ഇ പി ജയരാജൻ്റെ പേരിൽ വിവാദത്തിലായ വൈദേകം റിസോർട്ടിൽ ആദായ നികുതി പരിശോധന

വൈദേകം റിസോർട്ടിൽ പരിശോധന ആദയ നികുതി വകുപ്പ് പരിശോധന. ഇ പി ജയരാജൻ്റെ  ഭാര്യ ഇന്ദിര ചെയർ പേഴ്സണായിരുന്ന റിസോർട്ട് ആണ് വൈദേകം. മകൻ ഡയറക്ടറും. റിസോർട്ടിനെതിരെ എൻഫോഴ്സ്മെന്റ് വിഭാഗവും അന്വേഷണം തുടങ്ങി.  

ഇ പി ജയരാജന്റെ മകൻ ഡയറക്ടർ ആയ ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്. ഒന്നര കോടി രൂപ നിക്ഷേപിച്ചവർ വരെ ഈ പട്ടികയിലുണ്ട്. ഈ റിസോർട്ടിൻ്റെ പേരിലാണ് സി പി എമ്മിൽ ഇ പിക്ക് എതിരെ അനധികൃത സ്വത്ത് സമ്പാദന പരാതി ഉയർന്നത്.

വിജിലൻസ് ആവശ്യം സർക്കാർ പരിഗണനയിൽ തന്നെ

ഇപി ജയരാജന്റെ കുടുംബം ഉൾപ്പെട്ട വൈദേകം റിസോർട്ടിനെതിരായ പരാതിയിൽ അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ് നേരത്തേ കത്ത് നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് അനുമതി തേടിയത്. കുടുംബത്തിന് പങ്കാളിത്തമുള്ള റിസോർട്ടിനായി  മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇപി ജയരാജൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും, അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും ഉൾപ്പെടെയാണ് പരാതിയിലെ പ്രധാന ആരോപണം.

വൈദേകം സ്ഥിതി ചെയ്യുന്നത് കൺവൻഷൻ സെൻ്ററിന് അനുമതി ലഭിക്കാതെ വ്യവസായി ആത്മഹത്യ ചെയ്ത ആന്തൂർ നഗരസഭയിൽ

നിയമം ലംഘിച്ചിച്ചുള്ള അനുമതികൾ നൽകാനായി ആന്തൂർ നഗരസഭ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ടായിരുന്നു.  ഇക്കാര്യത്തിലാണ്  അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്റെ അനുമതി തേടിയത്. സർക്കാർ ഇതിൽ തീരുമാനമെടുത്തിരുന്നില്ല.

കണ്ണൂരിൽ സി പി എം ശക്തികേന്ദ്രമായ മോറാഴയ്ക്കടുത്ത് വെള്ളിക്കീലിലാണ് വൈദേകം ആയുർവേദ വില്ലേജ്. കുന്നിടിച്ചുള്ള നിർമ്മാണ സമയത്ത് തന്നെ  പാർട്ടിക്കുള്ളിൽ വൻ വിമർശനം ഉയർന്നിരുന്നു. ഇ പി യുടെ മകനുൾപെടെ ഡയറക്ടർ ബോർഡിലുണ്ടെങ്കിലും തനിക്ക് ഈ റിസോർട്ടുമായി ബന്ധമില്ലെന്നാണ് ഇ പി പറയുന്നത്. 

2014ൽ ഇപി ജയരാജന്റെ മകൻ പികെ ജെയ്സണും തലശ്ശേരിയിലെ വ്യവസായി  കെപി രമേശ് കുമാറും ഡറക്ടർമാരായാണ്  വൈദേകം ആയുർവേദ ഹീലിങ് വില്ലേജ് എന്ന സംരഭം ആരംഭിക്കുന്നത്. ദേശീയ പാതയിൽ നിന്നും ആറ് കിലോമീറ്റർ മാറി മോറാഴ വെള്ളിക്കീഴലെ ഉടുപ്പ കുന്ന് ഇടിച്ചു നിരത്തിയുള്ള നിർമ്മാണം തുടങ്ങിയത് 2017ലാണ്. 

കുന്നിടിച്ചുള്ള നിർമ്മാണത്തിനെതിരെ തുടക്കത്തിൽ പ്രാദേശികമായി സിപിഎമ്മും ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തുവന്നു. പക്ഷെ സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭയിൽ നിർമ്മാണത്തിനുള്ള അനുമതി കിട്ടി. 30 കോടിയാണ് നിക്ഷേപം.  ഇപിയുടെ ഭാര്യ ഇന്ദിരയും 2021 ഒക്ടോബർറിൽ വൈദേകം ഡയറക്ടർ ബോർഡ് അംഗമായെങ്കിലും ഇപ്പോൾ റിസോർട്ടിന്റെ വെബ്സൈറ്റിൽ അവരുടെ പേരില്ല.

പാർട്ടിയിലും കലഹം

റിസോര്‍ട്ട് നടത്തിപ്പിനെതിരെ മറ്റൊരു സി.പി.എം നേതാവായ പി ജയരാജന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. കള്ളപ്പണ ഇടപാടും തുടര്‍ന്നുണ്ടായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വൈദേകം റിസോര്‍ട്ടിനെതിരെ ഇ.ഡി കേസെടുത്തിരുന്നു. ആദായനികുതി വകുപ്പിന്‍റെ കൊച്ചി യുണിറ്റാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

വൈദേകം റിസോര്‍ട്ടിനെച്ചൊല്ലി സി.പി.എം സംസ്ഥാന സമിതിയിലിടക്കം നേരത്തെ തര്‍ക്കങ്ങള്‍ അരങ്ങേറിയിരുന്നു. റിസോർട്ട് വിവാദത്തില്‍ സി.പി.എം നേതാക്കളായ ഇ.പി ജയരാജനും പി. ജയരാജനും സംസ്ഥാന കമ്മിറ്റിയില്‍ പരസ്പരം ഏറ്റുമുട്ടിയത് അന്ന് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും വ്യക്തിഹത്യക്ക് ശ്രമം നടന്നെന്നുമാണ് അന്ന് ഇ.പി ജയരാജൻ ആരോപിച്ചത്. എന്നാല്‍ സാമ്പത്തിക ആരോപണം നടത്തിയില്ലെന്നും മറ്റൊരാള്‍ എഴുതിത്തന്നത് പാർട്ടിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പി ജയരാജന്‍റെ മറുപടി.

 ഭാര്യക്ക് റിട്ടയർമെന്റായി കിട്ടിയ തുകയാണതെന്നും ഇത് അനധികൃതമല്ലെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് ഇ.പി വിശദീകരണം നൽകിയിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...