പോലീസ് തലപ്പത്ത് അഴിച്ചുപണി. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ്.ശ്രീജിത്തിനെ മാറ്റി. ഷെയ്ഖ് ദര്‍വേസ് സാഹിബാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി.
എസ്. ശ്രീജിത്തിന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായാണ് പുതിയ ചുമതല. എം.ആര്.അജിത്ത് കുമാറിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും മാറ്റി വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്കി. വിജിലന്‍സ് ഡയറക്ടറായിരുന്ന സുദേഷ് കുമാര്‍ ഐ.പി.എസ് പുതിയ ജയില്‍ മേധാവി ആവും.
നടിയെ ആക്രമിച്ച കേസ് അന്വേഷണം നടത്തുന്നത് എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. കേസ് നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉൾപ്പെടെ മാറിയിരുന്നു. വിവാദങ്ങൾ ഒടുങ്ങി പി ശശി വീണ്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ഇന്ന് നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വർഗീസിന്റെ നേതൃത്വത്തിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് നടിയുടെ മൊഴിയെടുത്തത്. ഗൂഢാലോചന സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ തിരിച്ചറിയുന്നതായിരുന്നു നടപടി.