രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. ലോക്‌സഭയില്‍ കഴിഞ്ഞദിവസം ചിലരുടെ പ്രസംഗത്തിന് ശേഷം അവര്‍ക്ക് ചുറ്റുമുള്ളവരും പിന്തുണയ്ക്കുന്നവരും ഉല്ലാസോന്മാദത്തിലാണ്. പ്രസംഗത്തിന് ശേഷം നന്നായി ഉറങ്ങാന്‍ സാധിച്ചിട്ടുണ്ടാവുമെന്നും അതിനാല്‍ സമയത്ത് ഉണരാന്‍ കഴിഞ്ഞിട്ടുണ്ടാവില്ലെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. സഭയില്‍ രാഹുലിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.
‘ഇപ്പോള്‍ രാജ്യത്ത് രാഷ്ട്രീയ സ്ഥിരതയുണ്ട്. ശക്തവും സ്ഥിരതയുമുള്ള സര്‍ക്കാര്‍ നിലവിലുണ്ട്. ഇന്ത്യയില്‍ ലോകത്തിന് വിശ്വാസവും പ്രതീക്ഷയുമുണ്ട്. ജി20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത് രാജ്യത്തെ സംബന്ധിച്ച് അഭിമാനകരമാണ്. എന്നാല്‍, അതില്‍ ചിലര്‍ അസ്വസ്ഥരാണ്. ഉത്പാദനത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറുകയാണ്. ഇന്ത്യയുടെ വളര്‍ച്ചയില്‍ ലോകം സമൃദ്ധികാണുന്നുവെങ്കിലും ചിലര്‍ അത് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല’- പ്രധാനമന്ത്രി സഭയില്‍ പറഞ്ഞു.
കോവിഡ് മഹാമാരിക്കാലത്ത് പല രാജ്യങ്ങളും വിലക്കയറ്റവും തൊഴിലില്ലായ്മയും ഭക്ഷ്യപ്രതിസന്ധിയും അനുഭവിക്കുമ്പോള്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി. ഇതില്‍ ഇന്ത്യക്കാര്‍ അഭിമാനിക്കേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. യു.പി.എ. സര്‍ക്കാരിന്റെ പത്തുവര്‍ഷ ഭരണകാലത്ത് നാണ്യപ്പെരുപ്പം രണ്ടക്കത്തിലായിരുന്നു. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ 2004-14 കാലഘട്ടം അഴിമതി നിറഞ്ഞതായിരുന്നു. പത്ത് വര്‍ഷത്തിനിടെ രാജ്യത്തുടനീളം ഭീകരാക്രമണങ്ങള്‍ നടന്നു. എന്നാല്‍, ചില നല്ലകാര്യങ്ങള്‍ നടക്കുമ്പോള്‍ അവര്‍ ദുഃഖിതരായിരിക്കുമെന്നും മോഡി പരിഹസിച്ചു.
ജനവിധിക്ക് കഴിയാത്തത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സാധിച്ചുവെന്നും പ്രധാനമന്ത്രി . എല്ലാ പ്രതിപക്ഷ പാര്‍ട്ടികളേയും ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരാന്‍ ഇ.ഡിക്ക് സാധിച്ചു. ഇത് സമ്മതിദായകര്‍ക്ക് സാധിക്കാത്തതാണ്. മോഡി കളിയാക്കി.


