ആദിവാസിനേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വിഷ്ണുദേവ് സായിയെ ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചതിന് പിന്നാലെ മധ്യപ്രദേശിലും നിരീക്ഷകരെ ഞെട്ടിച്ച് ബി.ജെ.പി. വ്യവസായിയും ജനസമാജികനുമായ മോഹന്‍ യാദവ് മധ്യപ്രദേശിൽ മുഖ്യമന്ത്രിയാകും. കഴിഞ്ഞ സർക്കാരിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്നു.
മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുന്നതില്‍ വരുത്തിയ കാലതാമസം നിരവധി അഭ്യൂഹങ്ങള്‍ക്കാണിടയാക്കിയിരുന്നത്. എന്നാല്‍ ഛത്തീസ്ഗഢില്‍ ഞായറാഴ്ചയും മധ്യപ്രദേശില്‍ തിങ്കളാഴ്ചയും നിയമസഭാകക്ഷി യോഗം ചേര്‍ന്ന് മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുകയുണ്ടായി. ചൊവ്വാഴ്ച രാജസ്ഥാനില്‍ യോഗം ചേരുമെന്നും അറിയിച്ചിട്ടുണ്ട്. പ്രഖ്യാപിച്ച രണ്ട് സംസ്ഥാനങ്ങളിലും സാധ്യതാ പട്ടികയിലൊന്നും ഇടംപിടിക്കാതിരുന്ന നേതാക്കളെയാണ് മുഖ്യമന്ത്രിമാരായി പ്രഖ്യാപിച്ചത്.
സംസ്ഥാനങ്ങളിൽ കേന്ദ്ര നേതൃത്വം പിടിമുറുക്കുന്നു
കേന്ദ്രമന്ത്രി നരേന്ദർ സിംഗ് തോമർ മധ്യപ്രദേശ് സ്പീക്കറാകും. ജഗദീഷ് ദേവ്ഡ, രാജേഷ് ശുക്ല എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. സംസ്ഥാനങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വം പിടിമുറുക്കുന്നതിന്‍റെ സൂചനയാണ് പ്രബല നേതാക്കളെ ഒഴിവാക്കിയുള്ള നിയമനങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര ഭരണ നേതൃത്വം തന്നെ ഇടത്തരം നേതാക്കളെ മുന്നിൽ നിർത്തി ഭരണം നിയന്ത്രിക്കും. നോമിനികളെ താക്കോല്‍ സ്ഥാനങ്ങളിലേക്ക് കൊണ്ടുവന്ന് മോദി ഷാ നേതൃത്വം നടത്തുന്ന നീക്കം പാർട്ടി വൃത്തങ്ങളിലും ഞെട്ടലാവുകയാണ്. ആർ എസ് എസ് പിന്തുണയുള്ള നേതാവിനെയുമാണ് മധ്യപ്രദേശിൽ മുഖ്യ സ്ഥാനത്തേക്ക് ഉയർത്തിയത്.

മധ്യപ്രദേശിൽ ശിവരാജ് ചൌഹാൻ വീണു
മധ്യപ്രദേശില്‍ ഇത്തവണ അമ്പരപ്പിക്കുന്ന വിജയം നേടിയതിന് പിന്നില്‍ ശിവരാജ് സിങ്ചൗഹാനാണെന്ന വാദം മുഖ്യമന്ത്രി പദത്തിലേക്ക് സ്വീകരിക്കപ്പെട്ടില്ല. അഞ്ചാം ഊഴത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചു.
കേന്ദ്രമന്ത്രിപദം രാജിവെച്ച നരേന്ദ്ര സിങ് തോമര്‍, ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വാര്‍ഗിയ തുടങ്ങിയവരും രംഗത്തുണ്ടായിരുന്നു. ഒബിസി വിഭാഗക്കാരെ പരിഗണിക്കുമ്പോള്‍ കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ചത്തിയ മറ്റൊരു നേതാവ് പ്രഹ്ലാദ് സിങ് പട്ടേലായിരുന്നു മുന്‍നിരയില്‍. എന്നാല്‍ എല്ലാ ധാരണകളും തെറ്റിച്ചുകൊണ്ട് മോഹന്‍ യാദവിനെയാണ് ബിജെപി തിരഞ്ഞെടുത്തിരിക്കുന്നത്. ‘എന്നെ പോലുള്ള ഒരു എളിയ പ്രവര്‍ത്തകന് ഇത്തരത്തിലുള്ള വലിയ ഉത്തരവാദിത്തം നല്‍കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ. ‘മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മോഹന്‍ യാദവ് പ്രതികരിച്ചു.
ദേശീയ നേതൃത്വം നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് നിയമസഭാ കക്ഷിയോഗങ്ങള്‍ നടന്നുവരുന്നത്. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കാര്യമായ എതിര്‍പ്പുകള്‍ പ്രകടമാകാതെ തന്നെ നീക്കങ്ങള്‍ നടത്താന്‍ ബിജെപി ദേശീയ നേതൃത്വത്തിനായെങ്കിലും രാജസ്ഥാനില്‍ സ്ഥിതിയെന്താകുമെന്നാണ് അറിയാനുള്ളത്.
പുതുമുഖങ്ങള്‍ തന്നെ വരണമെന്ന നിലപാട് രാജസ്ഥാനില്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ വസുന്ധര രാജയ്ക്ക് മാറിനില്‍ക്കേണ്ടിവരും. രണ്ടിടത്തും പുതുമുഖങ്ങളെ തിരഞ്ഞെടുത്തുത്തതിനാല്‍ രാജസ്ഥാനില്‍ വസുന്ധര രാജെ സിന്ധ്യയുടെ വിലപേശല്‍ നടക്കില്ലെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാജസ്ഥാനില്‍ രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘമാണ് നിരീക്ഷകരായി എത്തുക. രാജ്യസഭാംഗം സരോജ് പാണ്ഡെ, ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ സംഘത്തിലുള്ള മറ്റുള്ളവര്‍.
58-കാരനായ മോഹന്‍ യാദവ് ദക്ഷിണ ഉജ്ജയിനില്‍ നിന്നുള്ള എംഎല്‍എയാണ്. ഇത് മൂന്നാം തവണയാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2013-ലാണ് അദ്ദേഹം ആദ്യമായി മത്സരിക്കുന്നത്. 2018 ദക്ഷിണ ഉജ്ജയിനില്‍ നിന്ന് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ നേതാവിനൊപ്പം അറിയപ്പെടുന്ന വ്യവസായിയുമാണ് മോഹന്‍ യാദവ്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 230ല്‍ 163 സീറ്റുകള്‍ നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്.