Sunday, February 22, 2026

ഉദ്ധവ് താക്കറെ രാജിവെച്ചു; നാടകങ്ങൾ ജയിച്ച് ബി ജെ പി അധികാരത്തിലേക്ക്

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജിയോടെ പരിസമാപ്തി. ഭരണം അട്ടിമറിക്കാനുള്ള ബി ജെ പി തന്ത്രം വിജയിച്ചു. വ്യാഴാഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെയാണ് താക്കറെ രാജിവെച്ചത്. വ്യാഴാഴ്ചത്തെ വിശ്വാസവോട്ടെടുപ്പ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഉദ്ധവിന്റെ രാജി പ്രഖ്യാപനം. കോടതിവിധി മാനിക്കുന്നുവെന്നും തങ്ങള്‍ ജനാധിപത്യം പിന്തുടരുമെന്നും താക്കറെ പറഞ്ഞു.

തനിക്ക് പിന്തുണ നല്‍കിയതില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ക്കും മറ്റു സംസ്ഥാന നേതാക്കള്‍ക്കും തന്നെ പിന്തുണച്ച സേനാ എംഎല്‍എമാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

ബി ടീമിന് ഇടം നൽകാതെ ബി ജെ പി രാഷ്ട്രീയം

ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഭൂരിപക്ഷം എംഎല്‍എമാരും വിമതനീക്കം നടത്തിയതോടെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെ വീണത്. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേനയുടെ നേതൃത്വത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാവികാസ് അഘാഡി സര്‍ക്കാരിന് രൂപം കൊടുത്തത്. രണ്ടര വര്‍ഷത്തോളം നീണ്ട ഭരണത്തിനൊടുവിലാണ് സഖ്യസര്‍ക്കാര്‍ രാജിവെച്ചത്.

എംഎല്‍എസി തിരഞ്ഞെടുപ്പിന് പിന്നാലെ കഴിഞ്ഞ ആഴ്ചയാണ് ഒരു വിഭാഗം ശിവസേന എംഎല്‍എമാരുമായി ഷിന്ദേ ബി ജെ പി പിന്തുണയോടെ ഗുജറാത്തിലെ സൂറത്തിലേക്ക് കടന്നത്. തുടര്‍ന്ന് അവിടെ നിന്ന് ഗുവാഹാട്ടിയിലേക്ക് കടന്ന് എംഎല്‍എമാരുമായി ആഡംബര ഹോട്ടലില്‍ തമ്പടിച്ചിരുന്നു. വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ വിമതര്‍ ഇന്ന് വൈകീട്ടോടെ ഗോവയിലേക്ക് തിരിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച മുംബൈയിലേക്ക് തിരിക്കാനായിരുന്നു പദ്ധതി.

സുപ്രീംകോടതി വിധിക്ക് തൊട്ടുമുമ്പായി മന്ത്രിസഭായോഗം വിളിച്ച് ഉദ്ധവ് നിര്‍ണായ തീരുമാനങ്ങളെടുത്തിരുന്നു. മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റുന്നതിന് അംഗീകാരം നല്‍കി. ഔറഗാംബാദിന്റെ പേര് സംഭാജിനഗര്‍ എന്നും ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് പേര് മാറ്റിയത്. നവി മുംബൈയിലെ പുതിയ വിമാനത്താവളത്തിന് ഡി.ബി. പാട്ടീലിന്റെ പേര് നല്‍കാനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

കണക്കു കൂട്ടലുകൾ പിഴച്ച് ശിവസേന

ആകെയുള്ള 288 അംഗനിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് ഭീഷണിയുണ്ടാവില്ലെന്ന് വിശ്വസിച്ചിരുന്ന ശിവസേനാ നേതാക്കളുടെ പോലും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടായിരുന്നു ഏക്നാഥ് ഷിന്ദേയുടെ ചരടുവലികള്‍. ഒടുവില്‍ ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് തന്നെ ട്വിറ്ററിലൂടെ മന്ത്രിസഭയുടെ രാജിക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടും പലത തവണ ഉദ്ധവ് രാജിക്കൊരുങ്ങിയിട്ടും പിടിച്ച് നില്‍ക്കുമെന്ന് തോന്നിയിടത്ത് നിന്നാണ് പതനത്തിലേക്ക് അഘാഡി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

ഹിന്ദുത്വ അജണ്ട പ്രതിജ്ഞ ചെയ്തിട്ടും പിന്നിൽ നിന്നും കുത്തി

ശിവസേന ഹിന്ദുത്വ അജണ്ടയിലേക്ക് തിരിച്ചുപോവുക, കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം ഉപേക്ഷിക്കുക, ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുക. ഇത്രയും നിബന്ധനകള്‍ ഏക്‌നാഥ് ഷിന്ദേയും വിമതരും മുന്നോട്ട് വെച്ചപ്പോള്‍ അതെല്ലാം അംഗീകരിക്കാന്‍ തയ്യാറായിരുന്നു ഉദ്ധവ് താക്കറെ. പക്ഷ ഒറ്റ നിബന്ധന, വിമതരെയും കൂട്ടി മുംബൈയില്‍ തിരിച്ചെത്തണം. പക്ഷെ ഇത് നിരസിച്ച ഷിന്ദേയ്ക്കും കൂട്ടര്‍ക്കുമെതിരെ അയോഗ്യതയെന്ന അവസാന വടിയും ഉദ്ധവ് താക്കറേയും ശിവസേനയുമെടുത്തപ്പോഴും പ്രതീക്ഷയിലായിരുന്നു അഘാഡി സഖ്യം. ജൂലായ് 12 വരെ അയോഗ്യതയില്‍ മറുപടി നല്‍കാന്‍ സുപ്രീംകോടതി വിമതര്‍ക്ക് സമയം അനുവദിച്ചതിനാല്‍ അതുവരെ പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ഉദ്ധവും സംഘവും. പക്ഷെ, വ്യാഴാഴ്ച വിശ്വാസം തെളിയിക്കണമെന്ന ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ നിലപാടാണ് അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ഇതിനെതിരെ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും രക്ഷയില്ലാതായി. അവസാനം രാജിയിലുമെത്തി.

ഉദ്ധവ് താക്കറെയുമായി നല്ല ബന്ധമായിരുന്നുവെങ്കിലും ഉദ്ധവിന്റെ മകനും കാബിനറ്റ് മന്ത്രിയുമായ ആദിത്യ താക്കറെയുടെ ഇടപെടലാണ് ഏകനാഥ് ഷിന്ദേയെ ചൊടിപ്പിച്ചത്. മകന്‍ വന്നപ്പോള്‍ തന്നെ തഴയുന്നുവെന്ന ഏക്‌നാഥ് ഷിന്ദേയുടെ പരാതിക്ക് പരിഹാരം കാണാന്‍ ഉദ്ധവിനായില്ല. ഒപ്പം സഞ്ജയ് റാവുത്തിനോടുള്ള വിരോധവും കടുംകൈയ്ക്ക് പ്രേരിപ്പിച്ചു. ഇതെല്ലാം നിരീക്ഷിച്ച് അവസരം കാത്തിരുന്ന ബി.ജെ.പി. ദേവേന്ദ്ര ഫട്നാവിസിലൂടെ ഷിന്ദേയെ ഒപ്പം ചേര്‍ക്കുകയും ചെയ്തു.

ശിവസേനാ മന്ത്രിസഭയില്‍ മന്ത്രിയായിട്ടുപോലും ഷിന്ദേ നിരാശനായിരുന്നു. തന്റെ വകുപ്പില്‍ പോലും ശിവസേനാ നേതാവ് സഞ്ജയ് റാവുത്തും ആദിത്യ താക്കറെയും ഇടപെടുന്നുവെന്ന പരാതിയായിരുന്നു ഷിന്ദേയ്ക്കുണ്ടായത്. മാത്രമല്ല, ആദിത്യ താക്കറെയ്ക്ക് കാബിനറ്റ് പദവി കൊടുത്തപ്പോള്‍ പോലും ഷിന്ദേയ്ക്ക് വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കിയിരുന്നില്ല. ഇതിലെല്ലാം നിരാശനായിരുന്ന ഷിന്ദേയാണ് ഒരു സുപ്രഭാതത്തില്‍ എം.എല്‍.എമാരെ ചാക്കിലാക്കി റിസോര്‍ട്ടിലേക്ക് പറന്നത്.

2019-ല്‍ ശിവസേന- എന്‍.സി.പി. സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്ന സമയത്ത് മുഖ്യമന്ത്രിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് ഏക്‌നാഥ് ഷിന്ദേ. പക്ഷെ, പാര്‍ട്ടി നേതാവ് സഞ്ജയ് റാവുത്തും സുഭാഷ് ദേശായി അടക്കമുള്ള നേതാക്കളും ഇടപെട്ട് ഉദ്ധവ് താക്കറെയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു. അന്ന് ശിവസേന, എന്‍സിപി എം.എല്‍.എമാരെ സംരക്ഷിക്കേണ്ട ചുമതല ഏക്‌നാഥ് ഷിന്ദേയ്ക്കായിരുന്നു പാര്‍ട്ടി നല്‍കിയത്. അതനുസരിച്ച് എം.എല്‍.എമാരെ മുംബൈയിലെ വിവിധ റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചതും ഷിന്ദേ ആയിരുന്നു. അതേ ഷിന്ദേയെക്കൊണ്ടു തന്നെ ഇത്തവണ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ മറിച്ചിടാനുള്ള എം.എല്‍.എമാരെ റിസോര്‍ട്ടില്‍ താമസിപ്പിച്ചുവെന്നതും ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമരയുടെ തന്ത്രമാണ്.

അധികാരമുണ്ടെങ്കിലും എല്ലാത്തിന്റേയും അവസാനവാക്ക് സഞ്ജയ് റാവുത്താണെന്ന പരാതിയാണ് ഷിന്ദേയ്ക്കുള്ളത്. സഖ്യസര്‍ക്കാരായിട്ടും എന്‍.സി.പി. എം.എല്‍.എമാരോ ശരദ് പവാറോ സഹകരിക്കുന്നില്ലെന്നും ഷിന്ദേ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി. നേതാവും മഹാരാഷ്ട്ര പ്രതിപക്ഷനേതാവുമായ ദേവേന്ദ്ര ഫട്‌നാവിസുമായി ഷിന്ദേയ്ക്കുള്ള അടുത്ത ബന്ധവും എം.എല്‍.എമാരെ ചാക്കിലാക്കാന്‍ ബി.ജെ.പിക്ക് എളുപ്പമായി എന്നാണ് കരുതുന്നത്.

288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ ശിവസേനയ്ക്ക് 56 പേരുണ്ട്. ഒരാള്‍ മരിച്ചതോടെ ഇത് 55 ആയി. എന്‍.സി.പിക്ക് 52 ഉം കോണ്‍ഗ്രസിന് 44 ഉം എം.എല്‍.എമാരുണ്ട്. എന്‍.സി.പിയുടെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ ജയിലില്‍ കഴിയുന്നതിനാല്‍ നിയമസഭയില്‍ നിലവില്‍ 285 അംഗങ്ങളാണുള്ളത്. അങ്ങനെ കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണയായിരുന്നു വേണ്ടത്. ആദ്യം ഷിന്ദേയോടൊപ്പം 22 പേരാണുള്ളതെന്ന വിവരം വന്നപ്പോള്‍ പോലും മന്ത്രിസഭയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ശിവസേന. അവര്‍ രാജിവെച്ചാല്‍ പോലും 132 അംഗങ്ങളുടെ പിന്തുണ മാത്രമായിരുന്നു കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. എന്നാല്‍, തന്നോടൊപ്പം 46 പേരുണ്ടെന്ന് ഏക്നാഥ് ഷിന്ദേ വ്യക്തമാക്കിയതോടെയാണ് അവരുടെ പ്രതീക്ഷ തെറ്റിയത്. ഷിന്ദേയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...