ഉത്തരാകാശിയിൽ നിര്‍മ്മാണത്തിലിരുന്ന സിൽക്കാരം തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. 17 ദിവസത്തെ അനിശ്ചതത്വങ്ങൾക്കും വെല്ലുവിളികൾക്കും ശേഷമാണ് തൊഴിലാളികളുടെ ജീവൻ വീണ്ടെടുത്തത്.
ചൊവ്വാഴ്ച വൈകിട്ട് എഴ് മണിയോടെ ഓരോരുത്തരായി തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങി. ഒന്നരമണിക്കൂറ് എടുത്താണ് 41 പെരെയും തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്. നവംബര്‍ 12-ന് ദീപാവലി ദിവസമാണ് തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയത്. അന്നു മുതല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് വിജയം കണ്ടത്.
ദേശീയപാതാ അതോറിറ്റി കരാറുകാർക്ക് വേണ്ടി സുരക്ഷാ നിബന്ധനകളിൽ കണ്ണടച്ചു എന്നതടക്കം വിമർശനങ്ങൾക്കിടെ പരമ്പരാഗത രക്ഷാമാർഗ്ഗത്തിലാണ് അവസാനം വിജയം കണ്ടത്. റാറ്റ് ഹോള്‍ മൈനിങ് എന്ന രീതിയാണ് ഇതിനായി അവലംബിച്ചത്. യന്ത്രങ്ങളില്ലാതെ മനുഷ്യര്‍ നടത്തിയ തുരക്കലിലൂടെയാണ് തൊഴിലാളികള്‍ക്ക് സമീപത്തേക്ക് എത്തിയത്.

തുരങ്കത്തിന് മുകളില്‍ നിന്ന് കുത്തനെ തുരന്ന് മറ്റൊരു രക്ഷാമാര്‍ഗവും തുറന്നിരുന്നു. പുറത്തെത്തിച്ച തൊഴിലാളികളെ സ്ഥലത്ത് സജ്ജമാക്കിയിരുന്ന ആംബുലന്‍സുകളില്‍ കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ കട്ടിലുകള്‍ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും നേരത്തേ തന്നെ ഒരുക്കിയിരുന്നു.
അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ മെഷീന്‍ ഉപയോഗിച്ചാണ് അതീവ ദുഷ്‌കരമായിരുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കിയത്. ദിവസങ്ങള്‍ക്കകം ഓഗര്‍ മെഷീന്‍ തകരാറായി. ഇതോടെയാണ് യന്ത്രസഹായത്തോടെയുള്ള ഡ്രില്ലിങ്ങിന് പുറമെ റാറ്റ് ഹോള്‍ മൈനിങ് സ്വീകരിച്ചത്. ഇത് കൂടാതെയാണ് വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങും നടത്തിയത്. തൊഴിലാളികള്‍ കുടുങ്ങിയ ഉടന്‍ തന്നെ ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന്, ഓക്‌സിജന്‍ എന്നിവ എത്തിക്കാന്‍ ബദൽ മാർഗ്ഗം തുറന്നു. ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പ് അകത്ത് കടത്തിയാണ് ഇവ എത്തിച്ചത്.
ചാര്‍ധാം പദ്ധതിയുടെ ഭാഗമായി എൻ എച്ച് 134-ല്‍ നിര്‍മ്മിക്കുന്ന 4.531 കിലോമീറ്റര്‍ നീളമുള്ള തുരങ്കമാണ് സില്‍കാരയിലെത്. 1119.69 കോടി രൂപയാണ് തുരങ്കത്തിന്റെ നിര്‍മ്മാണ ചെലവ്. ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ഉള്‍പ്പെടെ കണക്കാക്കുമ്പോള്‍ ആകെ ചെലവ് 1383.78 കോടി രൂപയാകും. നാല് വര്‍ഷമാണ് നിര്‍മ്മാണ കാലാവധി.
രക്ഷാ പ്രവർത്തനം ലക്ഷ്യം കണ്ടതും പരമ്പരാഗത തൊഴിലാളികളുടെ മാർഗ്ഗത്തിൽ
പേര് സൂചിപ്പിക്കുന്നതു പോലെ ‘എലി മാളം’ പോലുള്ള ചെറുതുരങ്കങ്ങള്‍ നിര്‍മ്മിക്കുന്ന പ്രക്രിയയാണ് റാറ്റ് ഹോള്‍ മൈനിങ്. റാറ്റ് ഹോള്‍ മൈനേഴ്സ് എന്നറിയപ്പെടുന്ന പ്രത്യേക വൈദഗ്ധ്യം നേടിയ തൊഴിലാളികളാണ് ഇതിനായി പ്രവർത്തിക്കുന്നത്.
കല്‍ക്കരി ഖനനം ചെയ്തെടുക്കാനാണ് പ്രധാനമായി റാറ്റ് ഹോള്‍ മൈനിങ് നടത്തുന്നത്. അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി 2014-ല്‍ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍, റാറ്റ് ഹോള്‍ മൈനിങ് നിരോധിച്ചിരുന്നു. എന്നാൽ ഇപ്പോഴും ക്ലാസിക്കൽ മാതൃക പിന്തുടരുന്നവരുണ്ട്.

ട്രെഞ്ച്ലെസ് എൻജിനീയറിങ് സര്‍വീസസ് എന്ന കമ്പനിയാണ് റാറ്റ് ഹോള്‍ മൈനേഴ്സിനെ സില്‍ക്യാരയില്‍ എത്തിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാനായി റാറ്റ് ഹോള്‍ മൈനിങ് നടത്തിയവരാണ് ഈ തൊഴിലാളികള്‍. നേരത്തേ ഡ്രില്ലിങ്ങിന് ഉപയോഗിച്ച അമേരിക്കന്‍ ഓഗര്‍ മെഷീനും കമ്പനിയുടേതായിരുന്നു.
800 മില്ലീമീറ്റര്‍ വ്യാസമുള്ള പൈപ്പിനകത്ത് കയറിയാണ് റാറ്റ് ഹോള്‍ മൈനേഴ്സ് രക്ഷാവഴി നിര്‍മ്മിക്കുന്നത്. റാറ്റ് ഹോള്‍ മൈനേഴ്സിന്റെ 12 പേരടങ്ങുന്ന സംഘമാണ് സില്‍ക്യാരയിലുള്ളത്. ഒരുസമയം രണ്ട് പേരാണ് തുരങ്കത്തിനകത്ത് ഡ്രില്ലിങ് നടത്തിയത്.
ഒരു മീറ്റര്‍ തുരക്കാനായി ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍ വരെ സമയമാണ് ഞങ്ങളെടുക്കുന്നത്. ഇടയില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ കൂടുതല്‍ സമയമെടുക്കുമെന്ന് രക്ഷാപ്രവർത്തകർ പ്രതികരിച്ചിരുന്നു.