അധികാര രാഷ്ട്രീയത്തിന് എന്താണ് പങ്ക്
സാമൂഹിക മാധ്യമമായ ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതായുള്ള ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിൻ്റെ തീരുമാനത്തിനെതിരെ ട്വിറ്റര്‍ നിയമനടപടിക്ക്.
മസ്‌കുമായി പറഞ്ഞുറപ്പിച്ച തുകയ്ക്ക് ഇടപാട് പൂര്‍ത്തിയാക്കാനുള്ള പ്രതിജ്ഞാബദ്ധമാണ് എന്നാണ് ട്വിറ്റര്‍ നിലപാട്. കമ്പനിയുടെ ബോര്‍ഡ് ലയന കരാര്‍ നടപ്പിലാക്കാന്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണെന്നാണ് ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെട്ട് ടെയ്‌ലോ പറയുന്നത്. എന്നാൽ ഇലോൺ മസ്കാവട്ടെ ലയനത്തിനില്ലെന്ന നിലപാടിലുമാണ്.
ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ കരാര്‍ പ്രകാരം 100 കോടി ഡോളര്‍ ബ്രേക്ക് അപ്പ് ഫീസായി ഇലോണ്‍ മസ്‌ക് നല്‍കേണ്ടി വരും.
തർക്കം തുടങ്ങിയത് വ്യാജ അക്കൌണ്ടുകളുടെ പേരിൽ
ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിണക്കത്തിലെത്തിച്ചത്. ട്വിറ്ററിലെ ആകെ അക്കൗണ്ടുകളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് വ്യാജ അക്കൗണ്ടുകള്‍ ഉള്ളതെന്ന കമ്പനിയുടെ വാദം. ഇത് വിശ്വസിക്കാന്‍ ഇലോണ്‍ മസ്‌ക് തയാറായില്ല. വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ വ്യക്തമാക്കണമെന്ന് മസ്‌ക് ട്വിറ്ററിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടു.
ഇതിൽ കമ്പനി കാലതാമസം വരുത്തിയതോടെ മേയ് മാസത്തിൽ തന്നെ തുടർ നടപടികൾ മസ്ക് മരവിപ്പിച്ചു. ഇടപാട് താല്‍കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇനിയും വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ കരാറില്‍ നിന്ന് പിന്‍മാറുമെന്ന് പ്രഖ്യാപിക്കയും ചെയ്തു.
വ്യജ അക്കൌണ്ടുകൾ അധികാരവുമായി ബന്ധപ്പെട്ട പ്രശ്നം
സാമൂഹ്യ മാധ്യമങ്ങൾ പ്രത്യക്ഷത്തിൽ പൊതു ജനമാണ് ഉപയോഗിക്കുന്നത്. എന്നാൽ അധികാരവുമായി ബന്ധപ്പെട്ട ലോകത്ത് ഇവയുടെ സംഘടിതവും ആസൂത്രിതവുമായ ഉപയോഗം ബൃഹത്താണ്. ഭരണ കൂടങ്ങൾക്കും അവർ ഉപയോഗപ്പെടുത്തുന്ന പ്രത്യയശാസ്ത്രങ്ങൾക്കും പ്രചാരവും പ്രചാരണവും നൽകാൻ ഉപയോഗപ്പെടുത്തുന്നു.
ജനാധിപത്യത്തിൻ്റെ സാധ്യതകൾ ഉപയോഗിച്ചുള്ള വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും ആസൂത്രിതമായ എതിർ പ്രചാരണങ്ങളിലൂടെ മറച്ച് വെക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ വിവിധ രാജ്യങ്ങളിലെ അധികാര ക്രമവും അതിനായുള്ള ഇടപെടലുകളും വെളിപ്പെടുത്തുന്നത് ദോഷകരമായി ബിസിനസിനെ ബാധിക്കും എന്ന ആശങ്ക ട്വിറ്ററിന് ഉണ്ടെന്ന് സോഷ്യൽ മീഡിയ ചിന്തകർ കരുതുന്നു.
4400 കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തയ്യാറായി രംഗത്തുവന്ന ഇലോണ്‍ മസ്‌ക്, ട്വിറ്ററില്‍ വിവിധ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം നിലനിര്‍ത്തുക എന്നതായിരുന്നു അതില്‍ പ്രധാനം. ഇതിന്റെ ഭാഗമായി ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളും, ബോട്ട് അക്കൗണ്ടുകളുമെല്ലാം നീക്കം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മാത്രവുമല്ല പരസ്യ ദാതാക്കളോട് നീതി പുലര്‍ത്തണമെങ്കില്‍ വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും മസ്‌ക് പറഞ്ഞു.
ദിവസേന പത്ത് ലക്ഷത്തോളം സ്പാം അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ട്വിറ്റര്‍ അറിയിച്ചിരുന്നു.