എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചതായി എറണാകുളം മാഹാരാജാസ് കോളേജ് മാര്‍ക്ക് ലിസ്റ്റില്‍ വന്നത് ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇത് സാങ്കേകിത പിഴവല്ല. മനപൂർവ്വം പ്രവർത്തിച്ചവരുണ്ട്. സാങ്കേതികപ്പിഴവാണെന്ന കോളേജിന്റെ വിശദീകരണം അദ്ദേഹം തള്ളി.
സാങ്കേതിക പിഴവാണെന്ന വാദം നേരത്തെ ആര്‍ഷോയും തള്ളിയിരുന്നു. പിന്നില്‍ ഗൂഢാലോചന ആരോപിച്ചു.
‘എസ്എഫ്‌ഐയെക്കെതിരായിട്ട് വലിയൊരു ഗൂഢാലോചന നടന്നു. അതുകൊണ്ട് എല്ലാ തലത്തിലുമുള്ള അന്വേഷണം നടത്തണം. സാങ്കേതിക പിഴവാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അതൊന്നുമല്ല ഞാന്‍ വിശ്വസിക്കുന്നത്. പിന്നില്‍ പ്രവര്‍ത്തിച്ച ശക്തി ആരാണെന്ന് കൃത്യമായ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്’ എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.
പരീക്ഷ എഴുതാതെ ആരെങ്കിലും ജയിക്കുമോ. അതൊരു അത്ഭുതകരമായ സംഭവമാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എന്ന നിലയിലുള്ള ഒരു സഖാവിന്റെ നേരെ ഇത്തരം തികച്ചും അസംബന്ധമായ ഒരു ആരോപണം ഉന്നയിച്ച് അത് മുഴുവന്‍ വാര്‍ത്തയാക്കിയതാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തിയാല്‍ ആ വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
വിദ്യയെ തള്ളി, തെറ്റായ നിലപാട് സ്വീകരിച്ച ആരെയും പിന്തുണയ്ക്കില്ല
അതേ സമയം ഗസ്റ്റ് ലക്ചററാകാന്‍ വ്യാജരേഖ ചമച്ച എസ്എഫ്‌ഐ മുന്‍ നേതാവ് കെ.വിദ്യയെ പിന്തുണയ്ക്കാനില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
‘അതെല്ലാം പരിശോധിക്കട്ടെ. അതിനൊന്നും കൂട്ട് നില്‍ക്കേണ്ട കാര്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ല. തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും പിന്തുണയ്ക്കില്ല’ ഗോവിന്ദന്‍ പറഞ്ഞു.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിനൊപ്പം എസ്.എഫ്.ഐ നേതാവ് കെ. വിദ്യ മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതും കൂടി വന്നതോടെ സി.പി.എം പ്രതിരോധത്തിലായിരിന്നു. അട്ടപ്പാടി കോളജിന് പുറമേ കരിന്തളം കോളജിലും കെ. വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം നേടിയെന്നാണ് കണ്ടെത്തൽ. മുൻ എസ്.എഫ്.ഐ നേതാവ് കൂടിയായ വിദ്യക്ക് കാലടി സർവകലാശാലയിൽ പിഎച്ച്.ഡിക്ക് പ്രവേശനം ലഭിക്കാൻ മന്ത്രി പി. രാജീവ് ഇടപെട്ടു എന്നും വാർത്തയുണ്ടായി.


