2022 ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ലയണല്‍ മെസ്സി നയിക്കുന്ന 26 അംഗ സംഘത്തെയാണ് പരിശീലകന് ലയണല്‍ സ്കലോണി പ്രഖ്യാപിച്ചത്.
ഗോള്‍കീപ്പര്‍മാരായി എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റൂലി, ഫ്രാങ്കോ അര്‍മാനി എന്നിവര്‍ ടീമിലിടം നേടി.
അര്‍ജന്റീനയെ കോപ്പ അമേരിക്ക, ഫൈനലിസ കിരിടങ്ങളിലേക്ക് നയിച്ച സ്കലോനിസത്തിന്റെ നെടുംതൂണുകളിലൊരാളായിരുന്നു ജിയോവാനി ലോസെൽസോ. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരം കൂടിയായിരുന്നു ലോസെല്‍സോ. ലോസെല്‍സോക്ക് പകരം ആക്രമണവും പ്രതിരോധവും ഒരുപോലെ നോക്കുന്ന മിഡ്ഫീൽഡര്‍ എസക്വീൽ പലാസിയോക്ക് സ്കലോനി ടീമില്‍ ഇടം നല്കി.
പ്രതിരോധ നിര നഹ്വെല്‍ മൊളീന്യ, ഗോണ്‍സാലോ മോണ്ടിയെല്, ക്രിസ്റ്റിയന്‍ റൊമേറോ, ജെര്‍മന്‍ പെസെല്ല, സീനിയര്‍ താരം നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മാര്‍ക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, യുവാന്‍ ഫൊയ്ത്ത്
മധ്യനിര റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരെഡെസ്, അലെക്സിസ് മാക് അലിസ്റ്റര്‍, ഗൈഡോ റോഡ്രിഗസ്, അലക്സാണ്ട്രോ ഗോമസ്, എന്‍സോ ഫെര്‍ണാണ്ടസ്, എക്സെക്വെല്‍ പലാസിയോസ്
സൂപ്പര്‍താരം ലയണല്‍ മെസ്സി നയിക്കുന്ന മുന്നേറ്റനിരയും അതിശക്തമാണ്. ലൗട്ടാറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഗോണ്‍സാലസ്, ജോക്വിന്‍ കൊറിയ, പൗലോ ഡിബാല, എയ്ഞ്ജല്‍ ഡി മരിയ എന്നിവരും മെസ്സിയ്ക്കൊപ്പം മുന്നേറ്റനിരയിലുണ്ട്.
പരിശീലകന് ലയണല്‍ സ്കലോണിയുടെ കീഴില്‍ തുടര്‍ച്ചായി 35 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അര്‍ജന്റീനയുടെ വരവ്. കോപ്പ അമരിക്ക കിരീടവും ഫൈനലിസ്സീമയും നേടി മികച്ച ടീം ഗെയിം കാഴ്ചവെച്ച അര്‍ജന്റീന ഗ്രൂപ്പ് സിയിലാണ് മാറ്റുരയ്ക്കുന്നത്.
ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നീ ടീമുകളാണ് അര്‍ജന്റീനയ്ക്കൊപ്പം മാറ്റുരയ്ക്കുന്നത്. നവംബര്‍ 22 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ അര്‍ജന്റീന സൗദി അറേബ്യയെ നേരിടും.രണ്ട് തവണ ലോകകപ്പ് കിരീടം നേടിയ അര്‍ജന്റീന 1930-ലും 1990-ലും 2014-ലും ഫൈനലിലെത്തിയിട്ടുണ്ട്.
ജർമ്മൻ ടീമിൽ 17 കാരനും

ലോകകപ്പ് ഫുട്ബോളിനുള്ള ജര്‍മനി ടീമിനെ പ്രഖ്യാപിച്ചു. 2014ലെ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനക്കെതിരെ ജര്‍മനിക്കായി എക്സ്ട്രാ ടൈമില്‍ ഗോള്‍ഡന്‍ ഗോളടിച്ച മരിയോ ഗോട്സെ ഏഴ് വര്‍ഷത്തിനുശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ 17കാരന് സ്ട്രൈക്കര്‍ യൂസോഫ മൗക്കോക്കുവും ജര്‍മനിയുടെ 26 അംഗ ടീമില്‍ ഇടം നേടി.
അതേസമയം ബൊറൂസിയ ഡോര്‍ട്മുണ്ട് താരങ്ങളായ മാര്‍ക്കോ റൂസിനും മാറ്റ്സ് ഹമ്മല്‍സിനും കോച്ച് ഹന്‍സി ഫ്ലിക്ക് പ്രഖ്യാപിച്ച ടീമില്‍ ഇടം നേടാനായില്ല. ബൊറൂസിയ ഡോര്‍ട്മുണ്ടിനായി ഈ സീസണില്‍ 13 മത്സരങ്ങളില്‍ ആറ് ഗോളടിച്ച മൗക്കോക്കു നാല് അസിസ്റ്റും നല്കി. ഈ പ്രകടനമാണ് കൗമാരതാരത്തിന് ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നത്.
വെര്‍ഡന്‍ ബ്രെമന് ഫോര്‍വേര്‍ഡായ നിക്ലാസ് ഫുള്‍ക്രുഗ് ആണ് ടീമിലെ മറ്റൊരു സര്‍പ്രൈസ് എന്‍ട്രി. പരിക്കേറ്റ ടിമോ വെര്‍ണറുടെ ഒഴിവിലാണ് ഫുല്‍ക്രുഗ് ടീമിലെത്തിയത്. ഗ്രൂപ്പ് ഇയില്‍ സ്പെയിന്, ജപ്പാന്, കോസ്റ്റോറിക്ക ടീമുകള്‍ക്കൊപ്പമാണ് ജര്‍മനി. 23ന് ജപ്പാനെതിരെയാണ് ജര്‍മനിയുടെ ആദ്യ മത്സരം.
സ്പെയിൻ റമോസിനെ മാറ്റി അൻസു ഫാറ്റി കളിക്കും

ലോകകപ്പ് ഫുട്ബോളിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ നായകന് സെര്‍ജിയോ റാമോസിനെ തഴഞ്ഞപ്പോള്‍ ബാഴ്സ യുവതാരം അന്‍സു ഫാറ്റി ടീമിലെത്തി. പരിക്കുമൂലം കഴിഞ്ഞ രണ്ട് സീസണിലും ബാഴ്സക്കായി കാര്യാമായ മത്സരങ്ങളിലൊന്നും കളിക്കാന്‍ കഴിയാതിരുന്ന 20കാരനായ ഫാറ്റി ടീമിലെത്തുമോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും യുവതാരത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ കോച്ച് ലൂയിസ് എന്റിക്വെ തയാറായി. അവസാന നിമിഷം വരെ അന്‍സു ഫാറ്റി ടീമിലെത്തുമോ എന്ന് തനിക്ക് ആശങ്കയുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ മികവ് ചോദ്യം ചെയ്യാനാവാത്തതാണെന്നും എന്റിക്വെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, പിഎസ്ജി താരവും സ്പെയിനിനായി 180 മത്സരങ്ങള്‍ കളിച്ച് റെക്കോര്‍ഡിട്ട മുന്‍ നായകനുമായ സെര്‍ജിയോ റാമോസിനെ തഴഞ്ഞത് അപ്രതീക്ഷിതമായി. റാമോസിനെ 26 അംഗ ടീമിലെടുത്തേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. യൂറോ കപ്പിന് 26 അംഗ ടീമിനെ തെരഞ്ഞെടുക്കാമായിരുന്നിട്ടും 24 പെരെ മാത്രം ഉള്‍പ്പെടുത്തിയാണ് എന്റിക്വെ ടീമിനെ തെരഞ്ഞെടുത്തത് എങ്കിലും ഇത്തവണ 26 അംഗ ടീമിനെ തെരഞ്ഞെടുക്കാന്‍ എന്റിക്വെ തയാറായി.
മുന്‍ ബാഴ്സ പരിശീലകനായിരുന്ന എന്റിക്വെ റയല്‍ മാഡ്രിഡ് താരങ്ങളോട് പക്ഷപാതിത്വം കാണിക്കുന്നുവെന്ന് മുമ്പ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇത്തവണ റയലിന്റെ ഡാനി കാര്‍വജാളിനെയും മാര്‍ക്കെ അസെന്‍സിയോയും എന്റിക്വെ ടീമിലെടുത്തു. ദേശീയ ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ എതെങ്കിലും ക്ലബ്ബിന് അമിത പ്രാധാന്യം നല്കുന്ന രീതി തനിക്കില്ലെന്നും ഏത് ക്ലബ്ബില്‍ നിന്ന് എത്ര കളിക്കാര്‍ എന്നോ അവരുടെ പ്രായമോ നോക്കാറില്ലെന്നും എന്റിക്വെ പറഞ്ഞു. സ്പാനിഷ് ലീഗിലെ മുന്‍നിരക്കാരായ ബാഴ്സയില്‍ നിന്ന് ഏഴ് താരങ്ങള്‍ സ്പെയിനിന്റെ 26 അംഗ ടീമിലുള്ളപ്പോള്‍ റയലില്‍ നിന്ന് രണ്ട് താരങ്ങള്‍ മാത്രമാണുള്ളത്.
23ന് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് ഇയില്‍ കോസ്റ്റോറിക്കയാണ് സ്പെയിനിന്റെ ആദ്യ എതിരാളികള്‍. 27ന് ജര്‍മനിയുമായും ഡിസംബര്‍ ഒന്നിന് ജപ്പാനുമായുമാണ് സ്പെയിനിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍.
സാദിയോ മാനേ കളിക്കും, സെനഗൽ ഉറച്ചു തന്നെ

പരിക്കേറ്റ സാദിയോ മാനേയെ ഉള്‍പ്പെടുത്തി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് സെനഗല്‍. ആദ്യ മത്സരമാകുമ്പോഴേക്കും മാനെയുടെ പരിക്ക് ഭേദമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പരിശീലകന് അലിയു സിസെ പറഞ്ഞു. സെനഗല്‍ ടീം ഡോക്ടറെ മാനെയെ പരിശോധിക്കാനായി ജര്‍മ്മനിയിലേക്ക് അയച്ചിരുന്നു. ശസ്ത്രക്രിയ ആവശ്യമില്ലെന്ന റിപ്പോര്‍ട്ടാണ് തനിക്ക് കിട്ടിയതെന്നും സിസെ പറഞ്ഞു.
കഴിഞ്ഞയാഴ്ച ബയേണ്‍ മ്യൂണിക്കിന്റെ മത്സരത്തിനിടെ പരിക്കേറ്റ മാനേക്ക് ,ലോകകപ്പ് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാൽ മാനെ ടീമിന്റെ സുപ്രധാന കണ്ണിയാണെന്നും, അതിനാല്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നുമാണ് പരിശീലകന് പറഞ്ഞത്. ജര്‍മന്‍ ലീഗില്‍ വെര്‍ഡര്‍ ബ്രെമ്മനെതിരായ ബയേണ്‍ മ്യൂണിക്കിന്റെ മത്സരത്തിനിടെയാണ് മാനെക്ക് പരിക്കേറ്റത്. ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫൈനലില്‍ ഈജിപ്തിനെ കീഴടക്കി സെനഗല്‍ ചാമ്പ്യന്മാരായപ്പോള് വിജയഗോള്‍ നേടിയത് 30കാരായ മാനെയായിരുന്നു. ലിവര്‍പൂള്‍ താരമായിരുന്ന മാനെ ഈ സീസണിലാണ് ബയേണ്‍ മ്യൂണിക്കിലെത്തിയത്.


