ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് തൊഴിലാളികൾ അകപ്പെട്ട സംഭവത്തിൽ രക്ഷാപ്രവർത്തനം അനിശ്ചിതത്വത്തിൽ തുടരുന്നു. ഡ്രില്ലിങ് മെഷീൻ പ്രവർത്തനം തടസ്സപ്പെട്ടിരിക്കയാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്തേക്ക് രക്ഷാപ്രവർത്തകർ മണിക്കൂറുകൾക്കുള്ളിൽ എത്തിയേക്കുമെന്നാണ് ഇപ്പോഴും ദേശീയ ദുരന്തനിവാരണസേന പറയുന്നത്. ഡ്രില്ലിങ് പ്രവൃത്തിയിൽ അപ്രതീക്ഷിത തടസ്സം നേരിട്ടതാണ് രക്ഷാപ്രവർത്തനം വൈകാൻ ഇടയാക്കിയത് എന്നാണ് പതിനൊന്നാമത്തെ ദിവസത്തെയും വിശദീകരണം.
കഴിഞ്ഞ ദിവസം രാത്രി ദൌത്യം പൂർത്തീകരിക്കും എന്നാണ് ഉറപ്പ് പറഞ്ഞിരുന്നത്. പിന്നീട് രാവിലെ എന്നായി. 11 ദിവസം കഴിഞ്ഞിട്ടും എത്തിപ്പെടാൻ പറ്റാത്ത നിസ്സഹായതയിലാണ് തൊഴിലാളികൾ കുരുങ്ങിപ്പോയിരിക്കുന്നത്. ഹൈവേ അതോറിറ്റി ആധുനിക മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തിയില്ല എന്ന പരാതിയാണ് ഉയർന്നത്. അന്താരാഷ്ട്ര ടണൽ വിദഗ്ധൻ ആർനോൾഡ് ഡിക്സ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. എന്നാൽ നിശ്ചിതമായി ഒന്നും പറയാനാവുന്ന സാഹചര്യമല്ല എന്നാണ് വാർത്തകൾക്ക് അപ്പുറം അദ്ദേഹം പ്രതികരിക്കുന്നത്.
ഏറെ ശ്രദ്ധയോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതെന്നാണ് വിശദീകരണം. വെള്ളിയാഴ്ചയ്ക്കുള്ളിൽ കുടുങ്ങിയ തൊഴിലാളികളുടെ അടുത്ത് എത്താനാകുമെന്നാണ് വിദഗ്ധരെ ഉദ്ദരിച്ച് വാർത്ത നൽകുന്നത്. രാവിലെ തൊഴിലാളികളുടെ അടുത്ത് എത്താൻ കഴിയും എന്ന് പറഞ്ഞിരുന്നു. എന്നാൽ ഡ്രില്ലിങ് ജോലികളിൽ തടസ്സം നേരിട്ടതിനെത്തുടർന്ന് രക്ഷാപ്രവർത്തനം താത്ക്കാലികമായി നിർത്തിവച്ചിരുന്നു. ഡ്രില്ലിങ്ങിനിടെ ഇനിയും തടസ്സങ്ങൾ ഉണ്ടാവാം എന്നതാണ് ഇപ്പോഴത്തെ സാഹചര്യം.
വ്യാഴാഴ്ച രാവിലെ തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നായിരുന്നു ആദ്യം റിപ്പോർട്ടുകൾ. എന്നാൽ, അവശിഷ്ടങ്ങൾക്കിടയിലുണ്ടായിരുന്ന ഇരുമ്പുദണ്ഡുകൾ ശ്രമത്തിന് വിഘാതമായി. തുടർന്ന് ഡ്രില്ലിങ് നിർത്തി വയ്ക്കേണ്ടിവന്നിരുന്നു.
ദിവസങ്ങളോളം സൂര്യവെളിച്ചമേൽക്കാതെയും സാധാരണഭക്ഷണമോ പുറംലോകത്തെ വായുവോ ശ്വസിക്കാതെയും കഴിയുന്ന തൊഴിലാളികളുടെ നില ആശങ്കാ ജനകമാണ്.
നവംബർ 12 പുലർച്ചെ 5.30-നായിരുന്നു ഉത്തരാഖണ്ഡിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്നത്. നാലര കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റർ ഭാഗമാണ് തകർന്നുവീണത്. തുടർന്ന്, ദേശീയ ദുരന്തനിവാരണസേനയും സംസ്ഥാന ദുരന്തനിവാരണസേനയും ചേർന്ന് ആരംഭിച്ച രക്ഷാപ്രവർത്തനമാണ് 12-ാം ദിവസവും തുടരുന്നത്.
ടണലിനുള്ളിൽ തകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ ഡ്രിൽ ഉപയോഗിച്ച് ദ്വാരം ഉണ്ടാക്കി സ്റ്റീൽ പൈപ്പ് കടത്തിവിടാനും ഇതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനുമായിരുന്നു ആദ്യശ്രമം. 900 മില്ലിമീറ്റർ വ്യാസമുള്ള കുഴലുകൾ ഒന്നൊന്നായി ഹൈഡ്രോളിക് ഡ്രില്ലിങ് മെഷിൻ ഉപയോഗിച്ചാണ് കയറ്റിയത്. ഇതിനിടയിലും പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി.
ഉത്തരകാശിയിലെ ദണ്ഡൽഗാവിനേയും സിൽക്യാരയേയും ബന്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് തുരങ്കം. ചാർധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമിക്കുന്നത്. യാഥാർഥ്യമായാൽ ഉത്തരകാശിയിൽനിന്ന് യമുനോത്രിയിലേക്കുള്ള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.