പയ്യോളി അകലാപ്പുഴയിൽ തോണി മറിഞ്ഞ് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി അഫ്നാസ് (21) ആണ് ഇതെന്ന് തിരിച്ചറിഞ്ഞു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.
കരയ്ക്ക് അടുത്ത് 50 മീറ്റർ അടുത്താണ് അഫ്നാസ് കൈവിട്ടു പോയത്. ചളിയും ചുഴിയും നിറഞ്ഞ ഭാഗമാണ്.
നാല് പേർക്ക് സഞ്ചരിക്കാവുന്ന ഫൈബർ തോണി മറിഞ്ഞാണ് അപകടം. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ദരും, നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി രാത്രിയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അകലാപ്പുഴ അടുത്ത കാലത്ത് ജില്ലയിലെ തന്നെ ഏറ്റവും ആകർഷകമായ ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കയാണ്. ദിവസവും നിരവധി പേരാണ് പുഴയുടെ വിവിധ കടവുകളിൽ എത്തുന്നത്. പുതിയതായി വിനോദ വഞ്ചി സംവിധാനങ്ങളും കടവുകളിൽ സജീവമാണ്. എന്നാൽ ഇവിടെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിലും വിനോദ സഞ്ചരാ സൌകര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിലും തദ്ദേശ സ്ഥാപനങ്ങൾ പരിമിതപ്പെടുന്ന അവസ്ഥയാണ്.


