തിരഞ്ഞെടുപ്പ് പരിഗണനകളില്ലാതെ സമൂഹത്തിന്റെ എല്ലാ തുറകളിലും എത്തിച്ചേരണമെന്ന് ബി.ജെ.പി. നേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. ഡല്‍ഹി എന്‍.ഡി.എം.സി. കണ്വന്ഷന് സെന്ററില്‍ നടന്ന ബി.ജെ.പി. ദേശീയ നിർവാഹക സമിതി യോഗത്തിലായിരുന്നു ആവശ്യം.
ബൊഹ്റ, പസ്മന്ത, സിഖ് തുടങ്ങിയ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും നേതാക്കള്‍ എത്തിച്ചേരണം. തിരഞ്ഞെടുപ്പ് പരിഗണനകളില്ലാതെ തന്ത്രപൂർവ്വം വേണം സമീപിക്കാനെന്നും നിര്‍ദേശിച്ചു. കേന്ദ്ര മന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള 350 മുതിര്‍ന്ന നേതാക്കളോടായിരുന്നു നിർദ്ദേശം.
വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ചാണ് നിർവാഹക സമിതി യോഗത്തിന്റെ ആദ്യ ദിവസം പ്രധാനമായും ചർച്ച. പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യംവെച്ചുള്ള ഒന്‍പതിന പ്രമേയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
18-നും 25-നുമിടയില്‍ പ്രായമുള്ള യുവാക്കളില്‍ ബി.ജെ.പി.യെപ്പറ്റി അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ കർശനമാക്കാൻ നിർദ്ദേശിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിന് യുവാക്കൾ സാക്ഷികളായിട്ടില്ല. മുന്‍ സര്‍ക്കാരുകളുടെ കാലത്തുണ്ടായിരുന്ന അഴിമതികളെക്കുറിച്ചോ തെറ്റായ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ അവര്‍ ബോധവാന്മാരല്ല. അതുകൊണ്ട് ബി.ജെ.പി.യുടെ സദ്ഭരണത്തെക്കുറിച്ചുള്ള അവബോധം അവരില്‍ സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടു.