കാൺപൂരിലെ സംഘർഷ ബാധിത പ്രദേശം സന്ദർശിക്കാനെത്തിയ ഇ.ടി മുഹമ്മദ് ബഷീർ എം.പിയെ പോലീസ് തടഞ്ഞു. ബിജെപി വക്താവ് നൂപുർ ശർമ്മയുടെ മുഹമ്മദ് നബിക്കെതിരായ പരാമർശത്തിന് പിന്നാലെ ഉണ്ടായ സംഘർഷ പ്രദേശത്ത് എത്തിയതായിരുന്നു.
വ്യാഴാഴ്ചയാണ് എംപിയും സംഘവും കാൺപൂർ സന്ദർശനത്തിനെത്തിയത്. പ്രശ്നം നിലനിൽക്കുന്ന സ്ഥലമായത് കൊണ്ട് അകത്തേക്ക് കടത്തി വിടാൻ സാധിക്കില്ലെന്നായിരുന്നു പോലീസ് പറഞ്ഞത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും പ്രദേശത്തേക്ക് കടത്തി വിടാൻ പോലീസ് കൂട്ടാക്കിയില്ലെന്ന് എം പി പറഞ്ഞു.
ജനപ്രതിനിധിയെ പോലും കടത്തിവിടാൻ സാധിക്കാത്ത വിധത്തിൽ പ്രാകൃതമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. സംഭവത്തിൽ സ്പീക്കർക്കുൾപ്പെടെ കത്ത് നൽകിയെന്നും ഇ.ടി മുഹമ്മദ് പറഞ്ഞു.
നിരന്തരം ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സംഘപരിവാർ ഭരണകൂടങ്ങൾ ഇതവസാനിപ്പിച്ചേ മതിയാകൂ. വേട്ടയാടപ്പെടുന്ന മനുഷ്യർക്ക് ആശ്വാസമേകാൻ, അവരെ ഒന്ന് കാണാൻ പോലും അനുവദിക്കാത്ത തരത്തിലേക്ക് ആ ഫാസിസം വളർന്നിരിക്കുന്നു. രാജ്യത്തെ മുഴുവൻ മതേതര വിശ്വാസികളും ഇതിനെതിരെ ശബ്ദിക്കണം. തിരിച്ച് ഡൽഹിയിൽ എത്തിയ ശേഷം എം.പി ഫെയ്സ്ബുക്കിൽ കുറിച്ചു.
മേഖലയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായി. ഒരു വിഭാഗത്തിനെതിരെ മാത്രം കൂടുതൽ കേസുകളെടുത്തു. അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ തുടങ്ങി. ഈ വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിക്കാനെത്തിയത്.