ഗുസ്തി താരങ്ങൾക്ക് എതിരായ അതിക്രമങ്ങളെ കുറിച്ച് ബോധ്യമായിട്ടും ബിജെപി എംപി ബ്രിജ് ഭൂഷനെതിരെ നടപടി എടുക്കാൻ ഭയക്കുന്ന പാർട്ടി നിലപാടിനെതിരെ വിമത ശബ്ദം ഉയരുന്നു. പോക്സോ നിയമത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് കേസിൽ പ്രതിയായ എം പി എത്തിയിട്ടും നിശ്ശബ്ദത തുടരുന്നത് എന്തെന്ന സംശയങ്ങൾക്ക് ഇടയിലാണ് വിമത ശബ്ദം.
ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ നടപടിയാവശ്യപ്പെട്ട് ഗുസ്തിതാരങ്ങള്‍ തുടരുന്ന സമരത്തില്‍ ഹരിയാന ബി.ജെ.പിയിലാണ് ആദ്യ എതിർപ്പ് ഉയർന്നിരിക്കുന്നത്. പ്രക്ഷോഭത്തില്‍ നിലപാടെടുക്കാനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമ്പോള്‍ ആഭ്യന്തരമന്ത്രിയും സംസ്ഥാന അധ്യക്ഷനും എം.പിയടക്കമുള്ളവരും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ബ്രിജ് ഭൂഷനെ കയ്യൊഴിഞ്ഞു പ്രസ്താവന നൽകി.
മൂന്നു ജില്ലകളിൽ സ്വാധീനമുള്ള മാഫിയ ബന്ധങ്ങൾ ആരോപിക്കപ്പെട്ട നേതാവാണ് ബ്രിജ് ഭൂഷൻ. ഇയാളെ പിണക്കുന്നത് വോട്ട് ബാങ്ക് തകർച്ചയ്ക്ക് കാരണമാവും എന്ന ആശങ്കയാണ് നിലനിൽക്കുന്നത്. ഹരിയാനയില്‍ നിന്നുള്ള ഗുസ്തിതാരങ്ങള്‍ നേതൃത്വം നല്‍കുന്ന സമരമാണ്. അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ സംസ്ഥാന നേതൃത്വത്തെ പ്രശ്നം രണ്ടുതട്ടിലാക്കിയിരിക്കുകയാണ്.
ഗുസ്തിതാരങ്ങളുടെ കടുത്ത എതിര്‍പ്പിനിടയിലും ബ്രിജ് ഭൂഷണ്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഫെഡറേഷന്‍ അധ്യക്ഷസ്ഥാനത്തുനിന്ന് ഇയാളെ നീക്കംചെയ്യാത്തും വലിയ നാണക്കേടായി. മറ്റ് പൊതുപരിപാടികളില്‍ ഇയാള്‍ പങ്കെടുക്കുന്നതും പരസ്യ പ്രസ്താവനകൾ നടത്തുന്നതും പാര്‍ട്ടി ഇയാള്‍ക്കൊപ്പമാണെന്ന സന്ദേശമാണ് നല്‍കുന്നത്. ഇത് ബ്രിജ് ഭൂഷൻ്റെ വോട്ട് ബാങ്ക് ബലത്തെ ഭയപ്പെടാത്തവരുടെ ഇടയിൽ അമർഷത്തിനും ഇടയാക്കി.
ഈ സാഹചര്യത്തിലാണ് ഹിസാര്‍ എം.പി. ബ്രിജേന്ദ്ര സിങ്ങും സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ വിജും പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്. ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ നേടിയ മുഴുവന്‍ ജീവിതകാലത്തേയും കഠിനപ്രയ്തനത്തിന്റെ സമ്പാദ്യമായ മെഡലുകള്‍ വിശുദ്ധമായ ഗംഗയിലൊഴുക്കുന്നതിനോളം ഗുസ്തിതാരങ്ങളെ എത്തിച്ച നിസഹായാവസ്ഥ തനിക്ക് മനസിലാക്കാന്‍ കഴിയുമെന്നായിരുന്നു ബ്രിജേന്ദ്ര സിങ് പ്രതികരിച്ചത്. മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ താരങ്ങള്‍ തീരുമാനിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിഷേധത്തിലുള്ള ഗുസ്തിതാരങ്ങള്‍ക്കൊപ്പമാണ് താന്നെന്ന് വ്യക്തമാക്കി അനില്‍ വിജും രംഗത്തെത്തിയിരുന്നു. ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങളുടെ കേസ് ഉയര്‍ന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു. കായികമന്ത്രിയായിരുന്ന താന്‍ പൂര്‍ണ്ണമായും താരങ്ങള്‍ക്കൊപ്പമാണ്. സര്‍ക്കാരില്‍ എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഞാനതുചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതേസമയം, ഗുസ്തിതാരങ്ങളുടെ വിഷയം ഹരിയാനയുമായി ബന്ധമില്ലാത്തതാണെന്നും താരങ്ങളും കേന്ദ്രസര്‍ക്കാറുമായാണ് പ്രശ്‌നമെന്നുമാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ വിശദീകരണം.
ഹരിയാനയില്‍ നിന്ന് തന്നെയുള്ള മുന്‍ കേന്ദ്രമന്ത്രി ബിരേന്ദര്‍ സിങ്ങും താരങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. വിഷയത്തില്‍ പരസ്യമായി പ്രതികരണങ്ങള്‍ നടത്തിയിരുന്ന അദ്ദേഹം ഗുസ്തിതാരങ്ങളുമായി സംസാരിക്കുകയും വിഷയം ബി.ജെ.പി. ദേശീയാധ്യക്ഷനുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. വിഷയത്തില്‍ പെട്ടെന്നുതന്നെ അനുഭാവപൂര്‍ണമായ പരിഹാരം വേണമെന്നും പാര്‍ട്ടിയുടെ വിശ്യാസ്യത ചോദ്യംചെയ്യപ്പെടുകയാണെന്നും സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുടെ നടത്തിപ്പില്‍ കാര്യമായ മാറ്റംവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെ ഭയപ്പെടുന്നവരും സംരക്ഷിക്കുന്നവരും ഉന്നതങ്ങളിൽ ഉണ്ടെന്ന സൂചനയാണ് ഇതുവരെയുള്ള നിസ്സംഗ നടപടികളിൽ ഉയർന്നത്.