ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് പാലാഴി സ്വദേശികളായ അശ്വന്ത് കൃഷ്ണ(15), അഭിനവ്(13) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനായി ചാടിയ മൂന്നുപേരെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി.
പിന്നീടാണ് രണ്ടു പേർ കൂടി മുങ്ങിയിട്ടുണ്ട് എന്ന് തിരിച്ചറിയുന്നത്. ഇവരെ പുറത്ത് എടുക്കുമ്പോഴേക്കും വൈകി. ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല.
അവധി ആഘോഷത്തിനായി കുടുംബസമേതം എത്തിയതായിരുന്നു കുട്ടികള്‍. സംഘത്തില്‍ 14 പേരാണ് ഉണ്ടായിരുന്നത്.
അരിപ്പാറയിൽ സഞ്ചാരികൾക്കായി ഫസിലിറ്റേഷൻ സെന്ററിന്റെയും, ടോയ്ലറ്റ് ബ്ലോക്കിന്റെയും, ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനും, വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയും ആസ്വദിക്കാനുമുള്ള പവലിയന്റേയും നിർമ്മാണം ആരംഭിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനമായ സിഡ്കോയാണ് ഇതിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തത്. ഇവിടെ ഒരു തൂക്കുപാലത്തിനുള്ള അനുമതിയും നൽകിയിരുന്നു.
അശ്വന്ത് കൃഷ്ണ സാവിയോ ഹയർസെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി വിദ്യാർഥിയായിരുന്നു. സഹോദരി: അശ്വതി. അഭിനവ് മെഡിക്കൽ കോളജ് കാമ്പസ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: അഭിദേവ്. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. അരിപ്പാറയിൽ ഇരുപതിൽ അധികം പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.