ഇതര രാഷ്ട്രീയ ചിന്തകൾക്കും സാഹോദര്യത്തിനും ജനാധിപത്യപരമായ അംഗീകാരം പ്രഖ്യാപിക്കുമ്പോഴും ആർ എസ് എസിന് എതിരെ കടുത്ത നിലപാടുമായി രാഹുൽ ഗാന്ധി വാർത്തകളിൽ ഇടം നേടി. എനിക്കൊരിക്കലും ആര്‍എസ്എസിലേക്ക് പോകാനാവില്ല. അതിന് മുമ്പ് നിങ്ങളെന്റെ ശിരച്ഛേദം നടത്തണം എന്ന് പ്രഖ്യാപിച്ചു.
സഹോദരനും ബിജെപി നേതാവുമായ വരുണ്‍ ഗാന്ധിയെ കാണാനോ സ്‌നേഹപൂര്‍വം ആലിംഗനം ചെയ്യാനോ തനിക്ക് മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വരുണ്‍ ഗാന്ധി പിന്തുടരുന്ന രാഷ്ട്രീയ ആശയത്തോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കയും ചെയ്തു. രാഷ്ട്രീയ സ്വയംസേവക് സംഘിന് ഒപ്പം ചേർന്ന് പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ മരണമാണ് താന്‍ താത്പര്യപ്പെടുന്നതെന്നും രാഹുൽ തുറന്നടിച്ചു. ബി.ജെ.പിയുടെ പ്രത്യേയശാസ്ത്ര രക്ഷിതാവാണ് ആര്‍.എസ്.എസ്. അവരുടെ ഓഫീസില്‍ പോകുന്നതിനേക്കാള്‍ നല്ലത് തലവെട്ടുന്നതാണ്. എനിക്ക് ഒരിക്കലും ആര്‍.എസ്.എസ് ഓഫീസില്‍ പോകാനാകില്ല.
പഞ്ചാബില്‍ ഭാരത് ജോഡോ യാത്രക്കിടെ മാധ്യമങ്ങളെ കണ്ടപ്പോള്‍ തന്റെ പിതൃസഹോദര പുത്രനും ബി.ജെ.പി നേതാവുമായ വരുണ്‍ ഗാന്ധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു രാഹുല്‍.
“വരുണ്‍ ബിജെപി പ്രവര്‍ത്തകനാണ്. ഭാരത് ജോഡോ യാത്രയിലേക്ക് വന്നാല്‍ ചിലപ്പോള്‍ അത് അദ്ദേഹത്തിന് പ്രശ്‌നമുണ്ടാക്കിയേക്കാം. എന്റെ ആശയം അദ്ദേഹത്തിന്റെ ആശയവുമായി ഒത്തുപോകില്ല. എനിക്കൊരിക്കലും ആര്‍എസ്എസിലേക്ക് പോകാനാവില്ല. അതിന് മുമ്പ് നിങ്ങളെന്റെ ശിരച്ഛേദം നടത്തണം. എന്റെ കുടുംബത്തിന് ഒരു ആശയമുണ്ട്, ഒരു ചിന്താരീതിയുണ്ട്. വരുണ്‍ ഒരിക്കല്‍ തിരഞ്ഞെടുത്ത രാഷ്ട്രീയ ആശയം ഇപ്പോഴും പിന്തുടരുന്നു. ആ ആശയത്തില്‍ അദ്ദേഹം മുഴുകിയിരിക്കുകയാണ്. പക്ഷെ, ആ ആശയം എനിക്ക് അംഗീകരിക്കാനാകുന്നതല്ല”, രാഹുല്‍ പറഞ്ഞു.
രാഹുലിനേക്കാള്‍ പത്ത് വയസ് ഇളയതാണ് വരുണ്‍ ഗാന്ധി. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടിരുന്നു.