27-ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ ഒൻപതിന് തുടങ്ങും. തിരുവനന്തപുരത്ത് എട്ടു ദിവസത്തെ മേളയിൽ 15 തിയേറ്ററുകളിലായി 185 സിനിമകളുണ്ടാവും.
നിശ്ശബ്ദതയുടെ സൗന്ദര്യം അവതരിപ്പിക്കുന്നവയും യുദ്ധവും അതിജീവനവും പ്രമേയമാക്കിയവയുമായി വ്യത്യസ്ത ചിത്രങ്ങളാണ് മേളയുടെ മുഖ്യ ആകർഷണം. സെർബിയയിൽ നിന്നുള്ള ആറുചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.
17 വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. എഫ് ഡബ്ലിയൂ മുർണോ, എമിർ കുസ്റ്റുറിക്ക, ബേലാ താർ, അലഹാന്ദ്രോ ഹോഡറോവ്സ്കി, പോൾ ഷ്രെഡർ എന്നിവരുടെ ചിത്രങ്ങൾ അടങ്ങിയ പ്രത്യേക പാക്കേജുകൾ, സൈലന്റ് ഫിലിംസ് വിത്ത് ലൈവ് മ്യൂസിക് എന്നിവയും ഇത്തവണത്തെ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ് , ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ റ്റുഡേ, കൺട്രി ഫോക്കസ്, ഹോമേജ് തുടങ്ങി വിഭാഗങ്ങളിലായാവും ചിത്രങ്ങൾ.
ലോകപ്രസിദ്ധ സംവിധായകരായ ഹോംഗ് സാങ്സു, ബഹ്മാൻ ഗൊബാഡി, ഹിറോഖാസു കൊറീദ, ഇറാനിയൻ സംവിധായകനായ ജാഫർ പനാഹി, കൊറിയൻ സംവിധായകൻ കിം-കി-ഡുക്ക് തുടങ്ങിയവരുടെ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.


