ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റതിനു ശേഷം ഇതുവരെ 186 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നതായി റിപ്പോർട്ട്. 2017 മുതലുള്ള പൊലീസ് എൻകൗണ്ടറുകളുടെ കണക്കുകൾ ദി ഇന്ത്യൻ എക്സ്പ്രസ്സാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓരോ പതിനഞ്ച് ദിവസത്തിലും ഒരാളെങ്കിലും പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.’അപരാധ മുക്ത് ഉത്തർപ്രദേശ്’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് പൊലീസ് രാജ് നിയന്ത്രിക്കുന്നത്
186 പേരെയാണ് നീതിന്യായ സംവിധാനത്തിനു കീഴിൽ കൊണ്ടുവരാതെ പൊലീസ് ഏറ്റുമുട്ടലുകളിലൂടെ കൊല ചെയ്തത്. 5,000ത്തിലധികം പേരുടെ കാലുകളിൽ വെടിവെച്ച് വീഴ്ത്തി. ഏറ്റുമുട്ടലുകളിൽ 16 പൊലീസ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമായി. 1,443 പൊലീസുകാർക്ക് പരുക്കേറ്റു. 2017നു ശേഷം യുപിയിലെ സ്ഥിതി ഇതാണെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.2018ലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നത്.
41 പേർ ആ വർഷം കൊല ചെയ്യപ്പെട്ടു. ഓരോ പതിനഞ്ച് ദിവസത്തിനിടയിലും 30 പേർക്കെങ്കിലും പൊലീസിൽ നിന്ന് വെടിയേൽക്കുന്നുണ്ട്. കൊല്ലപ്പെട്ട 186 പേരിൽ 96 പേർ കൊലപാതകക്കുറ്റത്തിന് നിയമനടപടികൾ നേരിടുന്നവരാണ്. ഇവരിൽ രണ്ടുപേര് ബലാൽസംഗം, കൂട്ടബലാൽസംഗം, പോക്സോ തുടങ്ങിയ കേസുകളും നേരിടുന്നുണ്ട്. ഏറ്റുമുട്ടൽ സംഭവങ്ങളിൽ മരണം നടന്നിട്ടുണ്ടെങ്കിൽ മജിസ്ട്രേറ്റ് അന്വേഷണം നിർബന്ധമാണ്. 161 കേസുകളിൽ മജിസ്ട്രേറ്റ് അന്വേഷണം പൂർത്തിയായിട്ടുണ്ട്.
ഇതിലൊന്നുംതന്നെ പൊലീസിനെതിരായ പരാമർശം ഒ!രിക്കൽപ്പോലും വന്നിട്ടില്ല. ഒരു കേസിൽപ്പോലും അന്വേഷകർക്ക് സംശയങ്ങളൊന്നുമുണ്ടായിട്ടില്ല. 186 ഏറ്റുമുട്ടൽ കൊലപാതകക്കേസുകളിൽ 156 എണ്ണത്തിലും പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയുണ്ടായതായും ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനോ കൊടും കുറ്റവാളികളെ ഒതുക്കുന്നതിനോ വേണ്ടിയുള്ള ഞങ്ങളുടെ തന്ത്രത്തിന്റെ ഭാഗമല്ല പൊലീസ് ഏറ്റുമുട്ടലുകളെന്നാണ് ഈ കണ്ടെത്തലുകളെക്കുറിച്ച് ചോദിച്ചപ്പോൾ യുപി പൊലീസിലെ ക്രൈം ആൻഡ് ലോ ആൻഡ് ഓർഡർ സ്പെഷ്യൽ ഡിജി പ്രശാന്ത് കുമാർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്.
ഏറ്റുമുട്ടൽ മരണങ്ങളിൽ ഭൂരിഭാഗവും ഫലപ്രദമായും ചോദ്യം ചെയ്യപ്പെടാതെയും വെല്ലുവിളികളില്ലാതെയും നടക്കുന്നതായി രേഖകൾ കാണിക്കുന്നു. പൊലീസ് ഏറ്റുമുട്ടലിനെ തുടർന്നുണ്ടാകുന്ന മരണങ്ങളിൽ മജിസ്ട്രേറ്റ് തല അന്വേഷണം നിർബന്ധമാണ്. എന്നാൽ, 161 കേസുകൾ ആരുടെയും എതിർപ്പുകളില്ലാതെ തീർപ്പാക്കിയതായി രേഖകൾ കാണിക്കുന്നു.
ഒരു മജിസ്ട്രേറ്റ് അന്വേഷണത്തിൽ, ഏറ്റുമുട്ടലിൽ ഏർപ്പെട്ട പൊലീസുകാരുടെയും മൊഴി നൽകാൻ ആഗ്രഹിക്കുന്ന മറ്റ് ആളുകളുടെയും മൊഴി രേഖപ്പെടുത്തുകയും കണ്ടെത്തലുകളുടെ റിപ്പോർട്ട് മജിസ്ട്രേറ്റിനു മുന്നിൽ സമർപ്പിക്കുകയും വേണം. എന്നാൽ, ഈ 161 കേസുകളിൽ ഒന്നിന്റെയും (25 ഇപ്പോഴും കെട്ടിക്കിടക്കുന്നു), മജിസ്ട്രേറ്റ് അന്വേഷണ റിപ്പോർട്ടിൽ പ്രതികൂലമായ അഭിപ്രായങ്ങളൊന്നും പരാമർശിച്ചിട്ടില്ല.
പൊലീസ് കൊലപ്പെടുത്തിയ കുറ്റവാളി (കൾ)ക്കെതിരെ കേസ് ഫയൽ ചെയ്യുന്നതും കോടതിയിൽ ഒരു ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുന്നതുമാണ് ഓരോ ഏറ്റുമുട്ടലിനുശേഷമുള്ള മറ്റൊരു നടപടിക്രമം. 186 ഏറ്റുമുട്ടലുകളിൽ 156 എണ്ണത്തിലും പൊലീസ് ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. ഇതുവരെ 141 കേസുകളിൽ ഇവ അതാത് കോടതികൾ സ്വീകരിച്ചു; 15 എണ്ണം കെട്ടിക്കിടക്കുന്നു. ബാക്കിയുള്ള 30 കേസുകളിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
മീററ്റ് സോണിനു കീഴിലുള്ള ജില്ലകളിൽവച്ചാണ് ഇവരിൽ മൂന്നിലൊന്ന് അല്ലെങ്കിൽ 65 കുറ്റവാളികൾ പൊലീസിനാൽ വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് ഏറ്റുമുട്ടൽ ഡാറ്റകളുടെ സൂക്ഷ്മപരിശോധന കാണിക്കുന്നു. വാരണാസിയിൽവച്ച് 20 പേരും ആഗ്രയിൽവച്ച് 14 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. 2017 മാർച്ചിനും 2023 ഏപ്രിലിനും ഇടയിൽ ഏറ്റുമുട്ടലിൽ 5,046 കുറ്റവാളികളുടെ കാലുകളിൽ വെടിയേറ്റിട്ടുണ്ടെന്നാണ് ‘ഓപ്പറേഷൻ ലാങ്ഡ’യുടെ (കുറ്റവാളിയുടെ കാലിൽ വെടിവച്ച് പരിക്കേൽപ്പിക്കുക) രേഖകൾ കാണിക്കുന്നത്. ഇതിലും മീററ്റ് സോൺ പട്ടികയിൽ ഒന്നാമതെത്തി, 1,752 പ്രതികൾക്കാണ് പൊലീസ് വെടിവയ്പിൽ പരുക്കേറ്റത്.
എന്തുകൊണ്ടാണ് മീററ്റ് ഈ ലിസ്റ്റുകളിൽ ആധിപത്യം സ്ഥാപിച്ചതെന്ന് ചോദിച്ചപ്പോൾ, പടിഞ്ഞാറൻ യുപി പരമ്പരാഗതമായി കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലമാണെന്നാണ് യുപി പൊലീസിലെ ക്രൈം ആൻഡ് ലോ ആൻഡ് ഓർഡർ സ്പെഷ്യൽ ഡിജി പ്രശാന്ത് കുമാർ ദി ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ പറഞ്ഞത്.


