അടച്ചിട്ട വീടിൻ്റെ അഞ്ചടി വലുപ്പമുള്ള ജനൽ മൊത്തമായി ഇളക്കി മാറ്റി 38.5 പവൻ സ്വർണാഭരണങ്ങൾ കവർന്ന അന്തർസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. തൃശൂർ പൂങ്കുന്നത്തുള്ള വീട്ടിൽ പതിനാറാം തീയതിയാണ് കവർച്ച നടന്നത്.
കള്ളി ജനൽ ഇളക്കി മാറ്റിയാണ് പ്രതികൾ അകത്ത് കടന്നത്. അലമാരു കുത്തി തുറന്ന് സ്വർണ്ണം കൈക്കലാക്കി. പ്രത്യേക അന്വേഷണ സംഘമാണ് പശ്ചിമബംഗാൾ സ്വദേശികളായ ഷൈക്ക് മക്ബുൾ (31), മുഹമ്മദ് കൗഷാർ ഷൈക്ക് (45) എന്നിവരെ കുടുക്കിയത്.
കള്ളന്മാരെ കണ്ടെത്താനായി 88 സി.സി.ടിവി കാമറകളാണ് അന്വേഷണ സംഘം പരിശോധിച്ചത്. പക്ഷെ പ്രതികളുടെ തിരിച്ചറിയാനാവാത്ത ദൃശ്യമാണ് സി.സി.ടിവി കാമറകളിൽ നിന്ന് ലഭിച്ചത്. എന്നാൽ നഗരത്തിലെ ലോഡ്ജിൽ പ്രതികൾ റൂം എടുത്തിരുന്നു എന്ന് ക്യാമറ ദൃശ്യത്തിലൂടെ മനസിലാക്കാനായി. ലോഡ്ജിൽ നിന്ന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇവർ പശ്ചിമബംഗാൾ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു. അന്വേഷണം തുടർന്നു
പൊലീസ് സംഘം ബംഗാളിലേക്ക് തിരിച്ചു. അവിടെയെത്തി നടത്തിയ പരിശോധനയിൽ പ്രതികൾ ട്രെയിൻ മാർഗം കേരളത്തിലേക്ക് തിരിച്ചു വരുന്നത് മനസിലായി. പിന്തുടർന്നെത്തിയ പൊലീസുകാർ ചെന്നൈ വരെ മോഷ്ടാക്കളെ നിരീക്ഷിച്ചു.
റെയിൽവേ പൊലീസിന്റെ സഹായത്തോടെ ചെന്നൈ എം.ജി.ആർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മോഷ്ടാക്കളെ പൊക്കിയത്. കമ്പാർട്ട്മെന്റ് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെയും അസി. കമ്മിഷണർ വി.കെ. രാജുവിന്റെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്ന അന്വേഷണം


