കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ആര് മത്സരിക്കും എന്ന ചർച്ചകൾ തുടരവേ നിർണ്ണായക നീക്കങ്ങളുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോത്ത്. ഇദ്ദേഹം ബുധനാഴ്ച സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും രാഹുലിനെ കാണാനും ചര്‍ച്ചകള്‍ക്കുമായി ഗെഹലോത്ത് കൊച്ചിയിലേക്ക് തിരിക്കുക. അശോക് ഗെഹലോത്തിൻ്റെയും ശശി തരൂരിന്റെയും പേരുകളാണ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുന്നിട്ടുനില്‍ക്കുന്നത്.
ജി 23 നേതാക്കൾക്ക് ഇടയിൽ നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ശശി തരൂർ വരുന്നതിന് പാർട്ടി പച്ചക്കൊടി കാണിച്ചിട്ടുണ്ട്.
നേരത്തെ ഗെഹലോത്തിനോട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നു എങ്കിലും കടുത്ത നിബന്ധനകൾ ഉയർത്തിയതോടെ തള്ളപ്പെടുകയായിരുന്നു. സംസ്ഥാനത്തെ കോൺഗ്രസ് തലപ്പത്തേക്ക് തൻ്റെ എതിരാളി സച്ചിൻ പൈലറ്റ് വരുമോ എന്ന ആശങ്ക അദ്ദേഹത്തിനുണ്ട്. മുഖ്യമന്ത്രി സ്ഥാനവും കോൺഗ്രസ് അധ്യക്ഷ സ്ഥാനവും ഒന്നിച്ച് വഹിക്കുക എന്ന തീരുമാനത്തിലായിരുന്നു ഉപാധികൾ ഉന്നയിച്ചത്. എന്നാൽ ഇത് അംഗീകരിക്കപ്പെട്ടില്ല.
രാജസ്ഥാനിൽ ഗെഹലോത്ത് ചൊവ്വാഴ്ച കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തന്റെ എതിരാളി സച്ചിന്‍ പൈലറ്റ് സംസ്ഥാനത്തില്ലാത്തപ്പോഴാണ് ഗെഹലോത്ത് എം.എല്‍.എമാരുടെ യോഗം വിളിച്ചു ചേര്‍ത്തത് എന്ന കാര്യം ശ്രദ്ധേയമാണ്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ നിലവില്‍ കൊച്ചിയിലാണ് സച്ചിന്‍ പൈലറ്റ് ഉള്ളത്. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ഗെഹലോത്ത്-പൈലറ്റ് കൊമ്പുകോര്‍ക്കല്‍ ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെയാണ് ശമിച്ചത്.


