണര്‍ക്ക് പിന്നീട് അവ ബില്ലുകള്‍ ആയപ്പോള്‍ പിടിച്ചുവെക്കാന്‍ അധികാരമില്ലെന്ന് കേരള സർക്കാർ വിശദീകരിച്ചു. അതുപോലെ, രാഷ്ട്രപതിക്ക് ബില്ലുകള്‍ അയച്ചതിനുള്ള കാരണം ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
ഇനിയും എട്ട് ബില്ലുകള്‍ ഗവര്‍ണറുടെ പരിഗണനയിലുണ്ട്. അതില്‍ ഒന്ന് ധനബില്ലാണ്. ധനബില്ലില്‍ തീരുമാനം വൈകുന്നത് സംസ്ഥാനത്തിൻ്റെ ദൈനംദിന പ്രവർത്തനത്തെ തന്നെ ബാധിക്കുന്നാതാണ് എന്ന് കേരളം ബോധിപ്പിച്ചു. ഗൌരവ സ്വഭാവം പരിഗണിച്ച കോടതി ധനബില്ലില്‍ തീരുമാനം വൈകാതെ എടുക്കണെമെന്ന് ഉത്തരവ് നൽകി. ഗവര്‍ണറെ അറിയിക്കാന്‍ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണിയെ തന്നെ സുപ്രീം കോടതി ചുമതലപ്പെടുത്തുകയും ചെയ്തു.
ഗവർണർമാരുടെ പ്രവർത്തനങ്ങൾക്ക് മാർഗ്ഗരേഖ വേണമെന്ന കേരളത്തിൻ്റെ ആവശ്യവും കേൾക്കും
പഞ്ചാബ് സർക്കാരിൻ്റെ ഹരജി പരിഗണിക്കവെ നിയമനിർമ്മാണ സഭകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ ഗവർണർമാർ ഇടപെടുന്നതിനെതിരെ സുപ്രീം കോടതി വിമർശിച്ചിരുന്നു. പഞ്ചാബ് വിധി പഠിക്കാനും നേരത്തെ രാജ്ഭവൻ സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നു.
ബില്ലുകളില്‍ തീരുമാനമെടുക്കാനുള്ള ഗവര്‍ണറുടെ അധികാരം സംബന്ധിച്ച ഭരണഘടനയുടെ 200-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനായി നിലവിലെ ഹര്‍ജിയില്‍ ഭേദഗതി അപേക്ഷ നല്‍കാന്‍ കേരളത്തിന് സുപ്രീം കോടതി അനുമതി നല്‍കി.
മാര്‍ഗരേഖ പുറത്തിറക്കുന്നതിനെ കേന്ദ്രം ശക്തമായി എതിര്‍ത്തു വരികയാണ്. ഗവർണർ വഴി രാഷ്ട്രീയം നടപ്പാക്കുന്നു. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ സുഗമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു എന്നിങ്ങിനെ പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങൾ പരമോന്നത കോടതിക്ക് മുൻപാകെ എത്തിയത്. മാർഗ്ഗ രേഖ സംബന്ധിച്ച നിലപാട് കടുപ്പിക്കയാണ് കേന്ദ്രം ഈ സാഹചര്യത്തിൽ ചെയ്തത്.