ഗവര്‍ണര്‍ മടക്കിയ പത്ത് ബില്ലുകള്‍ കക്ഷിഭേദമില്ലാതെ ഒരുമിച്ച് പാസാക്കി തമിഴ്‌നാട് നിയമസഭ. കാരണങ്ങള്‍ വ്യക്തമാക്കാതെ ഗവര്‍ണര്‍ ആര്‍.എന്‍. രവി മടക്കിയ ബില്ലുകളാണ് ഏകകണ്ഠമായി പാസാക്കിയത്. ഇവ പുനരവതരിപ്പിക്കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കൊണ്ടു വന്ന പ്രമേയത്തെ എല്ലാവരും പിന്തുണച്ചു.
2020 ല്‍ രണ്ടും 2022 ല്‍ ആറും 2023 ല്‍ രണ്ട് ബില്ലുകളുമാണ് നിയമസഭ പാസാക്കി ഗവര്‍ണറുടെ അനുമതിക്കയച്ചത്. ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ് ഗവര്‍ണറുടെ നടപടിയെന്ന് സ്റ്റാലിന്‍ തുടർന്ന് പറഞ്ഞു. ബില്ലുകള്‍ സഭ വീണ്ടും പാസാക്കി അയക്കുന്ന പക്ഷം ഗവര്‍ണര്‍ക്ക് അവയില്‍ അനുമതി നിഷേധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ഇതര ഭരണം നിലവിലുള്ള സംസ്ഥാനങ്ങളെ ഗവര്‍ണര്‍മാരിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് തുടരുകയാണെന്നും പറഞ്ഞു.
തമിഴ്‌നാട്ടില്‍ ഗവര്‍ണറും ഭരണകക്ഷിയായ ഡി.എം.കെയും തമ്മിലുള്ള പോര് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി തുടരുകയാണ്. നേരത്തെയും സര്‍ക്കാര്‍ അവതരിപ്പിച്ച ചില ബില്ലുകള്‍ ഗവര്‍ണര്‍ വൈകിപ്പിക്കുകയോ അവഗണിക്കുകയോ ചെയ്തിരുന്നു.