പ്രജീഷിനെ കൊന്ന് പത്ത് ദിവസങ്ങള്‍ക്കിപ്പുറമാണ് നരഭോജിക്കടുവ കൂട്ടിലായത്. കൂടല്ലൂര്‍ കോളനിയില്‍ സ്ഥാപിച്ച ആദ്യത്തെ കൂട്ടിലാണ് WWL 45 (വയനാട് വൈല്‍ഡ് ലൈഫ് 45) എന്ന് പേരുള്ള കടുവ കുടുങ്ങിയത്. പ്രജീഷിനെ കൊന്ന സ്ഥലത്തിന് സമീപമാണ് ഇത്.
കടുവ കൂട്ടില്‍ പെട്ട വിവരം പുറത്തറിഞ്ഞതോടെ പ്രജീഷിനെ കൊന്നുതിന്ന കടുവയെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. കൂട്ടില്‍ കുടുങ്ങിയ കടുവയെ കൊല്ലാതെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ നാട്ടുകാര്‍ ഉറച്ചുനിന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് കടുവ കെണിയിലായത്. കൂട്ടില്‍ ഇരയായി കെട്ടിയ ആടിന് വെള്ളം കൊടുക്കാന്‍ പോയ വാച്ചര്‍മാരാണ് കടുവയെ നേരില്‍ കണ്ടത്. മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞ കടുവ തിരിഞ്ഞതോടെ കൂടിന്റെ വാതില്‍ അടയുകയായിരുന്നു. മയക്കു വെടി വെക്കുക അല്ലെങ്കിൽ കൂട്ടിലാക്കുക ഇവ സാധ്യമായില്ലെങ്കിൽ മാത്രം കൊല്ലുക എന്നായിരുന്നു വനം വകുപ്പ് സമീപനം.
കൊല്ലാതെ മറ്റൊരു ഒത്തുതീർപ്പിനില്ലെന്ന് തൊഴിലാളികളടക്കമുള്ള നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പത്തുദിവസമായി പണിക്ക് പോലും പറ്റാതെ ഇരിക്കുകയാണ് തങ്ങളെന്നും കടുവ കൂട്ടിലാണ് എന്ന് പറഞ്ഞിട്ടുകാര്യമില്ലെന്നും ജനങ്ങൾ വ്യക്തമാക്കുന്നു. തദ്ദേശ ജനപ്രതിനിധികളും നാട്ടുകാർക്കൊപ്പം പ്രതിഷേധ രംഗത്തുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കടുവയുമായുള്ള വനംവകുപ്പിന്റെ വാഹനം പുറത്തുപോകാനാവാത്ത സ്ഥിതിയിലാണ്.
കൂടല്ലൂരിലെ ആളെക്കൊല്ലി കടുവയെ പിടിക്കാൻ ഇതുവരെയായി വലിയ രീതിയിലുള്ള തെരച്ചിലായിരുന്നു വനംവകുപ്പ് നടത്തിയിരുന്നത്. നാലു കൂടുകളാണ് വിവിധയിടങ്ങളിലായി സ്ഥാപിച്ചിരുന്നത്. ഇന്നലെ രാത്രി മുതല്‍ പുലരുവോളം തെരച്ചിലും നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. പ്രദേശത്ത് ക്യാമറ സ്ഥാപിച്ചും ഡ്രോണ്‍ പറത്തിയും വ്യാപക തെരച്ചില്‍ നടത്തിയും കുങ്കിയാനകളെ എത്തിച്ചുമെല്ലാം ദൗത്യം തുടര്‍ന്നെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. ഇതിനിടയിലാണിപ്പോള്‍ കടുവ കൂട്ടിലായിരിക്കുന്നത്. കൂട്ടിലായ കടുവയെ സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്കായിരിക്കും കൊണ്ടുപോവുക. ഇവിടെ എത്തിച്ചശേഷം കടുവയെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. ഇതിനുശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക.
ഡിസംബർ ഒമ്പതിനാണ് ബത്തേരി വാകേരിയിൽ കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വയനാട് കൂടല്ലൂരില്‍ വയലില്‍ പുല്ലരിയാന്‍ പോയപ്പോഴാണ് 36കാരനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയത്. പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം വയലിൽ കണ്ടെത്തിയത്.