ഡൽഹി ജെഎൻയുവിൽ മാംസഹാരം വിളമ്പരുതെന്ന് വിലക്കി വിദ്യാർഥികൾക്ക് എതിരെ സായുധ ആക്രമണം. ആക്രമണത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ ഏഴ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. അക്രമത്തിന് പിന്നിൽ എബിവിപി ആണെന്ന് ഇടത് വിദ്യാർഥി സംഘടനകൾ പറഞ്ഞു.
രാമനവമി ചൂണ്ടിക്കാട്ടിയാണ് മാംസഹാരം വിളമ്പുന്നത് വിലക്കി ആക്രമണം അഴിച്ചു വിട്ടത്. ഇതിനെ മറ്റ് വിദ്യാർഥികൾ ചോദ്യം ചെയ്തതോടെ സംഘർഷമായി. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും സായുധ അക്രമി സംഘത്തിൽ നിന്നും മർദ്ദനമേറ്റു.
ആക്രമണത്തെ കുറിച്ച് ഡൽഹി പൊലീസിനെയും ജെ.എൻ.യു അധികൃതരെയും നിരവധി തവണ വിളിച്ചറിയിച്ചിട്ടും ഇടപെടാൻ തയാറായില്ലെന്ന് വിദ്യാർഥി യൂണിയൻ നേതാവ് ഐഷെ ഘോഷ് പറഞ്ഞു.

ജെ.എൻ.യു ഹോസ്റ്റൽ മെനുവിൽ വെജിറ്റേറിയൻ കഴിക്കുന്നവർക്കും നോൺ-വെജിറ്റേറിയൻ കഴിക്കുന്നവർക്കുമുള്ള വിഭവങ്ങളുണ്ട്. എന്നാൽ, ഇവയിൽ നിന്ന് നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ ഒഴിവാക്കണമെന്നായിരുന്നു എ.ബി.വി.പി ആവശ്യം. നോൺ-വെജ് ഭക്ഷണം തയാറാക്കരുതെന്ന് കാട്ടി മെസ്സിലെ ജീവനക്കാരെയും ഭീഷണിപ്പെടുത്തിയെന്ന് ഐഷെ ഘോഷ് ചൂണ്ടിക്കാട്ടി.
പരുക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഇപ്പോൾ വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.