ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖരിലൊരാളെ വധിക്കാന്‍ പദ്ധതിയിട്ട് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഐ.എസ്. ചാവേര്‍ റഷ്യയില്‍ അറസ്റ്റില്‍. മധ്യേഷ്യന്‍ പൗരനാണ് അറസ്റ്റിലായതെന്ന് റഷ്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്.എസ്.ബി.) അറിയിച്ചു. മറ്റു വിവരങ്ങള്‍ പുറത്തുവിട്ടില്ല.
തുര്‍ക്കിയില്‍ കഴിയുമ്പോള്‍ ഇക്കൊല്ലം ഏപ്രിലിനും ജൂണിനുമിടയിലാണ് ഇയാള്‍ ഐ.എസില്‍ ചേര്‍ന്നത്. ടെലിഗ്രാം സന്ദേശങ്ങളും ഐ.എസ്. പ്രതിനിധികളുമായി തുര്‍ക്കി തലസ്ഥാനമായ ഈസ്താംബുളില്‍ നടത്തിയ കൂടിക്കാഴ്ചകളുമാണ് ഇയാളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചതെന്ന് റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസസിന്റെ സെന്റര്‍ ഫോര്‍ പബ്ലിക് റിലേഷന്‍സ് (സി.പി.ആര്.) അറിയിപ്പിൽ പറയുന്നു ചാവേറാക്രമണത്തിനുള്ള പരിശീലനം കഴിഞ്ഞ് റഷ്യവഴി ഇന്ത്യയിലേക്കുവരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
പ്രവാചകവിരുദ്ധപരാമര്‍ശത്തിന്റെപേരില്‍ ഇന്ത്യയുടെ ഭരണരംഗത്തെ ഒരംഗത്തെ വധിക്കാനായിരുന്നു യാത്രയെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി സി.പി.ആര്. പറഞ്ഞു. സി.പി.ആര്. പുറത്തുവിട്ട ചോദ്യംചെയ്യല്‍ വീഡിയോയില്‍ ഇക്കാര്യങ്ങള്‍ ഇയാള്‍ പറയുന്നുണ്ട്.
പ്രവാചകനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയതിന് ബി.ജെ.പി. വക്താവ് നൂപുര്‍ ശര്‍മയെയും പാര്‍ട്ടി ഡല്‍ഹിഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന നവീന്‍ കുമാര്‍ ജിന്‍ഡലിനെയും ജൂണില്‍ പദവിയിൽ നിന്നു മാറ്റിയിരുന്നു


